വിഴിഞ്ഞം തുറമുഖം
വിഴിഞ്ഞത്ത് 13,000 കോടി വിദേശ നിക്ഷേപം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് വന്‍ വിദേശ നിക്ഷേപം വരുന്നു. തുറമുഖത്തിന്‍റെ ശേഷി കൂട്ടാൻ പകുതി ഓഹരി യൂറോപ്യൻ ഷിപ്പിങ് ഭീമനായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എം.എസ്.സി)ക്ക് വിറ്റു. 13,000 കോടിയിലധികം രൂപയാണ് എം.എസ്.സി നിക്ഷേപിക്കുക. അദാനി പോർട്സിന് കീഴിലുള്ള വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്‍റെ (എ.വി.പി.പി.എൽ) 49 ശതമാനം ഓഹരിയാണ് സ്വിറ്റ്സർലന്റ് ആസ്ഥാനമായ എം.എസ്.സി കമ്പനിയുടെ തുറമുഖ ഓപറേറ്റിങ് വിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്മെന്‍റ് ലിമിറ്റഡ് (ടി.ഐ.എൽ) വാങ്ങുന്നത്. കേരളത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത്.
വിഴിഞ്ഞം തുറമുഖത്തിന്‍റെ വികസനത്തിന് അദാനിക്കൊപ്പം കൈകോർക്കാൻ ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ എം.എസ്.സി എത്തുന്നത് കേരളത്തിന്‍റെ വികസനത്തിന് വമ്പൻ നേട്ടമാകുമെന്നാണ് പ്രതീക്ഷ.
എ.വി.പി.പി.എല്ലിന് 285 കോടി ഡോളർ (ഏകദേശം 27,000 കോടി രൂപ) മൂല്യം വിലയിരുത്തി 139.7 കോടി ഡോളറിനാണ് (ഏകദേശം 13,270 കോടി രൂപ) 49 ശതമാനം ഓഹരികൾ എം.എസ്.സി സ്വന്തമാക്കുന്നതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ അദാനി പോർട്സ് വ്യക്തമാക്കി. ഇന്ത്യൻ തുറമുഖ മേഖലക്ക് ലഭിക്കുന്ന ഏറ്റവും വലിയ വിദേശ നിക്ഷേപമാണിതെന്നും ചൂണ്ടിക്കാട്ടുന്നു. ടി.ഐ.എല്ലിന്‍റെ ഉപസ്ഥാപനമായ മുൻഡി ലിമിറ്റഡാണ് ഓഹരി ഏറ്റെടുക്കുന്നത്. വിഴിഞ്ഞം തുറമുഖത്ത് ഇപ്പോൾ രണ്ടാംഘട്ട വികസന പ്രവർത്തനം പുരോഗമിക്കുകയാണ്. 16 ലക്ഷം ട്വന്‍റി ഫൂട്ട് ഇക്വലന്‍റ് യൂനിറ്റ് (ടി.ഇ.യു) ആണ് നിലവിൽ കണ്ടെയ്നർ കൈകാര്യശേഷി.
2028 ഡിസംബറിൽ വികസന പ്രവർത്തനം പൂർത്തിയാകുന്നതോടെ ഇത് 3.5 മടങ്ങ് ഉയർന്ന് 57 ലക്ഷം ടി.ഇ.യു ആകുമെന്നാണ് പ്രതീക്ഷ. വിഴിഞ്ഞത്ത് കൂടുതൽ കണ്ടെയ്നറുകൾ എത്താനും പശ്ചാത്തല വികസനം കൂടുതൽ മികച്ചതാക്കാനും എം.എസ്.സിയുമായുള്ള സഹകരണം വഴി കഴിയുമെന്നാണ് കരുതുന്നത്. അദാനിയും എം.എസ്.സിയുമായുള്ള ഇന്ത്യയിലെ മൂന്നാമത്തെ തുറമുഖ സഹകരണമാണിത്. നിലവിൽ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെ മൂന്നാം ടെർമിനലിലും തമിഴ്നാട് എന്നൂറിലും സഹകരണമുണ്ട്.
ഈ തന്ത്രപ്രധാന സഹകരണം ഇന്ത്യൻ തുറമുഖ അടിസ്ഥാനസൗകര്യ മേഖലയിലെ ഏറ്റവും വലിയ വിദേശ സ്വകാര്യ നിക്ഷേപമാകും. ഇതോടെ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ പ്രമുഖ ട്രാൻഷിപ്മെന്‍റ് ഹബ്ബായി വിഴിഞ്ഞത്തിന്‍റെ സ്ഥാനം കൂടുതൽ ദൃഢമാകും. നിക്ഷേപം നിയമാനുസൃത അനുമതികൾക്കും നിയന്ത്രണാനുമതികൾക്കും വിധേയമാണെന്ന് അദാനി പോർട്ട് വൃത്തങ്ങൾ പറഞ്ഞു. എം.എസ്.സി ഗ്രൂപ്പിന്‍റെ ഭാഗമായ ടി.ഐ.എൽ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ടെർമിനൽ ഓപറേറ്റർമാരിലൊന്നാണ്. അഞ്ച് ഭൂഖണ്ഡങ്ങളിലായി നൂറിലധികം കണ്ടെയ്നർ ടെർമിനലുകളും വർഷംതോറും 70 ദശലക്ഷത്തിലധികം ടി.ഇ.യു ചരക്കുനീക്ക ശേഷിയും ടി.ഐ.എല്ലിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.