തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷം: സംസ്ഥാന വനിത കമീഷന് പരാതി നല്‍കി യു.ഡി.എഫ് വനിത കൗണ്‍സിലര്‍മാര്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ സംസ്ഥാന വനിത കമീഷന് പരാതി നല്‍കി യു.ഡി.എഫ് വനിത കൗണ്‍സിലര്‍മാര്‍. ദേഹോപദ്രവത്തിനും അപമാനത്തിനും എതിരെയാണ് കൗണ്‍സിലര്‍മാരായ ഷെര്‍ലി, അനിത അലക്‌സ് എന്നിവര്‍ പരാതി നല്‍കിയത്. ചെമ്പഴന്തി ഉദയന്‍, അഡ്വ. ഗിരികുമാര്‍, രതീഷ്, ചോട്ടു, പാപ്പനംകോട് സജി എന്നിവര്‍ക്കെതിരെയാണ് പരാതി. സംഭവത്തില്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്തിരുന്നു.

കോണ്‍ഗ്രസ് വനിത കൗണ്‍സിലര്‍മാര്‍ നല്‍കിയ പരാതിയിലാണ് മ്യൂസിയം പൊലീസിന്റെ നടപടി. ബി.ജെ.പി കൗണ്‍സിലര്‍മാരായ ചെമ്പഴന്തി ഉദയന്‍, ഗിരി, പാപ്പനംകോട് സജി, വയല്‍കട രതീഷ് എന്നിവര്‍ക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. കോണ്‍ഗ്രസ് വനിത കൗണ്‍സിലര്‍മാരായ ഷെര്‍ലി, അനിത അലക്‌സ് എന്നിവരാണ് പരാതി നല്‍കിയത്. ചെമ്പഴന്തി ഉദയനാണ് കേസിലെ ഒന്നാം പ്രതി. യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെ പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് ബി.ജെ.പി നേതൃത്വം. അവിശ്വാസ പ്രമേയം ക്ലോസ്ഡ് ചാപ്റ്റര്‍ അല്ലെന്നും ആവശ്യമായ സമയത്ത് ചര്‍ച്ചകള്‍ നടത്തുമെന്നും എൽ.ഡി.എഫ് നേതാവ് എസ്.പി. ദീപക് പറഞ്ഞു.

ഇന്നലെ തിരുവനന്തപുരം നഗരസഭ കൗണ്‍സിലില്‍ യോഗത്തിന് ശേഷമാണ് യു.ഡി.എഫ്-ബി.ജെ.പി കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതന്റെ രാജിക്കായുള്ള യു.ഡി.എഫ്-എല്‍.ഡി.എഫ് പ്രതിഷേധത്തിനിടെ അതിവേഗം അജണ്ടകള്‍ പാസായെന്ന് പ്രഖ്യാപിച്ച് മേയര്‍ കസേര വിട്ടതിന് പിന്നാലെയാണ് സംഘര്‍ഷം. ഹാജര്‍ രജിസ്റ്ററിനെ ചൊല്ലിയുള്ള പിടിവലിക്കിടെ കെ.എസ്. ശബരിനാഥനും ചെമ്പഴന്തി ഉദയനും തമ്മില്‍ ഏറ്റുമുട്ടി. കാപ്പ കേസില്‍ ജയിലിലുള്ള ആര്‍. സുഗതനെ രക്ഷിക്കാന്‍ ചെമ്പഴന്തി ഉദയന്‍ രജിസ്റ്റര്‍ പിടിച്ചുവാങ്ങിയെന്നും വനിത കൗണ്‍സിലര്‍മാരെ കൈയേറ്റം ചെയ്‌തെന്നുമാണ് യു.ഡി.എഫ് പരാതി.

അതേസമയം, തിരുവനന്തപുരം നഗരസഭയിൽ ഭരണസ്തംഭനം ഇല്ലെന്ന് വി. മുരളീധരൻ എം.എൽ.എ. ബി.ജെ.പി ഭരിക്കുന്നതിന്റെ അസഹിഷ്ണുതയാണ് സി.പി.എമ്മിനും കോൺഗ്രസിനും. ആർ. സുഗതനെതിരെ കാപ്പ കേസ് ഉയർത്തിയതിനെ ബി.ജെ.പി ചോദ്യം ചെയ്യും. സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജസൃഷ്ടിയാണ്. രാഷ്ട്രീയ എതിരാളികളെ ക്രിമിനൽ കേസിൽ പെടുത്തി ജയിലിൽ ഇടുക എന്നത് സി.പി.എം സമീപനമാണ്. ജനങ്ങൾ തെരഞ്ഞെടുത്ത കൗൺസിലറാണ് ആർ. സുഗതനെന്നും വി. മുരളീധരൻ പറഞ്ഞു.

Tags:    
News Summary - Conflict in Thiruvananthapuram Corporation: UDF women councilors file complaint with State Women's Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.