കലപിലക്കാട്ടിലെ മുത്തശ്ശിമരം

കലപിലക്കാട്ടിൽ ഒരു മുത്തശ്ശിമരം ഉണ്ടായിരുന്നു. മരത്തിൽ ആയിരമായിരം കിളികൾ കൂടുകെട്ടിപ്പാർത്തിരുന്നു. ഓരോ കൊമ്പിലും പലനിറത്തിലുള്ള പക്ഷികൾ. ആൺകിളികളും പെൺകിളികളും അവരുടെ ഓമനക്കിളിക്കുഞ്ഞുങ്ങളുംകൂടി എപ്പോഴും കലപില കൂട്ടും. അങ്ങനെയാണത്രേ കാടിന് പേരുതന്നെ കിട്ടിയത്.

വസന്തകാലം വന്നാൽ മുത്തശ്ശിമരത്തിൽ നിറയെ കടുംചുവപ്പ് പൂക്കൾ നിറയും. കാടു മുഴുവൻ അപ്പോൾ സുഗന്ധം നിറയും. മുത്തശ്ശിമരത്തിൽ പൂമ്പാറ്റകൾ വിരുന്നെത്തും.

വേനൽക്കാലത്ത് പൂക്കൾ തേൻ കിനിയുന്ന പഴങ്ങളാകും. അപ്പോൾ പക്ഷികളുടെ ഉത്സവകാലമാണ്. അവർ ഒത്തൊരുമിച്ച് അതിമനോഹരമായി പാടുകയും ചിറകടിച്ച് നൃത്തം ചെയ്യുകയും ഒരുപാടൊരുപാട് ചിരിക്കുകയും ചെയ്യും. മഴക്കാലത്താകട്ടെ, മുത്തശ്ശിമരം വലിയ ഇലക്കൂട്ടങ്ങൾ കൊണ്ട് കിളികളെ നനയാതെ കാക്കും. അങ്ങനെയിരിക്കെ, ഒരു ദിവസം കലപിലക്കാട് കാണാൻ കുറെ സഞ്ചാരികളെത്തി. അവർ പ്ലാസ്റ്റിക് കുപ്പികളും മറ്റും കാട്ടിൽ ഉപേക്ഷിക്കുകയും ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിയുകയും ചെയ്തു.

എത്ര മോശം! അല്ലേ?

കൂടാതെ അവർ വളരെ തെറ്റായ മറ്റൊരു കാര്യവും ചെയ്തു. കാട്ടിൽ അടുപ്പുകൂട്ടി തീയണയ്ക്കാതെ ആടിപ്പാടിയങ്ങ് പോയി.

തീ ഉപകാരിയും ഒപ്പം അപകടകാരിയും ആണല്ലോ?

കരിയിലകളിലൂടെ പടർന്നുപടർന്ന് അത് നമ്മുടെ മുത്തശ്ശിമരത്തിന്‍റെ അടുത്തുവരെ പോയി. പക്ഷികൾ ഭയന്നു. അവരുടെ കൂടുകളിൽ കിളിക്കുഞ്ഞുങ്ങളും വിരിയാറായ മുട്ടകളും ഉണ്ടായിരുന്നു.

പാവം കിളിക്കുഞ്ഞുങ്ങൾ, അവർക്ക് പറക്കാൻ കഴിയില്ലല്ലോ!

ആൺകിളികൾ മുത്തശ്ശിമരത്തിനു ചുറ്റും ചിറകടിച്ച് കരഞ്ഞു പറന്നു. കുട്ടികൾ ഭയക്കാതിരിക്കാൻ അമ്മക്കിളികൾ അവരെ ചിറകുകൊണ്ട് മൂടി. അമ്മമാരെപ്പോഴും അങ്ങനെയല്ലേ?

അവരുടെ കണ്ണീര് ഭൂമിയിലേക്ക് ഇറ്റുവീണു. പ്രാർഥന ആകാശത്തേക്ക് ഉയർന്നുപോയി.

"കാരുണ്യവാനായ നാഥാ..!

പേടിച്ചുവിറയ്ക്കുന്ന ഞങ്ങളുടെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ നീ കാണുന്നില്ലേ? മുത്തശ്ശി മരത്തിനെയും ഞങ്ങ​െളയും നീ കാക്കില്ലേ!’’

അമ്മമാരുടെ പ്രാർഥനയാണ് ഭൂമിയുടെ കാവൽ.

പെട്ടെന്ന് എവിടെനിന്നോ കലപിലക്കാടിന്‍റെ ആകാശത്തേക്ക് കുറെ മഴമേഘങ്ങളെയും വലിച്ച് കാറ്റ് ഓടിവന്നു.

ഒരു വേനൽമഴ പിറന്നു...

ഹാ! എന്തനുഗ്രഹം...!

തീയണഞ്ഞു. ഭൂമി തണുത്തു. മുത്തശ്ശിമരത്തിന് ഒന്നും സംഭവിച്ചില്ല.

കിളികളും അണ്ണാറക്കണ്ണന്മാരും വിരുന്നെത്തുന്ന പൂമ്പാറ്റകളും സന്തോഷത്തോടെ കഴിഞ്ഞു. ഇനിയൊരിക്കലും കാട് ചീത്തയാക്കുന്ന മനുഷ്യർ ഇതുവഴി വരല്ലേ എന്നവർ പ്രാർഥിച്ചു.

തയാറാക്കിയത്: രസ്ന റിയാസ്

Tags:    
News Summary - Malayalam Stories For Kids september 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.