കൊല്ലപ്പെട്ട ആഷിഖ്, അറസ്റ്റിലായ ഷഹാന, ഷിഹാബ്
പള്ളുരുത്തി(കൊച്ചി): ആളൊഴിഞ്ഞ പറമ്പിൽ നിർത്തിയിട്ടിരുന്ന ഇൻസുലേറ്റഡ് വാനിൽ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. പള്ളുരുത്തി പെരുമ്പടപ്പ് പാർക്ക് റോഡിൽ വലിയകത്ത് വീട്ടിൽ അക്ബറിന്റെ മകൻ ആഷിക്കാണ് (30) മരിച്ചത്. സംഭവത്തിൽ പള്ളുരുത്തി സ്വദേശി തോപ്പിൽ വീട്ടിൽ ഷിഹാബും (39) ഇയാളുടെ ഭാര്യയും ആഷിക്കിന്‍റെ സുഹൃത്തുമായ ഷഹാനയും (32) പള്ളുരുത്തി പൊലീസ് അറസ്റ്റിലായി. ഇരുവരും ചേർന്നാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി എട്ടോടെ ഇടക്കൊച്ചി കണ്ണങ്ങാട്ട് ഇന്ദിര ഗാന്ധി റോഡിലെ ആളൊഴിഞ്ഞ പറമ്പിൽ നിർത്തിയിട്ടിരുന്ന ഇൻസുലേറ്റഡ് വാനിൽ രക്തംവാർന്ന് അനക്കമില്ലാതെയാണ് ഇയാളെ കണ്ടത്. വാനിനു സമീപത്തുണ്ടായിരുന്ന സുഹൃത്ത് ഷഹാനയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടാണ് നാട്ടുകാർ ഓടിക്കൂടിയത്. അപകടത്തിൽപ്പെട്ടതാണെന്ന് ഷഹാന പറഞ്ഞതോടെ, നാട്ടുകാർ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ആഷിക്കിന് അപകടത്തിൽ പരിക്കേറ്റതാണെന്നാണ് യുവതി നാട്ടുകാരോടും പൊലീസിനോടും പറഞ്ഞത്. പിന്നീട് സംഭവത്തിൽ ദുരൂഹത ആരോപിച്ച് ആഷിക്കിന്‍റെ കുടുംബം രംഗത്തെത്തി. തുടർന്ന് പള്ളുരുത്തി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. ഇതോടെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ആഷിക്കിന്‍റെ ഇരു തുടകളിലും കാൽപാദത്തിലും ആഴത്തിൽ മുറിവേറ്റ് രക്തം വാർന്നതാണ് മരണകാരണം. കഴുത്തിലും പരിക്കുള്ളതായി പൊലീസ് പറഞ്ഞു. കുത്താൻ ഉപയോഗിച്ച കത്തി പ്രതികളുടെ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തു.
മാർക്കറ്റുകളിൽ മീൻ വിതരണം ചെയ്യുന്ന ജോലി ചെയ്തിരുന്ന ആഷിഖും ഷഹാനയുമായുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. ഇതറിഞ്ഞ ഷിഹാബ് ഷഹാനയെക്കൊണ്ട് ആഷിഖിനെതിരേ പോലീസിൽ പരാതി കൊടുപ്പിച്ചു. പൊലീസ് ആഷിഖിനെ അറസ്റ്റ് ചെയ്തു. ഇയാൾ 24 ദിവസം ജയിലിൽ കിടന്നു. ജയിലിൽനിന്ന് ഇറങ്ങിയ ശേഷം ഷഹാനയുടെ നഗ്നചിത്രം തന്റെ കൈയിലുണ്ടെന്നും അത് പരസ്യപ്പെടുത്തുമെന്നും ആഷിഖ് ഷഹാനയെയും ഷിഹാബിനെയും ഭീഷണിപ്പെടുത്തിയെന്നും ഇതാണ് ഇയാളെ കൊലപ്പെടുത്താൻ കാരണമായതെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു.
ആഷിക്കിനെ കൊലപ്പെടുത്തുമെന്ന് പ്രതികൾ പറഞ്ഞിരുന്നതായി ആഷിക്കിന്റെ ബന്ധുക്കളും വ്യക്തമാക്കിയിട്ടുണ്ട്. ഷിഹാബും ഷഹാനയും കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മട്ടാഞ്ചേരി അസി. കമീഷണർ ഉമേഷ് ഗോയൽ പറഞ്ഞു. ആഷിക്കിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം തങ്ങൾനഗർ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ അടക്കം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.