കേരള ഹൈകോടതി
കൊച്ചി: അകന്നു കഴിയുന്ന ദമ്പതികളിൽ യു.കെയിൽ ജോലിയുള്ള മാതാവിനൊപ്പം കുട്ടിയെ വിടാൻ 75 ലക്ഷത്തിന്റെ സെക്യൂരിറ്റി കെട്ടിവെക്കണമെന്ന കുടുംബ കോടതി ഉത്തരവ് ഹൈകോടതി റദ്ദാക്കി. 75 ലക്ഷത്തിന്‍റെ സെക്യൂരിറ്റിക്ക് പുറമെ 7.5 ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയുടെ രണ്ടു പേരുടെ ജാമ്യവും കെട്ടിവെക്കണമെന്ന ഉത്തരവും ജസ്റ്റിസ് നിഷ ബാനു, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് റദ്ദാക്കി. തൃശൂർ കുടുംബ കോടതി ഉത്തരവ് ചോദ്യം ചെയ്ത് കുട്ടിയുടെ മാതാവ് നൽകിയ ഹരജിയിലാണ് ഉത്തരവ്. നടപ്പാക്കാൻ കഴിയാത്ത നിബന്ധനകൾ നിർദേശിക്കരുതെന്ന് കോടതി പറഞ്ഞു.
കുട്ടിയുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട് പിതാവ് നൽകിയ ഹരജി നിലവിൽ കുടുംബ കോടതിയിലുണ്ട്. ഇതിൽ നൽകിയ ഉപഹരജിയിലാണ് എട്ട് വയസ്സുകാരന് മികച്ച വിദ്യാഭ്യാസം നൽകാനായി ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകാൻ യുവതി അനുമതി തേടിയത്.
ഇത് അനുവദിച്ച കോടതി ഉപാധിയായാണ് സെക്യൂരിറ്റിയും ബോണ്ടും കെട്ടാൻ നിർദേശിച്ചത്. ഇത്തരം വിഷയങ്ങളിൽ കുട്ടിയുടെ ക്ഷേമത്തിനാണ് പ്രാഥമിക പരിഗണന നൽകേണ്ടതെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. കോടതി ഉത്തരവുകൾ ലംഘിച്ചതായി ഹരജിക്കാരിക്കെതിരെ പരാതിയില്ല. ഉയർന്ന തുക സെക്യൂരിറ്റിയായി നൽകാൻ നിർദേശിച്ചതിലൂടെ കുട്ടിക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാനുള്ള അവകാശം നിഷേധിക്കുകയാണ് ചെയ്തതെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ രണ്ട് നിബന്ധനകൾ റദ്ദാക്കിയെങ്കിലും മറ്റുള്ളവ പാലിക്കുമെന്ന് ഹരജിക്കാരി കുടുംബ കോടതിയിൽ ഉറപ്പ് നൽകണമെന്നും കോടതി നിർദേശിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ കുട്ടിയെ കൂടെ വിടാമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.