കുട്ടികളിലെ തർക്കുത്തരവും വാശിയും എന്തുചെയ്തിട്ടും കുറയുന്നില്ലെങ്കിൽ വടിയെടുക്കേണ്ട, പരിഹാരമുണ്ട്...

‘ഒന്ന് പറഞ്ഞതിന് രണ്ടാമത്തേതിന് തർക്കുത്തരമാണ്...’ഒട്ടുമിക്ക മാതാപിതാക്കളുടെയും പരാതിയും പരിഭവവും ഇതായിരിക്കും. കുട്ടികൾക്ക് വേഗത്തിൽ ദേഷ്യം വരുന്നതും പറഞ്ഞതൊന്നും കേൾക്കുന്നില്ലെന്നും എന്തിനും ഏതിനും വാശിപിടിക്കുന്നതും പല കുട്ടികളുടെയും സ്വഭാവത്തിൽ കാണുന്നുണ്ട്. മക്കളായാൽ കുരുത്തക്കേട് കാട്ടുമ്പോൾ വടിയെടുത്ത് നല്ലരൊണ്ണം കൊടുക്കണമെന്നാണ് പണ്ടുള്ളവർ പൊതുവേ പറയാറ്. എന്നാൽ, ഇത് പണ്ടത്തെ കാലമല്ല, കുട്ടികൾ വളരുന്നതും അടുത്തിടപഴകുന്നതും അവർ കാണുന്നതും കേൾക്കുന്നതുമെല്ലാം ഒരുപാട് മാറിക്കഴിഞ്ഞു.

ചീത്ത പറഞ്ഞതിൻെറയും അടിച്ചതിൻെറയും പേരിൽ സ്വയം ജീവനൊടുക്കിയ എത്രയെത്ര കുട്ടികളുടെ വാർത്തകളാണ് നമുക്ക് കൺമുന്നിലൂടെ കടന്നുപോകുന്നത്. മാതാപിതാക്കളായാൽ ചീത്ത പറയും, ചിലപ്പോൾ തല്ലിയെന്നും വരും..അതിന് ഇങ്ങനെയൊക്കെ ചെയ്യാമോ എന്ന് പലരും ചോദിച്ചു കണ്ടിട്ടുണ്ട്.. പക്ഷേ, കാലം അതാണ്.

നാം ജീവിച്ചുകൊണ്ടിരിക്കുന്ന സമൂഹം അത്തരത്തിലുള്ളതാണ്.. അപ്പോൾ മക്കൾ ചെറിയ കാര്യത്തിനുപോലും ദേഷ്യം പിടിക്കുന്നതും മുതിർന്നവരോടുപോലും തർക്കുത്തരം പറയുന്നതും വാശിപിടിക്കുന്നതുമെല്ലാം കണ്ടുനിൽക്കണമെന്നല്ല പറയുന്നത്. മക്കൾ ദേഷ്യം പിടിക്കുമ്പോൾ നല്ല അടിവെച്ചുകൊടുക്കുന്നവരും ഏറെയുണ്ട്. എന്നിട്ട് എന്തെങ്കിലും മാറ്റമുണ്ടാകുന്നുണ്ടോ....ഇല്ലെന്നാണ് സത്യം...മക്കളുടെ സ്വഭാവത്തിലുണ്ടാകുന്ന ഈ മാറ്റങ്ങൾക്ക് വടി കൊണ്ടടിച്ചാൽ പരിഹാരമുണ്ടാകുമോ. വടിയെടുക്കാതെ മക്കളുടെ ഈ സ്വഭാവത്തെ ശരിയാക്കാനാവുമോ....


അവരുടെ ഉള്ളിലെന്താണെന്ന് അറിഞ്ഞിരിക്കുക

തർക്കുത്തരം പറയുക, ദേഷ്യം പിടിക്കുക, വാശി കാണിക്കുക ഇതെല്ലാം ഒട്ടുമിക്ക കുട്ടികളിലും കണ്ടുവരുന്നതാണ്. എന്നാൽ, അതിൻെറ തീവ്രത കൂടുമ്പോഴാണ് അതൊരു പ്രശ്നമായി വരുന്നത്. വീട്ടുകാരോട് വല്ലാതെ കയർത്തു സംസാരിക്കുക, മോശം വാക്കുകൾ സ്ഥിരമായി ഉപയോഗിക്കുക, സ്കൂളിലെ ടീച്ചർമാരോടും കൂട്ടുകാരോടും ഇത്തരത്തിൽ പെരുമാറുക ഇത്രയുമൊക്കെയാകുമ്പോഴാണ് അത് ശ്രദ്ധിക്കേണ്ടിവരുന്നത്. അവർ ഇത്തരത്തിൽ പെരുമാറാൻ എന്തെങ്കിലും ഒരു കാരണമുണ്ടായിരിക്കും..അത് എന്താണെന്ന് കണ്ടെത്തുക എന്നത് തന്നെയാണ് ഈ പ്രശ്നത്തിനുള്ള പ്രധാന പോംവഴി.

മറ്റുള്ളവരുടെ ശ്രദ്ധ കൂടുതൽ പിടിച്ചുപറ്റാനാണോ, അല്ലെങ്കിൽ വളർന്നുവരുന്ന സാഹചര്യത്തിൻെറ സ്വാധീനഫലമായാണോ ഇത്തരത്തിലുള്ള പെരുമാറ്റമായിരിക്കും ഒരുപക്ഷേ കുട്ടികൾ പ്രകടിപ്പിക്കുന്നത്. ആ ദേഷ്യം കാണിക്കലും തർക്കുത്തരം പറയുന്നതുമെല്ലാം വലിയൊരു പ്രശ്നത്തിൻെറ മേൽപ്പാളി മാത്രമായിരിക്കും. ആ പാളി പൊട്ടിച്ചുകളഞ്ഞ് അതിനുള്ളിലുള്ള പ്രശ്നമെന്തെന്ന് കണ്ടെത്തുക തന്നെയാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്..പ്രശ്നമറിഞ്ഞ് പരിഹാരം ചെയ്യുക എന്നതാണ് ഇവിടെ പ്രധാനം..


കുട്ടികളുടെ മൊബൈൽവേൾഡ്

ജനിച്ചുവീഴുന്ന കുട്ടിയുടെ കൈയിൽപോലും മൊബൈൽ ഫോണാണെന്ന് നാം പലപ്പോഴും കളിയാക്കിപ്പറയാറുണ്ട്. എന്നാൽ, അതിൽ സത്യമില്ലാതില്ല. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർവരെ ഇന്ന് മൊബൈൽ ഫോണിൻെറയും ഇൻറർനെറ്റിന്റെയും ലോകത്താണ്. പണ്ടൊക്കെ ടി.വിയിൽ കാർട്ടൂൺ കാണുന്നതിന് ഒരു സമയപരിധിയുണ്ടായിരുന്നു. എന്നാലിന്ന് അതല്ല, സൗജന്യ വൈഫൈയും നെറ്റ് കണക്ഷനുമെല്ലാം കാർട്ടൂണും മറ്റ് പരിപാടികളുമെല്ലാം ഏത് സമയവും ലഭ്യമാണ്.

പല കുട്ടികളും മണിക്കൂറുകളാണ് ഗെയിം കളിക്കാനും കാർട്ടൂൺപോലുള്ള പരിപാടികൾ കാണാനുമൊക്കെ ചെലവിടുന്നത്. ഈ മായികലോകത്തെ സാങ്കൽപിക കഥാപാത്രങ്ങൾ പലപ്പോഴും കുട്ടികളുടെ സ്വഭാവത്തെയും സ്വാധീനിക്കുന്നുണ്ട്. ഉരുളക്ക് ഉപ്പേരിപോലെ സംസാരിക്കുന്ന കഥാപാത്രങ്ങളെ അവർ അനുകരിക്കാൻ ശ്രമിക്കും...അതുപോലെ നമ്മുടെ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്ന ചില സീരിയലുകളിലെ കുട്ടിക്കഥാപാത്രങ്ങളും കുട്ടികളെ സ്വാധീനിക്കുന്നുണ്ട്. സീരിയലിലെ കുട്ടിക്കഥാപാത്രങ്ങളുടെ തർക്കുത്തരം കേട്ട് പൊട്ടിച്ചിരിക്കുന്ന മാതാപിതാക്കളെയാണ് വീട്ടിലെ കുട്ടിയും കാണുന്നത്. ഇങ്ങനെ പറയുന്നത് വലിയെന്തോ കാര്യമാണ് എന്ന തോന്നലാണ് ഇത് കുട്ടികളിലുണ്ടാക്കുന്നത്.

മറ്റൊന്ന്, ഭൂരിഭാഗം സമയവും മൊബൈൽ ഫോണിലും കമ്പ്യൂട്ടറിലും നോക്കിയിരിക്കുമ്പോൾ ചുറ്റുമുള്ളവരുമായി ആശയവിനിമയം ശരിയായ രീതിയിൽ നടന്നെന്നുവരില്ല. ആരോട് എങ്ങനെ പെരുമാറണമെന്ന് അവർ ശീലിക്കുന്നില്ല. ആളുകളുമായി ഇടപഴകുന്ന രീതി അറിയാത്തതും ഒരുപരിധിവരെ കുട്ടികളിലെ തർക്കുത്തരം പോലുള്ള സ്വഭാവത്തിന് കാരണമാകാറുണ്ട്.

മറക്കരുത്....അവർ നിങ്ങളെ കണ്ടാണ് വളരുന്നത്

കുട്ടികളുടെ മനസ്സ് സ്പോഞ്ച് പോലെയാണെന്നാണ് പൊതുവേ പറയാറ്..അവർ കാണുന്നതെല്ലാം ഒപ്പിയെടുക്കും. മാതാപിതാക്കൾ ഒരു പ്രശ്നം വരുമ്പോൾ എങ്ങനെയാണ് അതിനെ സമീപിക്കുന്നതെന്നും അതിനോട് പ്രതികരിക്കുന്നതെന്നും അവർ കണ്ടും കേട്ടുമാണ് വളരുന്നത്. ദേഷ്യം വരുമ്പോൾ ചുറ്റുമുള്ളവരോട് ഒച്ചവെച്ചും കയർത്തും സംസാരിക്കുന്ന മാതാപിതാക്കളുടെ അതേ പാതയിൽ തന്നെയാകും കുട്ടിയും സഞ്ചരിക്കുക. നമ്മൾ എത്ര പറഞ്ഞുകൊടുത്താലും അവർ കാണുന്നതും കേൾക്കുന്നതുമാണ് കുട്ടികളുടെ മനസ്സിൽ പതിയുന്നതും പിന്നീട് അത് അവർ പ്രയോഗികമാക്കുന്നതും.


വടിയെടുക്കലല്ല പരിഹാരം...

മുതിർന്നവരോട് ഇങ്ങനെ സംസാരിക്കരുത്, ദേഷ്യം പിടിക്കുമ്പോൾ സാധനങ്ങൾ വലിച്ചെറിയരുത്, അധ്യാപകരോട് കയർത്ത് സംസാരിക്കരുത്..ഇങ്ങനെ നൂറുകൂട്ടം ഉപദേശങ്ങൾ കുട്ടികൾക്ക് നൽകുന്ന കൂട്ടത്തിൽ എന്തുകൊണ്ട് അങ്ങനെ ചെയ്യരുത് എന്നും വ്യക്തമാക്കിക്കൊടുക്കുക. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ഉണ്ടാകുന്ന ദോഷങ്ങൾ എന്തെല്ലാമാണ് എന്ന് കൃത്യമായി പറഞ്ഞുകൊടുക്കുക. അടുത്ത തവണ ആരോടെങ്കിലും തർക്കുത്തരം പറയുമ്പോൾ അക്കാര്യം അവരുടെ മനസ്സിലേക്ക് വരും..

വീട്ടിൽ വേണം നിയമങ്ങൾ..!

നമ്മുടെ സമൂഹത്തിൽ ചില നിയമങ്ങളും ചിട്ടവട്ടങ്ങളുമുണ്ട്. അത് പാലിച്ചുപോകുമ്പോഴാണ് നാട്ടിൽ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ സാധിക്കുക. അതുപോലെ, കുടുംബത്തിലും ചില അലിഖിത നിയമങ്ങൾ ഉണ്ടാക്കാം..പ്രധാനമായും ഫോൺ ഉപയോഗിക്കുന്നതിന് സമയപരിധി നിശ്ചയിക്കുക.

ഭക്ഷണം കഴിക്കുമ്പോൾ വീട്ടിലെ ആരും ഫോൺ നോക്കരുത്. അല്ലെങ്കിൽ എല്ലാവരും കൂടെ ഔട്ടിങ്ങിന് പോകുമ്പോഴേ, വീട്ടുകാർ ഒരുമിച്ചിരിക്കുന്ന സമയങ്ങളിൽ ഫോൺ പാടില്ല തുടങ്ങിയ നിയമങ്ങൾ കർശനമായി വീട്ടിൽ നടപ്പാക്കുക.. അതേസമയം, കുട്ടികൾക്ക് മാത്രമല്ല ആ നിയമം ബാധകം, മുതിർന്നവരും അത് പാലിച്ചേ മതിയാകൂ..കുട്ടികളോട് ഫോൺ നോക്കരുത് എന്ന് പറഞ്ഞ് മാതാപിതാക്കൾ എപ്പോഴും ഫോൺ നോക്കുകയാണെങ്കിൽ അതിന് കാര്യമില്ല.

ഇതിനുപുറമെ കുടുംബത്തിന് മാത്രമായി ഒരു സമയം കണ്ടെത്തുക, പരസ്പരം സംസാരിക്കുക, കുട്ടികളോട് അവരുടെ വിശേഷങ്ങൾ ചോദിക്കുക, അവരുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും പങ്കാളിയാവുക..അതേസമയം, അവർ ഫോണിൽ എന്താണ് കാണുന്നതെന്നും അത് നല്ലതാണോ ചീത്തയാണോ എന്ന് നിരീക്ഷിക്കുകയും ചെയ്യണം..


കുട്ടികളാണ്, പൊട്ടിത്തെറിക്കല്ലേ...

കുട്ടികൾ തർക്കുത്തരം പറയുമ്പോഴോ ദേഷ്യപ്പെടുമ്പോഴോ അതേപോലെ തിരിച്ച് ദേഷ്യപ്പെട്ടോ തർക്കുത്തരം പറയുകയോ ചെയ്യുന്ന മാതാപിതാക്കളാണോ നിങ്ങൾ.. എങ്കിൽ ആ സ്വഭാവം നിങ്ങൾ ആദ്യം മാറ്റിയെടുക്കണം..അവർ പെരുമാറുന്ന അതേരീതിയിൽ പെരുമാറുന്നത് ഗുണമല്ല, ദോഷമാണ് ചെയ്യുന്നതെന്ന് മാതാപിതാക്കൾ തിരിച്ചറിയണം. തർക്കുത്തര മത്സരമല്ല അവിടെ നടക്കേണ്ടത്. അവർ പറയാനുള്ളത് മുഴുവൻ സമാധാനത്തോടെ കേൾക്കുക. മുഴുവൻ പറഞ്ഞുതീർന്നതിനുശേഷം അവരുടെ കൂടെയിരുന്ന് സാവധാനം കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുക. അവർക്ക് താങ്ങായി നിൽക്കുക..

അഭിനന്ദിക്കാൻ പിശുക്ക് കാണിക്കരുത്...

കുട്ടികൾ അടങ്ങിയിരുന്ന് പഠിക്കുമ്പോഴോ, വായിക്കുമ്പോഴോ നിങ്ങളെ എന്തെങ്കിലും കാര്യത്തിൽ സഹായിക്കുമ്പോഴോ അവരെ അഭിനന്ദിക്കാറുണ്ടോ.. ഇത്തരം കാര്യങ്ങളൊക്കെ കുട്ടികൾ ചെയ്യുന്നത് സാധാരണമല്ലേ...അതൊക്കെ അഭിനന്ദിക്കേണ്ടതുണ്ടോ എന്നാണ് പല മാതാപിതാക്കളുടെയും ചിന്ത..പക്ഷേ അവർ നല്ല കാര്യം ചെയ്യുമ്പോൾ ഒരു പിശുക്കും കൂടാതെ അഭിനന്ദിക്കണം.. ഇന്ന് നീ നല്ല കുട്ടിയായി ഇരുന്നല്ലോ, മുഴുവൻ ഹോം വർക്കും പെട്ടെന്ന് തീർത്തല്ലോ, എന്നൊക്കെ പറഞ്ഞ് അവരെ ഒന്ന് കെട്ടിപ്പിടിക്കാം... ഉമ്മ കൊടുക്കാം...അതവരിൽ ഉണ്ടാക്കുന്ന മാറ്റം വലുതാണ്.. നല്ല കാര്യങ്ങൾ ചെയ്യുമ്പോഴാണ് താൻ അംഗീകരിക്കപ്പെടുന്നത് എന്ന ചിന്ത കുട്ടികളിൽ താനേ വളർന്നുവരും..

ഇന്ത്യയിലെ മാതാപിതാക്കളിൽ കണ്ടുവരുന്ന പ്രധാന തെറ്റിദ്ധാരണയാണ് തല്ലിയും വേദനയാക്കിയും കുട്ടികളെ മര്യാദയും നല്ല സ്വഭാവവും പഠിപ്പിക്കാമെന്നത്. അത് തീർത്തും തെറ്റാണ്. തൊട്ടതിനും പിടിച്ചതിനുമെല്ലാം തല്ലുകയോ വേദനയാക്കുകയോ ചെയ്താൽ ഒരു ഘട്ടമെത്തുമ്പോൾ അതിനോടും കുട്ടിക്ക് പേടിയില്ലാതാകും. അവർ തർക്കുത്തരം പറയുമ്പോഴോ അനാവശ്യമായി വാശികാണിക്കുമ്പോഴോ ദേഷ്യം പിടിക്കുമ്പോഴോ അത് മനപ്പൂർവം ശ്രദ്ധ കൊടുക്കാതിരിക്കുക..അവർ വീണ്ടും വീണ്ടും അത് ആവർത്തിക്കും. പക്ഷേ, മാതാപിതാക്കൾ അത് ശ്രദ്ധിക്കുന്നില്ല എന്ന് മനസ്സിലായാൽ അതിൻെറ തീവ്രത കുറക്കും.

ഞാൻ തർക്കുത്തരം പറയുമ്പോൾ അവർ ശ്രദ്ധിക്കുന്നില്ലെന്നും നല്ല കുട്ടിയായി ഇരിക്കുമ്പോൾ അവർ എന്നെ കെട്ടിപ്പിടിക്കുകയും ഉമ്മ വെക്കുകയും ചെയ്യുന്നുണ്ടെന്ന വ്യത്യാസവും കുട്ടികൾക്ക് ഓർമ വരണം. അതുപോലെ തന്നെ കടകളിലോ മറ്റോ പോയാൽ ചോക്‍ലറ്റിനും കളിപ്പാട്ടത്തിനുമെല്ലാം കുട്ടികൾ വാശിപിടിക്കാറുണ്ട്. ആളുകളുടെ മുന്നിൽ കരഞ്ഞ് നാണം കെടുത്തുമെന്നതിനാൽ മാതാപിതാക്കൾ അവർ ചോദിച്ച സാധനങ്ങൾ വാങ്ങിക്കൊടുക്കാറുമുണ്ട്. അടുത്ത തവണയും കുട്ടി ഇതേ സൂത്രം പ്രയോഗിക്കും. അതുകൊണ്ട് അത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കാതിരിക്കുക. അവർ എന്തെങ്കിലും നല്ലൊരു കാര്യം ചെയ്യുമ്പോൾ അവർക്ക് ചോക്‍ലറ്റോ കളിപ്പാട്ടമോ സമ്മാനിക്കാം.

വാശിപിടിച്ചു കരയുമ്പോഴല്ല, നല്ല കാര്യങ്ങൾ ചെയ്യുമ്പോഴാണ് സമ്മാനങ്ങൾ കിട്ടുക എന്ന കാര്യവും കുട്ടികളുടെ ഉള്ളിൽ ഉണ്ടാക്കിയെടുക്കുക.. ഇക്കാര്യങ്ങളെല്ലാം പറയുന്നത്ര എളുപ്പമല്ല. അസാധ്യമായ ക്ഷമ മാതാപിതാക്കൾ കാണിച്ചേ മതിയാകൂ..


പണിഷ്മെൻറുകൾ ഇങ്ങനെയാകാം...

തർക്കുത്തരവും വാശിയും എന്തുചെയ്തിട്ടും കുറക്കുന്നില്ലെങ്കിൽ വടിയെടുക്കേണ്ട..പകരം അവർക്ക് പ്രിയപ്പെട്ട ടി.വി ഷോ കാണാനുള്ള സമയം കുറക്കുക, അതല്ലെങ്കിൽ പാർക്കിലോ ബീച്ചിലോ കൊണ്ടുപോകില്ലെന്ന് പറയുക, മൊബൈൽ കാണുന്നതിൻെറ സമയം കുറക്കുക, അങ്ങനെയുള്ള ചെറിയ പണിഷ്മെൻറുകൾ നൽകാം..കുട്ടിയുടെ സ്വഭാവ രൂപവത്കരണത്തിൽ വീട്ടിലുള്ള മുതിർന്നവരുടെ പങ്ക് വളരെ വലുതാണ്. അവരോട് ചെയ്യരുതെന്ന് പറയുന്ന കാര്യങ്ങൾ നിങ്ങളും ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തുക.

ഏത് സാഹചര്യത്തിലും അത്തരം നിയമങ്ങൾ പാലിക്കുക. വീട്ടിലെ മുതിർന്നവർ മുഴുവൻ അത് പാലിക്കുകയും അതോടൊപ്പം തന്നെ അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും നൽകാനും പാടില്ല. വൈകീട്ട് കളിക്കാൻ വിടില്ലെന്ന് അമ്മ പറയുമ്പോൾ, നീ പൊയ്ക്കോ എന്ന് അച്ഛൻ പറഞ്ഞാൽ അതിൽ കാര്യമില്ല.. ഭക്ഷണം കഴിക്കുമ്പോൾ ഫോൺ കാണരുത് എന്ന് പറഞ്ഞാൽ ആരും കാണാൻ പാടില്ല...ഇന്നലെ അമ്മ ഫോൺ എടുത്തല്ലോ, അച്ഛൻ ഫോണിൽ സംസാരിച്ചല്ലോ എന്ന രീതിയിലേക്ക് കാര്യങ്ങൾ പോകാതിരിക്കുക..ചിലയിടങ്ങളിൽ വീട്ടിലെ മുത്തശ്ശനും മുത്തശ്ശിയുമെല്ലാം കുട്ടികളുടെ ആഗ്രഹങ്ങളെല്ലാം സാധിപ്പിച്ച് കൊടുക്കാറുണ്ട്.

കുഞ്ഞായിരിക്കുമ്പോഴുള്ള ആഗ്രഹങ്ങൾ പോലെയല്ല വലുതാകുമ്പോൾ.. ഒരു പ്രായം കഴിഞ്ഞാൽ അവരുടെ ആഗ്രഹങ്ങൾ ചിലപ്പോൾ നടത്തിക്കൊടുക്കാൻ സാധിച്ചെന്ന് വരില്ലെന്നും ഓർത്തുവെക്കുക. കുട്ടികൾക്ക് മാതാപിതാക്കൾ നല്ലൊരു റോൾമോഡലാകാം. കുട്ടികളിലെ ഓരോ മാറ്റവും അതത് സമയം തിരിച്ചറിയാൻ വൈകരുത്. കുട്ടികളാണ്, ഒരു പ്രായം കഴിയുമ്പോൾ അവരുടെ സ്വഭാവത്തിൽ ഒരുപാട് മാറ്റം വരുമെന്ന കാര്യവും മറക്കാതിരിക്കുക. ക്ഷമയോടെ, അവരുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് കൂടെ നിർത്തുക..മക്കൾ മിടുക്കരായി വളരട്ടെ....

തയാറാക്കിയത്: പി. ലിസി

Tags:    
News Summary - Managing anger: ideas for parents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.