'വലയിലായ' മിണ്ടാപ്രാണിക്ക്​ രക്ഷകനായി​ യുവാവ്​

പയ്യന്നൂർ: വലയിലകപ്പെട്ട ചേരയെ സാഹസിമായി രക്ഷപ്പെടുത്തി ജീവി സ്നേഹത്തിന് മാതൃകയായി യുവാവ്. കണ്ടോത്തെ നിർമാണ തൊഴിലാളി അജിത്താണ് വലയിൽ കുടുങ്ങിയ ചേരയെ രക്ഷിച്ച് പ്രകൃതി സ്നേഹികളുടെ ആദരം പിടിച്ചുപറ്റിയത്. പാമ്പി​െൻറ വായിലകപ്പെട്ട തവള പതിവ് കഥാപാത്രമാണ്. എന്നാൽ ഇവിടെ ചേരയാണ് പെട്ടുപോയത്. ഒന്നാന്തരം കണ്ണി വലയിൽ.

പയ്യന്നൂർ കോളജ് ശാസ്ത്ര ബിരുദവിദ്യാർഥി അനുരാഗ് സുഗുണൻ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കോത്തായിമുക്കിലെ വീട്ടുവളപ്പിൽ ഒരുക്കിയ മത്സ്യകുളത്തിന് മീതെ വിരിച്ച വലയിലാണ് എട്ടടി നീളമുള്ള ചേരപ്പാമ്പ് കുടുങ്ങിയത്. ഓല വെച്ചും ആളനക്കമുണ്ടാക്കിയുമൊക്കെ കഴിയാവുന്നത്ര പണിപ്പെട്ടിട്ടും കുരുക്ക് നീങ്ങിയില്ല. അപ്പൊഴാണ് അതുവഴി പോയ അജിത്ത് രക്ഷാദൗത്യം സ്വയമേറ്റെടുത്തത്. 

വാലിൽ ചവിട്ടിപ്പിടിച്ച് കൈവെള്ളയിലെ തുണികൊണ്ട് തല മുറുക്കെപ്പിടിച്ച് ചേരയെ ആദ്യം വരുതിയിലാക്കി. പിന്നെ കത്രിക കൊണ്ട് പതിയെ കണ്ണികൾ മുറിച്ച് നീക്കി. ചേരയുടെ ഉദരത്തിൽ വളയം പോലെ വലയം ചെയ്ത ഒടുവിലത്തെ കണ്ണി മുറിക്കാൻ നന്നെ പാടുപെട്ടു. അത് മുറിച്ചില്ലെങ്കിൽ ചേരയെങ്ങനെ ഇരയെ വിഴുങ്ങുമെന്ന ആധിയായിരുന്നു അജിയുടെ ഉള്ളിൽ.ഏറെ ശ്രമത്തിന് ശേഷം ആ കണ്ണി കൂടി മുറിച്ചു മാറ്റാനായി. 

സ്വതന്ത്രയാക്കിയ ശേഷം വലക്കണ്ണികൾ മുറുകിയ ഭാഗത്ത് ഒന്ന് തലോടി ചുറ്റുപാടും നോക്കി ചേരയെ നിലത്തിറക്കി വിട്ടു. ചേരയാകട്ടെ ചോരവീഴ്ത്താതെ പരിചരിച്ചതിന്  ഒരു തിരിഞ്ഞുനോട്ടത്തിലൂടെ സ്നേഹവായ്പ്പ് പകർന്ന് ഇരയെയോ ഇണയെയോ തേടി ദൂരേക്ക് പോവുകയും ചെയ്തു.

Tags:    
News Summary - youth rescued rat snake which locked in a net

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.