മൊബൈലിന്റെയും ഇന്റര്‍നെറ്റിന്റെയും സഹായത്തോടെ ആര്‍ക്കും നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറാതെതന്നെ പണം അയക്കാന്‍ കഴിയുന്ന ആ വിദ്യ യൂനിഫൈഡ് പേമെന്റ്സ് ഇന്റര്‍ഫേസ് (UPI) നമുക്കിടയിലുണ്ടാക്കിയ സ്വാധീനം വലുതാണ്. യു.പി.ഐ ഇടപാടുമായി ബന്ധപ്പെട്ട് അറിയേണ്ട കാര്യങ്ങളിതാ...

യു.പി.ഐ അക്കൗണ്ട് തുടങ്ങാൻ എന്തൊക്കെ ആവശ്യമാണ്?

എസ്​.ബി.ഐ പോലെ ദേശസാൽകൃത ബാങ്കുകളിലോ എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ പോലെ സ്വകാര്യ ബാങ്കുകളിലോ അക്കൗണ്ടുള്ളവര്‍ക്കെല്ലാം യു.പി.ഐ അക്കൗണ്ട് ഉണ്ടാക്കാന്‍ സാധിക്കും. എന്നാല്‍, സഹകരണ ബാങ്കുകളിൽ അക്കൗണ്ടുള്ളവര്‍ക്ക് യു.പി.ഐ അക്കൗണ്ട് ഉണ്ടാക്കാനാവില്ല. വാലിഡിറ്റിയുള്ള, ആക്ടിവാക്കിയ എ.ടി.എം കാർഡും മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്ത അക്കൗണ്ട് നമ്പറും ഉ​ണ്ടെങ്കില്‍ മാത്രമേ യു.പി.ഐ അക്കൗണ്ട് തുടങ്ങാൻ സാധിക്കുകയുള്ളൂ.

ഇന്ത്യക്ക് പുറത്തിരുന്ന് ആക്ടിവേറ്റ് ചെയ്യണമെങ്കില്‍ റോമിങ് എനേബ്ളായ നമ്പറായിരിക്കണം അത്. ഗൂഗ്ള്‍ പേയില്‍ ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ ആധാര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാനും സൗകര്യം വന്നുതുടങ്ങിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടില്‍ ലിങ്ക് ചെയ്ത ആക്ടിവായ ഫോണ്‍ നമ്പറും എ.ടി.എം കാര്‍ഡും ഉണ്ടെങ്കില്‍ യു.പി.ഐ ആപ് വഴി അക്കൗണ്ട് തുടങ്ങാം. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ബാങ്ക് അക്കൗണ്ടില്‍ ലിങ്ക് ചെയ്ത ഫോണ്‍ നമ്പറിന്റെ സിം യു.പി.ഐ ആപ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന അതേ ഫോണില്‍ ഉണ്ടെങ്കില്‍ മാത്രമേ യു.പി.ഐ അക്കൗണ്ട് ക്രിയേറ്റ് ചെയ്യാനും യു.പി.ഐ ട്രാന്‍സാക്ഷന്‍സ് നടത്താനും സാധിക്കൂ. സിം മാറ്റിയാല്‍ ആ നിമിഷം യു.പി.ഐ അക്കൗണ്ടിലേക്ക് പ്രവേശനം നഷ്ടമാകും.


ഏത് യു.പി.ഐ ആപ് ഉപയോഗിക്കണം?

ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത് ഗൂഗ്ള്‍ പേ (ജി -പേ), ഫോണ്‍ പേ, പേ.ടി.എം എന്നിവയാണ്. നമ്മളാഗ്രഹിക്കുന്ന നിരവധി സൗകര്യങ്ങള്‍ അതിലുണ്ടാകുമെങ്കിലും അവയെല്ലാം തേഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ ആണെന്നതിനാൽ അതിലൂടെ നടക്കുന്ന ഇടപാടുകളുമായി ബന്ധപ്പെട്ട പരാതികൾ ബാങ്കുകള്‍ പരിഗണിക്കില്ല എന്നുംകൂടി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.

ബാങ്കുകള്‍ റെക്കമൻഡ് ചെയ്യുന്നത് അതത് ബാങ്കുകളുടെ ആപ്ലിക്കേഷനുകള്‍ക്കുള്ളില്‍ യു.പി.ഐ ആക്ടിവേറ്റ് ചെയ്യാനോ അല്ലെങ്കില്‍ സര്‍ക്കാർ നിയന്ത്രണമുള്ള ഭിം ആപ്പോ ഉപയോഗിക്കാനാണ്. അവയിലൂടെ നടക്കുന്ന ഇടപാടുകൾക്ക് മാത്രമേ ബാങ്കുകള്‍ ഉത്തരവാദിത്തം ഏല്‍ക്കുന്നുള്ളൂ. നമ്മള്‍ യു.പി.ഐ സൗകര്യമുള്ള ഏത് ആപ് ഉപയോഗിച്ചാലും അതേ സൗകര്യമുള്ള മറ്റേത് ആപ്ലിക്കേഷനിലേക്കും പണം അയക്കാനും സ്വീകരിക്കാനും സാധിക്കും. നിലവില്‍ ഇന്ത്യക്കകത്ത് പരസ്പരം ട്രാന്‍സാക്ഷന്‍ നടത്താനാണ് യു.പി.ഐ ആപ്ലിക്കേഷനുകള്‍കൊണ്ട് കഴിയുന്നത്. ഫോണ്‍ പേ ഇപ്പോള്‍ മറ്റു രാജ്യങ്ങളിലും ഉപയോഗിക്കാന്‍ സാധിക്കുന്നുണ്ട്.

ഭിം ആപ്പില്‍ യു.പി.ഐ ഐ.ഡി ക്രിയേറ്റ് ചെയ്യുന്ന വിധം

പ്ലേ സ്റ്റോറില്‍നിന്ന്​ ഭിം ആപ് ഇന്‍സ്റ്റാള്‍ ചെയ്ത് ബാങ്കില്‍ നൽകിയ നമ്പറിലുള്ള സിം ഫോണിലിട്ട് വെരിഫൈ ചെയ്ത ശേഷം അക്കൗണ്ടുള്ള ബാങ്ക് തിരഞ്ഞെടുക്കാം. അത് സെലക്ട് ചെയ്ത് നിങ്ങളുടെ എ.ടി.എം കാര്‍ഡിന്റെ വിവരങ്ങള്‍ നല്‍കിയ ശേഷം നാല് അല്ലെങ്കില്‍ ആറക്കത്തിലുള്ള ഒരു യു.പി.ഐ പിന്‍ സെറ്റ് ചെയ്തുകഴിഞ്ഞാല്‍ ഭിം ആപ് തയാർ.

ഇനി ആപ്പില്‍ കാണുന്ന പ്രൊഫൈൽ എന്നത് സെലക്ട് ചെയ്താല്‍ നിങ്ങളുടെ മൊബൈല്‍ നമ്പർ@upi എന്ന യു.പി.ഐ ഐഡി കാണാം. അതുകൂടാതെ കസ്റ്റം ആയിട്ട് അതായത് വാക്കുകളോ അക്കങ്ങളോ ചേര്‍ത്ത് നിങ്ങളുടെ പേരിലും അത്തരത്തിലുള്ള ഐ.ഡി ക്രിയേറ്റ് ചെയ്യാനും അത് ലഭ്യമെങ്കില്‍ സെലക്ട് ചെയ്യാനുമുള്ള ഒാപ്ഷനും കാണാം. ശേഷം പ്രൊഫൈല്‍ എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത് ഡിഫോള്‍ട്ടായി കാണുന്ന ബാങ്ക് അക്കൗണ്ട് സെലക്ട് ചെയ്താല്‍ വരുന്ന പേജില്‍ താഴെയായുള്ള പ്ലസ് ബട്ടണ്‍ അമര്‍ത്തിയാല്‍ നമുക്കുള്ള ഒന്നിലധികമായിട്ടുള്ള ബാങ്ക് അക്കൗണ്ടുകള്‍, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ലിങ്ക് ചെയ്യാം.

ക്രെഡിറ്റ് കാര്‍ഡ് ലിങ്ക് ചെയ്താല്‍ ബില്ലുകള്‍ പേ ചെയ്യാന്‍ മാത്രമാണ് ഉപകാരപ്പെടുക, പണം ട്രാന്‍സ്ഫര്‍ അതിലൂടെ സാധ്യമല്ല. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ഭിം ആപ്പില്‍ ചേർത്തശേഷം അക്കൗണ്ടുകളുടെ പേജില്‍ നമുക്ക് ഓരോ അക്കൗണ്ടിലും ബാലന്‍സുള്ള തുക അറിയാനും ഡിഫോള്‍ട്ടായ ബാങ്ക് അക്കൗണ്ട് ഏതാണുവേണ്ടത് എന്ന് സെലക്ട് ചെയ്യാനും സാധിക്കും.


ഭിം ആപ്

സര്‍ക്കാറിന് നേരിട്ട് നിയന്ത്രണമുള്ള ആപ്ലിക്കേഷനാണ് ഭിം. ഇന്നുള്ള മറ്റെല്ലാ യു.പി.ഐ ആപ്പുകളും ഭിം ആപ്പിന്റെ ഇന്റര്‍ഫേസുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. യു.പി.ഐ എന്നാല്‍ ഭിം എന്നു ചുരുക്കം. മുകളിൽ സൂചിപ്പിച്ചതുപോലെ നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കാതെ നമുക്ക് പണമിടപാട് നടത്താന്‍ നിങ്ങള്‍ക്ക് മാത്രമായുള്ള ഒരു ഐഡി ആവശ്യമാണ്. ഇത്തരത്തിലുള്ള ഐ.ഡി ഫോണ്‍ പേയില്‍ yourname@ybl എന്നാണെങ്കില്‍ ഗൂഗ്ള്‍ പേയില്‍ yourname@okhdfcbank എന്നാകാം. പക്ഷേ, നിങ്ങള്‍ക്ക് yourname@upi എന്നുള്ള ഒരു യു.പി.ഐ ഐഡി വേണമെന്നുണ്ടെങ്കില്‍ അത് ഭിം ആപ്പിലൂടെ മാത്രമാണു സാധ്യമാവുക.

ഭിം ആപ്പും സ്വകാര്യ ആപ്പുകളും തമ്മിലുള്ള വ്യത്യാസം

ഫോണ്‍ പേ, ഗൂഗ്ള്‍ പേ എന്നിവയിലും സമാനമായ രീതിയില്‍ തന്നെയാണ് അക്കൗണ്ടുകള്‍ നിർമിക്കാനാവുക. ഇവയുടെ എല്ലാം യൂസര്‍ ഇന്റര്‍ഫേസിലും നല്‍കുന്ന സർവിസുകളിലുമാണ് വ്യത്യാസം ഉണ്ടാവുക. കൂടാതെ ഫോണ്‍ പേ പോലെ ചില തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളില്‍ വാലറ്റ് എന്ന സംവിധാനവുമുണ്ട്. നമ്മുടെ ബാങ്ക് അക്കൗണ്ടിലുള്ള പണം ഇവരുടെ ആപ്ലിക്കേഷനിലേക്ക് ആഡ് ചെയ്യുകയും ബാങ്കുകളുടെ സെര്‍വര്‍ തകരാര്‍ മൂലം യു.പി.ഐ പേമെന്റ് നടത്താന്‍ കഴിയാത്ത അവസരങ്ങളില്‍ നമുക്ക് വാലറ്റിലെ പണം ഉപയോഗിക്കാനും കഴിയും.

പക്ഷേ, അങ്ങനെ വാലറ്റില്‍ ആഡ് ചെയ്തിരിക്കുന്ന തുക നമുക്ക് മറ്റൊരു വ്യക്തിക്ക് അയക്കാനോ ക്രെഡിറ്റ് കാര്‍ഡ് പേമെന്റ് നടത്താനോ സാധിക്കില്ല. ഫോണ്‍ റീചാര്‍ജ് ചെയ്യൽ, ഭക്ഷണം ഓര്‍ഡര്‍ ചെയ്യൽ തുടങ്ങിയ ചുരുക്കം അവസരങ്ങളില്‍ മാത്രമേ വാലറ്റിലെ തുക നമുക്ക് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. അതിനാൽ വലിയ തുകയൊന്നും വാലറ്റില്‍ ഇടാതിരിക്കാന്‍ ശ്രദ്ധിക്കുക.


ഫോണ്‍ നമ്പർ കൈമാറാതെ എങ്ങനെ പണം അയക്കാം?

ഏത് യു.പി.ഐ ആപ്പില്‍നിന്നും ഒരാള്‍ക്ക് നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം അയക്കാന്‍ നിങ്ങളുടെ ആ ഒരു ഐഡി മാത്രം കിട്ടിയാല്‍ മതിയാകും. ഇക്കാരണത്താൽ ഫോണ്‍ നമ്പർ പോലെയുള്ള സ്വകാര്യവിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് കിട്ടിയാല്‍ ബുദ്ധിമുട്ടുണ്ടാകുന്നവർക്ക് (നമ്പറിനു പകരം വാക്കുകളോ അക്കങ്ങളോ ചേര്‍ത്ത് ഐ.ഡി ക്രിയേറ്റ് ചെയ്യാം) യു.പി.ഐ ആപ് ഒരനുഗ്രഹം തന്നെയാണ്.

ആപ് ഏതായാലും ഗൂഗ്ള്‍ പേ ആണെങ്കിൽ Pay UPI ID or number എന്നതും ഫോണ്‍ പേയില്‍ ഹോം സ്ക്രീനില്‍ ആദ്യ ലൈനില്‍ത്തന്നെ To Bank / UPI ID എന്നതും സെലക്ട് ചെയ്ത് അതിൽ അയക്കേണ്ട ആളുടെ ഐഡി ടൈപ് ചെയ്ത് കണ്ടിന്യൂ അമര്‍ത്തിയാല്‍ ആ യു.പി.ഐ അക്കൗണ്ട് ആരുടേതാണ് എന്ന് കാണിക്കുകയും ഒപ്പം അയാള്‍ക്ക് പണം അയക്കാനുള്ള ഒപ്ഷൻ കാണുകയും ചെയ്യും.

വാട്സ്ആപ്പിലും പണമയക്കാം

വാട്സ്ആപ്പിന്റെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് അവര്‍ മറ്റുള്ളവരോട് സന്ദേശം ടൈപ് ചെയ്യുന്നതിന്റെ വലതു വശത്തായിട്ട് രൂപയുടെ ഐക്കണ്‍ കാണാം. അത് സെലക്ട് ചെയ്ത് ബാങ്കിന്റെ പേര് സെലക്ട് ചെയ്ത് എ.ടി.എം കാര്‍ഡിന്റെ അവസാന ആറക്കവും എക്സ്പയറി തീയതിയും നല്‍കിയ ശേഷം ഒരു യു.പി.ഐ പിന്‍ സെറ്റ് ചെയ്താല്‍ പിന്നീട് ആര്‍ക്കാണോ പണം അയക്കേണ്ടത് അവരുടെ ചാറ്റ് വിൻഡോയില്‍ ആ രൂപയുടെ ഐക്കണ്‍ അമര്‍ത്തിയാല്‍ അവര്‍ക്ക് പേമെന്റ് ചെയ്യാന്‍ ആകും. ബിസിനസ് വാട്സ്ആപ്പില്‍ ഇപ്പോള്‍ ആ സൗകര്യമില്ല. വാട്സ്ആപ്പിന്റെ മുകളിലുള്ള മൂന്നു ഡോട്ടുകളില്‍ പ്രസ് ചെയ്താല്‍ കിട്ടുന്ന പേമെന്റ്സ് എന്നതില്‍ വാട്സ്ആപ് ഉപയോഗിക്കാത്തവര്‍ക്കും പേമെന്റ് ചെയ്യാനുള്ള യു.പി.ഐ സൗകര്യം കാണാം.


യു.പി.ഐ വഴി പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോൾ കിട്ടിയില്ലെങ്കില്‍ എന്തു ചെയ്യണം?

തേഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിച്ച് പേമെന്റ് നടത്തി പരാജയപ്പെട്ടാല്‍ ബാങ്കുകൾക്ക് നിങ്ങളെ സഹായിക്കാന്‍ ആവില്ല എന്നതാണു സത്യം. സാധാരണയായി നമ്മള്‍ ഒരു ഇടപാട് നടത്തി അത് പരാജയപ്പെടുകയും അക്കൗണ്ടില്‍നിന്ന് പണം ഡെബിറ്റ് ആവുകയും ചെയ്താല്‍ ഏഴു പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ (ഏഴു ദിവസമല്ല) ആ തുക തിരികെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകും. അങ്ങനെ ആ തുക വന്നിട്ടുണ്ടോ എന്നറിയാന്‍ നിങ്ങള്‍ ട്രാന്‍സാക്ഷനുപയോഗിച്ച ആപ്പിന്‍റെ ട്രാന്‍സാക്ഷന്‍ ഹിസ്റ്ററി നോക്കിയാല്‍ അതിലത് കണ്ടെത്താനാവില്ല. അതിന് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിന്റെ ലേറ്റസ്റ്റ് സ്റ്റേറ്റ്മെന്റ് എടുത്തുനോക്കുകതന്നെ വേണം.

ഇനി ഏഴു ദിവസത്തിനകവും വന്നിട്ടില്ലെങ്കില്‍ ആ തുക തിരികെ ലഭിക്കാനായി പലവിധത്തിലുള്ള സൗകര്യങ്ങളുണ്ട്. അതിലൊന്ന് ഏത് ആപ്ലിക്കേഷന്‍ വഴിയാണോ പണം ട്രാന്‍സ്ഫര്‍ ചെയ്തത് അവരുടെ കസ്റ്റമര്‍ കെയര്‍ സെന്ററുമായി ബന്ധപ്പെടുക എന്നതാണ്. കസ്റ്റമര്‍ കെയര്‍ നമ്പറിനായി ഒരിക്കലും ഗൂഗിളില്‍ സെര്‍ച് ചെയ്യരുത്. അത്തരത്തില്‍ നിങ്ങള്‍ എത്തപ്പെടുന്നത് ഹാക്കര്‍മാര്‍ ഒരുക്കുന്ന വ്യാജ കസ്റ്റമര്‍ കെയര്‍ സെന്ററിലായിരിക്കും. ഗൂഗ്ള്‍ പേ ആണെങ്കില്‍ അതില്‍ വലതു വശത്ത് പ്രൊഫൈൽ ഐക്കണില്‍ സെലക്ട് ചെയ്ത് ‘ഗെറ്റ് ഹെല്‍പ്’ എന്നത് ഉപയോഗിക്കുക. ഫോണ്‍ പേയിൽ പ്രൊഫൈൽ ഫോട്ടോ സെലക്ട് ചെയ്യുക. അപ്പോള്‍ വരുന്ന പേജില്‍ വലതു വശത്തുള്ള ‘ചോദ്യചിഹ്ന’ത്തില്‍ തൊട്ടാൽ അവരെ ബന്ധപ്പെടാം.

യു.പി.ഐ ട്രാന്‍സാക്ഷനും അക്കൗണ്ട് ഫ്രീസാവലും

നമ്മുടെ അക്കൗണ്ടിലേക്ക് സംശയകരമായ ഉറവിടത്തിൽനിന്ന് പണം വന്നാല്‍ അക്കൗണ്ട് ഫ്രീസ് ചെയ്യപ്പെട്ടേക്കാം. അത് യു.പി.ഐ ഉപയോഗിച്ചതുകൊണ്ടാകണമെന്നില്ല. ബാങ്ക് ട്രാന്‍സ്ഫര്‍ ആയാലും സംഭവിക്കാം. നമ്മുടെ അക്കൗണ്ടില്‍ പണം ഉണ്ടെങ്കില്‍ അന്വേഷണം തീരുംവരെ ആ തുക ഉപയോഗിക്കാന്‍ കഴിയാത്തവിധം ലോക്ക് ചെയ്യപ്പെടും. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാന്‍ അപരിചിതരുമായി/കസ്റ്റമേഴ്സുമായി യു.പി.ഐ ഇടപാടിനായി ഉപയോഗിക്കുന്ന അക്കൗണ്ടില്‍ വലിയ തുകകള്‍ സൂക്ഷിക്കാതെ, യു.പി.ഐ ഉപയോഗിക്കാത്ത മറ്റൊരു ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കുന്നതാകും ഉചിതം.


യു.പി.ഐ ലൈറ്റ്​

യു.പി.ഐ ഇടപാടുകൾ കൂടുതൽ സുഗമമാക്കാനും സ്റ്റേറ്റ്​മെന്റിൽ ചെറിയ തുകകൾ നിറയുന്നത് ഒഴിവാക്കാനും യു.പി.ഐ ലൈറ്റ് സഹായകമാകും. 500 രൂപ വരെയുള്ള ഇടപാടുകൾക്കായി യു.പി.ഐ ആപ്പിൽ പ്രത്യേകമായ ഒരു വാലറ്റ് ഉണ്ടാകും. ഇതിൽ പരമാവധി 2,000 രൂപ വരെ ഒരുസമയം സൂക്ഷിക്കാം.

ഇന്റർനെറ്റ് ഇല്ലാത്തപ്പോൾ ഫോണിലെ നിയർ ഫീൽഡ് കമ്യൂണിക്കേഷൻ (എൻ.എഫ്.സി) വഴിയും യു.പി.ഐ ലൈറ്റ് ഇടപാടുകൾ നടത്താൻ വൈകാതെ അവസരമൊരുങ്ങും.

പണം തെറ്റി അയച്ചാൽ

തെറ്റായ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്താല്‍ അതെങ്ങനെ തിരികെ എടുക്കാം എന്ന് പലരും അന്വേഷിക്കുന്ന കാര്യമാണ്. അതിനായി നാഷനല്‍ പേമെന്റ് കോര്‍പറേഷന്‍ അവരുടെ വെബ്സൈറ്റില്‍ https://www.npci.org.in/what-we-do/upi/dispute-redressal-mechanism എന്ന ലിങ്കില്‍ സൗകര്യമുണ്ട്. ഇവിടെ ഇഷ്യൂ Incorrectly transferred to another account എന്നത് സെലക്ട് ചെയ്ത് ട്രാന്‍സാക്ഷന്‍ വിവരങ്ങളും ബാങ്ക് അക്കൗണ്ടിന്റെയും പാസ് ബുക്കിന്റെ കോപ്പിയും സബ്മിറ്റ് ചെയ്യണം.

Tags:    
News Summary - UPI Transaction Charges: Limit Per Day, Guidelines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.