മലപ്പുറം: മുസ് ലിംലീഗ് മന്ത്രിമാരുടെ പരിചയക്കുറവാണ്, കൃത്യമായ നിലപാടെടുക്കുന്നതിലുള്ള പാളിച്ചകൾക്കും അതിനെതുടർന്നുള്ള വിവാദങ്ങൾക്കും കാരണമാകുന്നതെന്ന് യൂത്ത്‍ലീഗിൽ രൂക്ഷ വിമർശനം. പി.എം. ശ്രീ വിഷയത്തിൽ യു.ഡി.എഫിന്റെ പ്രഖ്യാപിത നിലപാടിൽനിന്ന് വ്യതിചലിച്ചെന്നും പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ സാധാരണ പ്രവർത്തകരെ അവഗണിച്ചെന്നും മലപ്പുറം ജില്ല പ്രവർത്തകസമിതി യോഗത്തിൽ വിമർശനമുയർന്നു.
പത്ത് വർഷത്തിനുശേഷം യു.ഡി.എഫ് അധികാരത്തിൽവന്ന സന്തോഷത്തിനിടയിലും നിരാശയുണ്ടാകുന്ന സമീപനമാണ് പാർട്ടി മന്ത്രിമാരിൽനിന്ന് അടിക്കടി ഉണ്ടാകുന്നത്. പി.എം. ശ്രീ വേണ്ടെന്ന നിലപാടിൽനിന്ന് പിന്നോട്ടുപോയെന്ന തോന്നൽ സൃഷ്ടിക്കുന്ന തരത്തിലാണ് മന്ത്രിമാർ സംസാരിക്കുന്നത്. പി.എം.എ.വൈ വിവാദത്തിലും പ്ലസ് വൺ വിഷയത്തിലും മന്ത്രിമാരുടെ അഭിപ്രായപ്രകടനം അപക്വമായി. യു.ഡി.എഫിന് വേണ്ടി സമരം ചെയ്യുകയും മർദനമേൽക്കുകയും ചെയ്ത യൂത്ത് ലീഗ് പ്രവർത്തകരെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലേക്ക് പരിഗണിച്ചില്ല.
നിയമനങ്ങൾക്കായി പരിഗണിക്കേണ്ടവരുടെ പട്ടിക കീഴ്ഘടകങ്ങൾ നൽകിയിട്ടും ജില്ലതല സ്ക്രീനിങ് കമ്മിറ്റിയെ മറികടന്ന്, അനർഹരായ പലരും പേഴ്സണൽ സ്റ്റാഫിൽ കയറിപ്പറ്റിയതായും യോഗത്തിൽ വിമർശനമുയർന്നു. പേഴ്സൺ സ്റ്റാഫ് നിയമത്തിൽ പഞ്ചായത്ത്, മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി യോഗത്തിലുയർന്ന വിമർശനത്തിന്റെ തുടർച്ചയാണ് ജില്ല പ്രവർത്തക സമിതിയിലും ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.