പി.എച്ച്.ഡിക്കുള്ള അപേക്ഷ തഴയപ്പെട്ടത് 114 തവണ; ഒടുവിൽ വിജയം, ഇത് ‘തോറ്റുതോറ്റു’ നേടിയ ജിഷയുടെ വിജയം

പരാജയ​ത്തിന്‍റെ കയ്പുനീരിൽ പതറാതെ ​പൊരുതിയതിന്‍റെ ഒടുക്കം ആനന്ദക്കണ്ണീരണിഞ്ഞ്​ ആലപ്പുഴ കായംകുളം കറ്റാനം സ്വദേശി ജിഷ ജാസ്മിൻ. പിഎച്ച്.ഡിക്കുള്ള ജിഷയുടെ 114 അപേക്ഷകളായിരുന്നു തഴയപ്പെട്ടത്. തോൽവിക്കോ നിരാശക്കോ കീഴടങ്ങാതെ ക്ഷമയോടെ കിട്ടുവോളം പരിശ്രമിച്ചതോടെ ഒടുവിൽ വിജയവും തേടിയെത്തി.

ഡബ്ലിനിലെ റോയൽ കോളജ് ഓഫ് സർജൻസിയിൽ (RCSI) സയൻസ് ഫൗണ്ടേഷൻ ഓഫ് അയർലൻഡും യൂറോപ്യൻ യൂനിയന്റെ മേരി ക്യൂറി സ്ക്ലോഡോവിസ്ക-ക്യൂറി ആക്‌ഷൻസും ചേർന്ന് ഫണ്ട് ചെയ്യുന്ന ഇന്റഗ്രേറ്റിവ് ജീനോമിക്സ് ഡേറ്റ സയൻസിൽ പിഎച്ച്.ഡി ചെയ്യുകയാണ് ജിഷ. ജീനോമിക് ഡേറ്റ സയൻസ് അയർലൻഡിൽ റിസർച്ചിനും മറ്റും ആവശ്യമായിവന്നപ്പോൾ ഇവിടത്തെ സയൻസ് ഫൗണ്ടേഷൻ അയർലൻഡ് ഇറക്കിയ ഒരു പ്രോഗ്രാമാണ് സയൻസ് ഫൗണ്ടേഷൻ അയർലൻഡ് സെന്‍റർ ഫോർ റിസർച് ട്രെയിനിങ് ഇൻ ജീനോമിക് ഡേറ്റ സയൻസ്. പ്രോഗ്രാമിന്‍റെ ഭാഗമായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന്​ തിരഞ്ഞെടുത്ത വിദ്യാർഥികളെ ജീനോമിക് ഡേറ്റ സയൻസിൽ എക്സ്പീരിയൻസാക്കി റിസർച് ഫീൽഡിലേക്ക് ഇറക്കുക എന്നതാണ് ലക്ഷ്യം.


മാവേലിക്കര ബിഷപ് മൂർ കോളജിലായിരുന്നു ബി.എസ്​സി ഫിസിക്സ് പഠനം. ആഗ്രഹിച്ച വിഷയം ലഭിക്കാത്തതിനാൽ ഫിസിക്സിനോട് ‘പൊരുത്തപ്പെടേണ്ടി’വന്നെങ്കിലും അഞ്ചാം സെമസ്റ്ററിലെ ഓപ്ഷൻ പേപ്പർ ചോയ്സ്, ആറാം സെമസ്റ്ററിലെ പ്രോഗ്രാമിങ് എന്നിവ ജിഷയുടെ പഠന ‘റൂട്ട്’ തിരിച്ചുവിട്ടു. പിന്നീടാണ് രണ്ടു വിഷയവും ചേർന്ന ബയോ ഇൻഫർമാറ്റിക്സിനെ കൂടുതൽ മനസ്സിലാക്കിയത്. തുടർന്ന് ആലുവ യു.സി കോളജിൽ എം.എസ് സി ബയോ ഇൻഫർമാറ്റിക്സിൽ പഠനം. എം.ജി സർവകലാശാലയിൽ രണ്ടാം റാങ്കോടെ വിജയിച്ചു. പരസ്പരബന്ധമില്ലാത്ത കോഴ്സാണെന്നും ഭാവി താളംതെറ്റുമെന്നുമെല്ലാം പറഞ്ഞ് അധ്യാപകരടക്കമുള്ള പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ജിഷയുടെ ചുവട് മുന്നോട്ടുതന്നെയായിരുന്നു.

ഇതിനൊപ്പം ഫെലോഷിപ് പ്രോഗ്രാമുകൾക്കും അപേക്ഷിച്ചുകൊണ്ടിരുന്നു. ബാംഗ്ലൂർ ജെ.എൻ.സി.എ.എസ്.ആറിൽ മോളിക്യുലാർ ബയോളജിയിൽ ഒരു ബയോ ഇൻഫർമാറ്റിക്സ് ആപ്ലിക്കേഷനിലായിരുന്നു ആദ്യ ഫെലോഷിപ്. പിറ്റേ വർഷം ഇന്ത്യൻ നാഷനൽ അക്കാദമി ഓഫ് സയൻസ് സമ്മർ ഫെലോഷിപ് ലഭിച്ചതോടെ തിരുവനന്തപുരം ആർ.ജി.സി.ബിയിൽ ബയോ ഇൻഫർമാറ്റിക്സിന്‍റെ സബ് ബ്രാഞ്ചായ മെറ്റ ജീനോമിക്സിൽ റിസർച് ചെയ്തു. ബാംഗ്ലൂർ എൻ.സി.ബി.എസിൽ ബയോ ടെക്നോളജിയിലാണ് പ്രോജക്ട് ചെയ്തത്. ചുരുക്കം മൂന്നും വ്യത്യസ്ത മേഖലയിലായിരുന്നു.

പ്രോഗ്രാമിന്‍റെ ഭാഗമായി ലിസ്റ്റ് ചെയ്ത 25ഓളം സ്ഥാപനങ്ങളിൽ ഇഷ്ടമുള്ളതിൽ അഡ്മിഷൻ എടുക്കാം. പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതോടെ പാരന്‍റ് യൂനിവേഴ്സിറ്റിയായ ഗാൽവേയിൽ ആദ്യ മൂന്നുമാസം വിവിധ മേഖലകളിൽ സ്കിൽ പരിശീലനം ലഭിക്കും. 26ഓളം വിദ്യാർഥികളാണ് ജിഷയുടെ ബാച്ചിലുള്ളത്.

മറ്റു വിദ്യാർഥി (സ്റ്റുഡന്‍റ് വിസ) കളിൽനിന്ന് വ്യത്യസ്തമായി റിസർച്ചേഴ്സിനെ കൊണ്ടുവരുന്ന ഹോസ്റ്റിങ് എഗ്രിമെന്‍റ് വിസ സ്കീം പരിഗണനയും ലഭിച്ചു. അതുപ്രകാരം ഏതെങ്കിലും ഒരു യൂനിവേഴ്സിറ്റിയുടെ ജീവനക്കാരിയാവണം. പഠനത്തിനുപുറമെ ജോലിചെയ്യാനുള്ള പരിരക്ഷകൂടി ഇതുവഴി ലഭിക്കും.

“പിഎച്ച്.ഡിയായിരുന്നു സ്വപ്നം. റിസർച് ഫീൽഡിലേക്ക് ഇറങ്ങിയപ്പോൾ അഭിമുഖം പോലും കിട്ടിയില്ല. ഇന്‍റർ ഡിസിപ്ലിനറിയായി പഠിച്ചതായിരുന്നു കാരണം. റിജക്ഷൻ ലെറ്ററിലെല്ലാം അക്കാരണം എടുത്തുപറഞ്ഞിരുന്നു. ജോലിക്ക് അപേക്ഷിച്ചപ്പോഴും ഇതേ പ്രശ്നം തടസ്സമായി. യൂനിവേഴ്സിറ്റി റാങ്കിനൊന്നും പരിഗണനയേ ഉണ്ടായിരുന്നില്ല. കരിയർ ഗ്യാപ് വരാതിരിക്കാനാണ് ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജോലിക്ക് കയറിയത്. അവിടെനിന്ന് ചില ഓൺലൈൻ കോഴ്സുകൾ പഠിച്ചു.

ഒപ്പം ഗവേഷണത്തിനും ജോലിക്കുമുള്ള അപേക്ഷകളും നിരന്തരം അയച്ചുകൊണ്ടിരുന്നു. അതിനിടെയാണ് യൂനിവേഴ്സിറ്റി ഓഫ് ഡബ്ലിനിലെ ഒരു സൂപ്പർവൈസർ എന്‍റെ അപേക്ഷ ഷോർട്ട് ലിസ്റ്റ് ചെയ്തത്. ഒരു സീറ്റ് മാത്രം ഒഴിവുള്ളതിനാൽ അഭിമുഖത്തിൽ മൂന്നാം സ്ഥാനം നേടിയ എനിക്ക് അവസരം കിട്ടിയില്ല. ആ സൂപ്പർവൈസർ വഴിയാണ് നിലവിലുള്ള പ്രോഗ്രാമിനെ സംബന്ധിച്ച് അറിഞ്ഞതും അപേക്ഷിച്ചതും.

115 അപേക്ഷകളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് അഭിമുഖം കിട്ടിയത്’’ -ജിഷ പറഞ്ഞുനിർത്തി. നാലു വർഷത്തെ പ്രോഗ്രാമിൽ പ്രതിവർഷം 25.3 ലക്ഷം രൂപയോളം ലഭിക്കും. ഇതിനുപുറമെ മറ്റു ചെലവുകൾക്കുള്ള പണവും ലഭിക്കും. തോട്ടത്തിൽ ജാസ്മിന്‍റെയും കുഞ്ഞുമോന്‍റെയും മകളാണ്. ഭർത്താവ് ആൽവിൻ ടി. സക്കറിയ കൊച്ചി ഐ.ബി.എസിൽ സോഫ്റ്റ്​വെയർ എൻജിനീയറാണ്.

Tags:    
News Summary - jisha jasmin phd scholar in ireland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.