ഇന്നത്തെ ഡിജിറ്റൽ ലോകത്തിൽ മൊബൈൽ ഫോൺ ഉപയോഗം ഒരു അനിവാര്യതയായിരിക്കുമ്പോഴും, അതിന്റെ അതിരുവിട്ട ഉപയോഗം മനുഷ്യരുടെ മാനസികാരോഗ്യത്തെയും ചിന്താശേഷിയെയും ഗൗരവമായി ബാധിക്കുന്നതായി പുതിയ പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച് ‘എൻഡ്‌ലസ് സ്ക്രോളിങ്’ എന്ന ശീലം. ഫോണിൽ അറ്റമില്ലാതെ സ്ക്രോൾ ചെയ്ത് സമയം നഷ്ടപ്പെടുത്തുന്ന അവസ്ഥ. ശ്രദ്ധ, സ്വയംനിയന്ത്രണം, തീരുമാനക്ഷമത എന്നിവയെ ശാന്തമായി ദുർബലപ്പെടുത്തുന്ന ‘സ്വഭാവ’മാണിതെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ രൂപകൽപനതന്നെ ഉപയോക്താക്കളെ കൂടുതൽ സമയം സ്ക്രീനിൽ പിടിച്ചിരിപ്പിക്കാൻ ലക്ഷ്യമിട്ടതാണ്. ‘ലൈക്കുകൾ’, ‘റീലുകൾ’, ‘ഇൻഫിനിറ്റ് സ്ക്രോൾ’ തുടങ്ങിയ ഫീച്ചറുകൾ മസ്തിഷ്‌കത്തിലെ ഡോപ്പമിൻ റിവാർഡ് സിസ്റ്റത്തെ ഉത്തേജിപ്പിക്കുകയും, ആവർത്തിച്ചുള്ള ഉപയോഗത്തിലേക്ക് ആളുകളെ നയിക്കുകയും ചെയ്യുന്നു. ഇതിലൂടെ ചെറിയ സന്തോഷാനുഭവങ്ങൾ ആവർത്തിച്ച് ലഭിക്കുന്നതിനാൽ ഉപയോക്താക്കൾക്ക് ഈ ശീലത്തിൽ നിന്ന് വിടുതൽ നേടാൻ പ്രയാസമാകുന്നു.
എന്നാൽ, ഇതിന്റെ ദീർഘകാല ഫലങ്ങൾ ഗുരുതരമാണ്. പഠനങ്ങൾ സൂചിപ്പിക്കുന്നത്, തുടർച്ചയായ സ്‌ക്രോളിങ് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശേഷിയെ പ്രതികൂലമായി ബാധിക്കുകയും, അടിസ്ഥാന തർക്ക-ചിന്താശേഷിയും സ്വയംനിയന്ത്രണവും ക്ഷയിപ്പിക്കുകയും ചെയ്യുന്നു എന്നതാണ്. പ്രത്യേകിച്ച് തീരുമാനം എടുക്കൽ, ശ്രദ്ധ നിലനിർത്തൽ, ആത്മനിയന്ത്രണം എന്നിവ നിയന്ത്രിക്കുന്ന മസ്തിഷ്‌കത്തിലെ ‘ഫ്രാന്റല ലോബ്’ എന്ന ഭാഗം ഈ ശീലത്തിന്റെ ആഘാതത്തിൽ ദുർബലമാകുന്നു. ഇത് യുവാക്കളിൽ മാത്രം പരിമിതമായ പ്രശ്നമല്ല. എല്ലാ പ്രായക്കാരെയും ബാധിക്കുന്ന ഒരു സാമൂഹിക പ്രശ്നമായി ഇത് മാറിക്കൊണ്ടിരിക്കുകയാണ്. മണിക്കൂറുകളോളം സ്ക്രീനിൽ ചെലവഴിക്കുന്നത് ഉറക്കക്കുറവ്, മാനസിക സമ്മർദം എന്നിവക്കും കാരണമാകുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
ഇതിനർഥം, മൊബൈൽ ഫോൺ ഉപയോഗം പൂര്‍ണമായും ഒഴിവാക്കണം എന്നല്ല. നിയന്ത്രണമില്ലാത്ത സ്‌ക്രോളിങ് ശീലമായി മാറ്റാതെ ശ്രദ്ധിക്കണം എന്നു മാത്രമാണ്. സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിൽ സംയമനവും, ഇടവേളകളുമാണ് ആരോഗ്യകരമായ ഡിജിറ്റൽ ജീവിതത്തിനുള്ള ഏക മാർഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.