ഡോ. കമ്മാപ്പ

നുഷ്യപ്പിറവിയെന്ന മഹാത്ഭുതത്തിന് ആദ്യം സാക്ഷിയായവർ ആദമും ഹവ്വയുമെന്ന് വേദഗ്രന്ഥങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. കാലപ്രവാഹത്തിൽ പിന്നെയും എത്രയോ പരസഹസ്രം പിറവികളുണ്ടായി. ഗർഭപാത്രത്തിന്റെ ഇരുട്ടിൽനിന്ന് കണ്ണുകൾ ഇറു​ക്കിച്ചിമ്മി ഭൂമിയുടെ വെളിച്ചത്തിലേക്ക് കടന്നുവരുന്ന കുഞ്ഞു ജീവൻ. അവരുടെ ആദ്യ കരച്ചിൽ. അത് കേൾക്കുമ്പോഴും കുഞ്ഞുടൽ ആദ്യമായി തൊടുമ്പോഴും കടുത്ത വേദനകൾ മറന്ന് അമ്മയുടെ കണ്ണുകളിൽ ആനന്ദാശ്രു പൊടിയുന്നു. മനോഹരമായ ആ ദൃശ്യത്തിന് സാക്ഷിയാവുന്നവർക്കറിയാം അതിന്റെ ദൈവികത. ഗർഭഗൃഹത്തിന്റെ വാതിൽ തള്ളിത്തുറന്ന് പുറത്തേക്ക് വരു​ന്ന നിമിഷത്തിൽ ചോരയിൽ പുതഞ്ഞ കുഞ്ഞു പഞ്ഞിക്കെട്ട് കൈകളിലെടുത്ത് അവരുടെ കരച്ചിൽ അമ്മയെ കേൾപ്പിക്കുന്ന മനോഹര നിമിഷം ഏറ്റവും മികച്ച കലാമുഹൂർത്തങ്ങളിലൊന്നാണ്.

കമ്മാപ്പ എന്ന മനുഷ്യൻ ഈ ദൃശ്യം കാണാൻ തുടങ്ങിയിട്ട് നാലു പതിറ്റാണ്ടാവുന്നു. ദൈവസ്പർശമുള്ള ആ ​കൈകൾ പിറവിയുടെ ചൂടറിഞ്ഞത് ഒന്നും രണ്ടും തവണയല്ല. ഒരു ലക്ഷത്തിലധികം കുഞ്ഞുങ്ങളെ ആദ്യമായി കൈകളിലേറ്റുവാങ്ങിയ അപൂർവം മനുഷ്യരിലൊരാൾ കൂടിയാണ് മണ്ണാർക്കാട്ടുകാരുടെ സ്വന്തം കമ്മാപ്പ​ ഡോക്ടർ. രേഖപ്പെടുത്തിയ പ്രസവങ്ങൾ തന്നെ ലക്ഷം തൊടുന്നു. എം.ബി.ബി.എസ് കാലം മുതൽ എവിടെയും കണക്കില്ലാത്തതുകൂടി കൂട്ടിയാൽ ഒരു ലക്ഷത്തിൽപരം വരുമത്.

മലബാറിൽ അറിയപ്പെടുന്ന കല്ലടി തറവാട്ടിൽ ഖാൻ ബഹദൂർ ഖാൻ സാഹിബ് മൊയ്തുട്ടി സാഹിബിന്റെ ഇളയ മകൻ അസൈനാറിന്റെയും ഖദീജക്കുട്ടിയുടെയും ഏഴു മക്കളിൽ നാലാമനായി പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ജനിച്ച കമ്മാപ്പ പേരിലെ വ്യതിരിക്തതപോലെ തന്നെ ജീവിതത്തിലും വേറിട്ട വഴികളിലൂടെ നടന്നയാളാണ്. ആ യാത്രയുടെ തുടക്കം ഇങ്ങനെയാണ്.

ഡോ. കമ്മാപ്പ ആശുപത്രിയിലെ നഴ്​സുമാർക്കൊപ്പം

 

പത്താം ക്ലാസിലെ റാങ്കുകാരൻ​

1973ൽ 459 മാർക്കോടെയാണ് കമ്മാപ്പ പത്താം ക്ലാസ് എന്ന കടമ്പ കടക്കുന്നത്. മണ്ണാർക്കാട് പോലൊരു പ്രദേശത്തുനിന്ന് അക്കാലത്ത് പത്ത് കടന്നവർ അധികമുണ്ടാവില്ല. സംസ്ഥാനതലത്തിൽ 11ാം റാങ്കുകാരനായിരുന്നു എന്നറിയുന്നത് റിസൽട്ട് വന്ന് പിന്നെയും നാളുകൾ കഴിഞ്ഞാണ്. 1,250 രൂപ സ്കോളർഷിപ്പോടെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ പ്രീഡിഗ്രി പഠനം. സംവിധായകൻ കമൽ, മുൻ ഡി.ജി.പി ടി.പി. സെൻകുമാർ തുടങ്ങിയവർ സഹപാഠികളാണ്. അന്ന് ഒപ്പം ബെഞ്ചിലിരുന്ന അഞ്ചു പേരിൽ കമൽ എന്ന കമാലുദ്ദീൻ ഒഴികെ നാലുപേരും പ്രമുഖ ഡോക്ടർമാരായി. കോഴിക്കോട് മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയത് 1980ൽ. 560 സീറ്റാണ് ആകെക്കൂടി കേരളത്തിൽ അന്നുള്ളത്. പഠിച്ചിറങ്ങിയ ഉടൻ തൃശൂർ മെഡിക്കൽ കോളജിൽ അധ്യാപകന്റെ വേഷമണിഞ്ഞു. ’84 വരെ അത് തുടർന്നു. പിന്നീട് പി.ജിക്ക് ചേർന്നു. 1986ൽ പാലക്കാട് ജില്ല ആശുപത്രിയിൽ​ ഡോക്ടറായി ജോലിയിൽ പ്രവേശിച്ചു. അധികം വൈകാതെ മണ്ണാർക്കാട് താലൂക്കാശുപത്രിയിലേക്ക് സ്ഥലംമാറ്റം കിട്ടി. അന്നു മുതൽ ഇന്നുവരെ മണ്ണാർക്കാട്ടുകാരുടെ ഡോക്ടറായി തുടരുന്നു. ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും നടുവിൽ, ഇപ്പോഴത്തെ തലമുറക്ക് ചിന്തിക്കാൻ​ പോലും കഴിയാത്തത്ര പരിതാപകരമായ അവസ്ഥയിൽ, സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും കടുത്ത പരിമിതികൾക്കിടയിലാണ് സർക്കാർ ആശുപത്രിയിലെ ജോലി തുടങ്ങുന്നത്. അന്നു മുതൽ പിറന്നുവീഴുന്ന കുഞ്ഞുങ്ങൾക്ക് കാവലാളായി കമ്മാപ്പയുണ്ട്. പിന്നീടത് ദിനചര്യയുടെ ഭാഗമായി. വർഷങ്ങൾ നീണ്ട സപര്യയായി ഇന്നും തുടരുന്നു. അമ്മയുടെയും കുഞ്ഞിന്റെയും ആദ്യ സ്പർശത്തിനും ആനന്ദക്കണ്ണീരിനും സാക്ഷിയാവുന്ന കമ്മാപ്പ മണ്ണാർക്കാട്ടുകാർക്ക് വെറുമൊരു ഡോക്ടർ മാത്രമല്ല. പിതൃതുല്യൻ കൂടിയാണ്. അദ്ദേഹത്തിന്റെ ഒ.പിക്ക് പുറത്ത് തിര​ക്കൊഴിഞ്ഞ നേരമില്ല. കാത്തുനിൽക്കുന്നവരിൽ ഏറിയ പങ്കും വർഷങ്ങളായി പരിചയമുള്ള കുടുംബങ്ങളിൽനിന്നുള്ളവരാണ്. ഉമ്മയും മകളും അവളുടെ മക്കളുമൊക്കെയായി തലമുറകളിലേക്ക് നീളുന്ന കരുതലായി ഈ മനുഷ്യനുണ്ട്. നിന്നുതിരിയാൻ നേരമില്ലെങ്കിലും സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമാണ്.

പ്രാകൃതമായ അനസ്തേഷ്യ

ഇന്നത്തെപ്പോലെ അനസ്തേഷ്യ നൽകിയല്ല ശസ്ത്രക്രിയക്കായി ബോധം കെടുത്തിയിരുന്നത്. ആധുനിക അനസ്തേഷ്യയുടെ പ്രാകൃതരൂപമെന്ന് വിശേഷിപ്പിക്കാവുന്ന രീതിയായിരുന്നു അന്ന് നിലവിലിരുന്നത്. പ്രത്യേക വളയത്തിൽ തുണിചുറ്റി അതിൽ ഈതർ എന്ന മരുന്ന് ഒഴിച്ച്​ മാസ്ക് രൂപത്തിൽ മുഖത്തിനുനേരെ പിടിക്കുകയാണ് ചെയ്തിരുന്നത്. ഈ മരുന്ന് പെട്ടെന്ന് വാതകമായി മുറിയിൽ പരക്കും. ഫാൻ ഇടാതെ അത് ഗർഭിണികളെ ശ്വസിപ്പിക്കും. പതിയെ അവർ അബോധാവസ്ഥയിലേക്ക് വീഴും. ഇതായിരുന്നു രീതി. ശസ്ത്രക്രിയ കഴിയുമ്പോഴേക്കും ഡോക്ടറിലേക്കും കൂടെയുള്ളവരിലേക്കും മരുന്നിന്റെ ഗന്ധവും അതുമൂലമുണ്ടാകുന്ന അസ്വസ്ഥതയും പടരും. ഈതർ മരുന്ന് നൽകുന്ന ഡോക്ടറില്ലെങ്കിൽ ലോക്കൽ അനസ്തേഷ്യ (വയറിന്റെ ഭാഗം മാത്രം മരവിപ്പിക്കുന്ന രീതി) നൽകിയും സിസേറിയൻ നടത്തിയിട്ടുണ്ടെന്നും കമ്മാപ്പ ഓർക്കുന്നു. പണ്ട് സൗകര്യങ്ങളില്ലാത്തതിനാൽ പരമാവധി സാധാരണ പ്രസവമായിരുന്നു. എന്നാൽ, ഇന്ന് കഥ മാറി. നൂറ് പ്രസവത്തിൽ 42 എണ്ണം വരെ സിസേറിയനാണ്. ഉപഭോക്തൃ സംരക്ഷണ നിയമം വന്നതോടെ രോഗി ഉപഭോക്താവായി. അധിക ഡോക്ടർമാരും റിസ്​ക്കെടുക്കാൻ മടിക്കുന്ന സാഹചര്യം വന്നു. സിസേറിയൻ മതിയെന്ന് ആവശ്യപ്പെടുന്നവരുടെ എണ്ണവും കൂടി.

കമ്മാപ്പയും ഭാര്യ സെയ്ദയും അന്റാർട്ടിക്ക സന്ദർശനവേളയിൽ

 

1995ൽ സ്വന്തം ആശുപത്രി

1992ലാണ് സർക്കാർ സർവിസ് വിട്ട് സ്വകാര്യ ആശുപത്രിയിലേക്ക് കമ്മാപ്പ ചുവടുമാറ്റുന്നത്. പരിമിതമായ സൗകര്യത്തിൽ ചെറിയ ക്ലിനിക്കിലായിരുന്നു തുടക്കം. പിന്നീട് 1995ൽ ‘അൽമ’ എന്ന പേരിൽ സ്വന്തം ആശുപത്രി തുടങ്ങി. ലോകാരോഗ്യ സംഘടനയുടെ അക്കാ​ലത്തെ പ്രഖ്യാപനങ്ങളിലൊന്നിന്റെ പേര് അൽമ എന്നായിരുന്നു. മികച്ച തുടക്കമെന്നാണ് ഈ വാക്കിന്റെ അർഥം. അത് കടമെടുത്താണ് മണ്ണാർക്കാട്ടുകാരുടെ സ്വന്തം അൽമ ആശുപത്രിയുടെ തുടക്കം. അതൊരു തുടക്കം മാത്രമായിരുന്നി​ല്ല. ഇന്ത്യയിൽ, ഒരുപക്ഷേ ലോകത്തു തന്നെ ഏറ്റവും കൂടുതൽ പിറവിക്ക് സാക്ഷിയാവാനുള്ള നിയോഗം കൂടിയായിരുന്നു എന്ന് ഡോക്ടർ വിശ്വസിക്കുന്നു. 110 കിടക്കകളും 20​ ഡോക്ടർമാരും 225 ജോലിക്കാരുമായി വലിയ പ്രസ്ഥാനമായി ‘ന്യൂ അൽമ’ ആശുപത്രി മാറിക്കഴിഞ്ഞിരിക്കുന്നു. 1992ൽ ആദ്യമായി സ്വകാര്യ ആശുപത്രിയിൽ പ്രാക്ടിസ് തുടങ്ങുമ്പോൾ കൂടെയുണ്ടായിരുന്ന നാലു നഴ്സുമാർ വർഷങ്ങൾക്കിപ്പുറവും അദ്ദേഹത്തോടൊപ്പമുണ്ട്. ഇതിലും വലിയ സംരംഭമായി ആശുപത്രി മാറ്റാൻ കഴിയാത്തതുകൊണ്ടല്ല. മറിച്ച് അമിതമായ ആർത്തിയില്ലാത്തതുകൊണ്ടും ബാങ്ക് വായ്പ എടുത്ത് ഒന്നും​ ചെയ്യേണ്ട എന്ന ഉറച്ച തീരുമാനം കൊണ്ടുമാണ് ഉള്ളതിൽ സമാധാനത്തോടെ കഴിയുന്നതെന്നും കമ്മാപ്പ പറയുന്നു.

മരണനിരക്ക് കുറവ് കേരളത്തിൽ

ജനനം പോലെ മരണവും നമ്മുടെ ആരുടെയും നിയന്ത്രണത്തിലല്ല. പിറവിയുടെ സമയത്ത് രണ്ടു ജീവനുകളാണ് ഡോക്ടറുടെ കൈയിലുള്ളത്. സങ്കീർണതകളെപ്പോഴുമുണ്ടാവാം. ഏറ്റവും സന്തോഷകരമായി അവസാനിക്കേണ്ട നിമിഷങ്ങൾ കണ്ണീരിൽ മുങ്ങാൻ അധികസമയമൊന്നും വേണ്ട. അമിത രക്തസ്രാവം തുടങ്ങി വിവിധ കാരണങ്ങളാൽ മരണം സംഭവിക്കാം. അതുണ്ടാക്കുന്ന നോവും വേവും വളരെ വലുതാണ്. അ​ത്തരം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് ഡോക്ടറുടെ ജീവിതത്തിൽ. എന്നാൽ, പ്രസവത്തെ തുടർന്നുള്ള മരണം വളരെ കുറഞ്ഞ നാടായി കേരളം മാറിയിട്ടുണ്ടെന്നും ഗൈനക്കോളജി ഡോക്ടർമാരുടെ കൂട്ടായ്മയായ കെ.എഫ്.ഒ.ജിയുടെ അടക്കം അശ്രാന്ത പരിശ്രമത്തിന്റെ ഫലം കൂടിയാ​ണിതെന്നും കമ്മാപ്പ അഭിമാനത്തോടെ പറയുന്നു. മരണനിരക്ക് 2000ത്തിൽ ഒരു ലക്ഷത്തിന് 120 എന്നതായിരുന്നു കേരളത്തിലെ കണക്ക്. 2022 ആയപ്പോഴേക്ക് അത് 19 ആയി കുറഞ്ഞു. അമേരിക്കയിൽ വരെ 2022ലെ കണക്കനുസരിച്ച് 24 ആണ് മരണനിരക്ക്. ഇന്ത്യയുടെ ശരാശരി ഇപ്പോഴും 160 ആണ്. ചുരുക്കത്തിൽ പ്രസവിക്കാൻ ഏറ്റവും സുരക്ഷിതമായ ഇടം കൂടിയാണ് കേരളം.

പിറവിയെന്ന മഹാത്ഭുതം

പ്രപഞ്ച വിസ്മയങ്ങളിലൊന്നാണ് പിറവി. അതിസങ്കീർണമായ നിരവധി പ്രക്രിയകളാണ് ഗർഭധാരണം മുതൽ അമ്മയുടെ ശരീരത്തിൽ സംഭവിക്കുന്നത്. ഗർഭപാത്രം എന്നതുതന്നെ വലിയ അത്ഭുതങ്ങളിലൊന്നാണ്. സാധാരണ രീതിയിൽ ഒരേ രക്തഗ്രൂപ്പല്ലാത്തതൊന്നും മനുഷ്യശരീരം സ്വീകരിക്കില്ല. എന്നാൽ, ഗർഭസ്ഥശിശുവിന്റെ രക്തഗ്രൂപ് വ്യത്യസ്തമാണെങ്കിലും പ്രസവം വരെ കുഞ്ഞ് അവിടെ സുരക്ഷിതമായി ജീവിക്കുന്നു. ഗർഭജലം (അമ്നിയോട്ടിക് ഫ്ലൂയിഡ്) എന്നത് അങ്ങേയറ്റം അപകടകാരിയായ മിശ്രിതമാണ്. കുഞ്ഞി​ന്റെ മൂത്രവും വായിലെ സ്രവവും മറുപിള്ളയിൽനിന്ന് ഉൽപാദിപ്പിക്ക​പ്പെടുന്ന സ്രവവുമാണ് ഇതിലടങ്ങിയിരിക്കുന്നത്. പ്രസവസമയത്ത് അപൂർവമായി ഗർഭപാത്രത്തിൽ സമ്മർദം കൂടി അമ്മയുടെ രക്തക്കുഴലുകളിലേക്ക് ഈ മിശ്രിതം കലരുന്ന സാഹചര്യമുണ്ടാവാറുണ്ട്. രക്തത്തിൽ ഇത് കലർന്നാൽ ആന്തരികാവയവങ്ങളുടെ പ്രവർത്തനം സ്തംഭിക്കുകയും അപസ്മാരം പോലുള്ള അവസ്ഥയിലേക്ക് അമ്മയെത്തുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ മരണം സംഭവിക്കുകയും​ ചെയ്യും. എന്നാൽ, ഇതേ വെള്ളത്തിൽ കിടന്നാണ് കുഞ്ഞ് ശ്വസിക്കുന്നതും ജീവിക്കുന്നതും! കുഞ്ഞിന്റെ വളർച്ചക്കും ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ് അമ്നിയോട്ടിക് ഫ്ലൂയിഡ്. ശ്വസിക്കുമ്പോൾ ഇത് കുഞ്ഞിന്റെ ശ്വാസകോശത്തിൽ കയറിയിറങ്ങുന്നുണ്ടെങ്കിലും ഒന്നും സംഭവിക്കുന്നില്ല. എന്നാൽ, പിറന്നുവീണ കുഞ്ഞിന്റെ ശ്വാസകോശത്തിൽ വെള്ളം കയറിയാൽ എന്താവും അവസ്ഥ. അമ്മയുടെ ജീവൻ വരെ അപകടത്തിലാക്കുന്ന മിശ്രിതം കുഞ്ഞിന് സുരക്ഷിത കവചമൊരുക്കുന്നതി​നെ ദൈവമെന്ന മഹാകലാകാരൻ ഒരുക്കുന്ന വിസ്മയമെന്നല്ലാതെ എന്തു വിളിക്കാൻ.

യാത്ര​യെ പ്രണയിക്കുന്ന ഡോക്ടർ

മരുന്നു മണക്കുന്ന പ്രസവമുറി മാത്രമല്ല ഡോക്ടറുടെ ജീവിതം. തിരക്കുകൾക്കിടയിലും ലോകത്തിന്റെ വിശാലതയിലേക്ക് ഒഴുകിപ്പരക്കുന്ന സഞ്ചാരികൂടിയാണ് കമ്മാപ്പ. യാത്രകൾ എന്നും ഹരമായിരുന്നെങ്കിലും 2001ൽ ബാലി സന്ദർശിച്ചതിനു ശേഷമാണ് സഞ്ചാരത്തോട് പ്രണയത്തിലായത്. പിന്നീട് പല ദിക്കുകളിലേക്കും ഭൂഖണ്ഡങ്ങളിലേക്കും അത് പടർന്നു. 35 രാജ്യങ്ങൾ ഇതിനകം പിന്നിട്ടു. അന്റാർട്ടിക്ക വരെ പട്ടികയിലുണ്ട്. 2018ലായിരുന്നു ആ യാത്ര. ഏറ്റവും ഒടുവിൽ കെനിയയും ഐസ്‍ലൻഡുമാണ് സന്ദർശിച്ചത്.

എറണാകുളം സ്വദേശി സെയ്ദയാണ് ജീവിതപങ്കാളി. ഡോ. അമീന, ഡോ. ലാമിയ (ഇരുവരും പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജിൽ അസി. പ്രഫസർമാരാണ്), ഡോ. നബീൽ (മാസ്റ്റർ ഓഫ് സർജറി വിദ്യാർഥി) എന്നിവരാണ് മക്കൾ. കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലെ ഗാസ്ട്രോ ലിവർ ട്രാൻസ്‌പ്ലാന്റ് സർജൻ നൗഷാദ് ബാബു, പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെ ഓർത്തോപീഡിക് സർജൻ ഷാഹിദ്‌, ഗൈനക്കോളജി പി.ജി വിദ്യാർഥിനി ഡോ. ആയിഷ എന്നിവരാണ് മരുമക്കൾ.

Tags:    
News Summary - A witness to a thousand births

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.