ഉഷാറാക്കണം... സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നൽകിയ യാത്രയയപ്പ് ചടങ്ങിൽ വിരമിച്ച ചീഫ് സെക്രട്ടറി എ. ജയതിലക് നിയുക്ത ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഡി.ജി.പി റവാഡ ചന്ദ്രശേഖർ എന്നിവരുമായി സംഭാഷണത്തിൽ (ഫോട്ടോ- വൈ.ആർ. വിപിൻദാസ്)
ബിശ്വനാഥ് സിൻഹ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ 51ാമത് ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ ചുമതലയേറ്റു. ചീഫ് സെക്രട്ടറിയുടെ ഓഫിസിൽ നടന്ന ചടങ്ങിൽ വിരമിക്കുന്ന ചീഫ് സെക്രട്ടറി ഡോ എ. ജയതിലകിൽ നിന്ന് അദ്ദേഹം ചുമതല ഏറ്റുവാങ്ങി. 2028 സെപ്റ്റംബർ വരെയാണ് പുതിയ ചീഫ് സെക്രട്ടറിയുടെ കാലാവധി. 1992 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനായ ബിശ്വനാഥ് സിൻഹ ബിഹാർ സ്വദേശിയാണ്. 2023 മുതൽ ആഭ്യന്തര, വിജിലൻസ് വകുപ്പിന്റെ ചുമതലയുള്ള അഡീഷനൽ ചീഫ് സെക്രട്ടറിയായിരുന്നു.
ചീഫ് സെക്രട്ടറി പദവിയിൽനിന്ന് ജയതിലക് പടിയിറങ്ങി
തിരുവനന്തപുരം: സർവിസിൽനിന്നുള്ള വിരമിക്കൽ ജീവിതാവസാനമല്ല, ഒരു കാലത്തിന്റെ തിരശ്ശീല വീഴലും മറ്റൊരു കാലത്തിന്റെ തിരശ്ശീല ഉയരലുമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സർവജസിൽനിന്ന് വിരമിച്ച ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനും അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെക്കും സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ സർക്കാർ നൽകിയ യാത്രയയപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വികസനമാറ്റത്തിന് ടീം വർക്ക് അനിവാര്യമാണ്. പുതിയ സർക്കാറിന്റെ സുപ്രധാന കാര്യങ്ങളിൽ ജയതിലക് നൽകിയ പിന്തുണ വിലമതിക്കാനാകാത്തതാണ്. നിയമസഭ പബ്ലിക് അക്കൗണ്ട്സ് കമിറ്റിയുടെ ചരിത്രത്തിൽ ഒരുദ്യോഗസ്ഥനെ പേരെടുത്ത് ആദ്യമായി അഭിനന്ദിച്ചത് രാജൻ ഖോബ്രഗഡെയെ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യക്തിപരമായി അഭിപ്രായങ്ങളുണ്ടാകാമെങ്കിലും ചീഫ് സെക്രട്ടറി പദവിയിലിരുന്ന് ചിലത് പറയാനാവില്ലെന്ന് ഡോ. എ. ജയതിലക് പറഞ്ഞു.
35 വർഷത്തെ സർവിസ് ചിലർ ചിലത് ചെയ്യണമെന്നും ചിലർ ചിലത് ചെയ്യരുതെന്നും പഠിപ്പിച്ചു. പൊതുജീവിതത്തിലെ മൗനം പോലും തെറ്റിദ്ധരിപ്പിക്കപ്പെടും. വ്യക്തി താൽപര്യത്തേക്കാൾ പ്രധാനം വഹിക്കുന്ന സ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി സംസാരിച്ചു. ഇരുവർക്കുമുള്ള ഉപഹാരം മുഖ്യമന്ത്രി കൈമാറി. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. നിയുക്ത ചീഫ് സെക്രട്ടറി ബിശ്വാസ് സിൻഹ സ്വാഗതവും പൊതുഭരണ സെക്രട്ടറി കെ. ബിജു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.