‘ചുമ്മാ ഓരോരുത്തര് കേറി ഡൽഹിക്ക് പോകുന്നു, കേരള ഹൗസിൽ കൂർക്കം വലിച്ചുറങ്ങുന്നു’ -കോൺഗ്രസിനെ പരിഹസിച്ച് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വരുംമുമ്പ് യു.ഡി.എഫിൽ കൂട്ട അടിയാണെങ്കിൽ ഫലം വന്ന ശേഷം മാരത്തൺ അടിയായിരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ചുമ്മാ ഓരോരുത്തര് കേറി ഡൽഹിക്ക് പോയി കേരള ഹൗസിൽ കൂർക്കം വലിച്ചുറങ്ങിയിട്ട് ഹൈക്കമാൻഡിനെ കാണാൻപോയതാണെന്ന് പറയുന്നു. അവിടെ ചെന്നാൽ സോണിയ ഗാന്ധിയെ കാണാൻ പറ്റില്ല. കോൺഗ്രസ് അധ്യക്ഷനെ കാണാനും പറ്റുന്നില്ല. സൗജന്യമുള്ളത് കൊണ്ട് കേരള ഹൗസിൽ കയറി കിടന്നുറങ്ങും- ശിവൻകുട്ടി പരിഹസിച്ചു.

കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന് വെള്ളാപ്പള്ളി; വി.ഡി. സതീശൻ പ്രവർത്തിച്ചത് ടെലിവിഷനിൽ മാത്രം

ചെറുതോണി: നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പിന്നണിയിൽനിന്ന് എല്ലാം ചെയ്തത് കെ.സി. വേണുഗോപാലാണെന്നും അദ്ദേഹത്തിന് മുഖ്യമന്ത്രിയാകാൻ യോഗ്യതയുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ. മുരിക്കാശേരിയിൽ നവീകരിച്ച എസ്.എൻ.ഡി.പി ഓഫിസ് ഉദ്ഘാടനശേഷം സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. സ്ഥാനാർഥിനിർണയം മുതൽ പ്രശ്നങ്ങളുണ്ടായപ്പോഴെല്ലാം പറഞ്ഞുതീർത്ത് ഒന്നിച്ചുകൊണ്ടുപോയതും വേണുഗോപാലാണ്. കെ.സി. വേണുഗോപാൽ അയോഗ്യനാണന്ന് താൻ പറയില്ല. ആരാണ് യോഗ്യൻ എന്നും പറയില്ല.

വി.ഡി. സതീശൻ പ്രവർത്തിച്ചത് മുഴുവൻ ടെലിവിഷനിൽ മാത്രമാണ്. ആര് നോക്കിയാലും രമേശ് ചെന്നിത്തലയെ അപ്രസക്തനാക്കാനും സാധിക്കില്ല. കോൺഗ്രസിന്റെ അത്യുന്നത പദങ്ങളിൽ ഇരുന്ന് പാരമ്പര്യമുള്ള നേതാവാണ് ചെന്നിത്തല. ലീഗും കേരള കോൺഗ്രസും സമ്മർദ തന്ത്രത്തിലൂടെ അധികാരവും സമ്പത്തും ചോർത്തിയെടുക്കുകയാണ്. കാലാകാലങ്ങളിൽ വരുന്ന സർക്കാറുകൾ ഈഴവ സമുദായത്തിന് അവഗണന മാത്രമാണ് തരുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രിയാകാന്‍ നിരവധി പേരുകൾ -പി.വി. അൻവർ

പാലക്കാട്: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയായി പരിഗണിക്കാന്‍ നിരവധി പേരുകളുണ്ടെന്നും പിണറായി വിജയനും മരുമകനും പ്രതിപക്ഷ നേതാവ് ആരാകുമെന്ന ചർച്ച നടത്തട്ടേയെന്നും തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി.വി. അന്‍വർ. കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ തനിക്ക് ഒരുപോലെ വേണ്ടപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അൻവർ.

സി.പി.എമ്മില്‍നിന്ന് വിട്ടുപോയ എല്ലാ നേതാക്കളുമായും ചര്‍ച്ച നടത്തും. പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇവര്‍ക്കെതിരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ട്. സി.പി.എം വിട്ട നേതാക്കളുടെ കൂട്ടായ്മയുടെ രൂപം യു.ഡി.എഫ് നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും അൻവർ പറഞ്ഞു.

Tags:    
News Summary - Minister V Sivankutty mocks Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.