അടിവസ്​ത്രത്തിന്‍റെ പോക്കറ്റിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കൊട്ടിയം: അടിവസ്​ത്രത്തിന്‍റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 2.21 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ഓപറേഷൻ തൂഫാന്‍റെ ഭാഗമായി കൊട്ടിയം പൊലീസ്​ നടത്തിയ പരിശോധനയിലാണ് മൈലാപ്പൂർ നാലുതുണ്ടിൽ വീട്ടിൽ അട്ട നിഷാദ് എന്ന നിഷാദ്(38) അറസ്റ്റിലായത്.

കൊല്ലം സിറ്റി പൊലീസ് കമീഷണർ എം. ഹേമലതക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്​ഥാനത്തിൽ ചാത്തന്നൂർ എ.സി.പി രാഖേഷ് പി.എസിന്‍റെ മേൽനോട്ടത്തിലുള്ള സബ് ഡിവിഷൻ ഡാൻസാഫ് സംഘവും കൊട്ടിയം പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ തഴുത്തല വില്ലേജിൽ മൈലാപ്പൂർ ഹൈസ്​കൂൾ ജംഗ്ഷന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.

അയൽ സംസ്​ഥാനങ്ങളിൽ നിന്നും മയക്കുമരുന്ന് എത്തിച്ച് കൊട്ടിയം, കണ്ണനല്ലൂർ, ചാത്തന്നൂർ ഭാഗങ്ങളിലെ കോളേജ് വിദ്യാർഥികൾക്കും മറ്റും വിൽപന നടത്തി വരികയായിരുന്നു ഇയാൾ. സംഭവത്തിൽ കൊട്ടിയം പൊലീസ് ​എൻ.ഡി.പി.എസ്​ നിയമപ്രകാരം പ്രതിക്കെതിരെ കേസ്​ രജിസ്റ്റർ ചെയ്തു. പ്രതിക്കെതിരെ മുൻപും എൻ.ഡി.പി.എസ്​ നിയമപ്രകാരം കൊട്ടിയം പൊലീസ് നിരവധി കേസുകൾ രജിസ്റ്റർ ചെയ്യ്തിട്ടുണ്ട്.

കൂടാതെ 2025ൽ 1.930 കിലോ കഞ്ചാവ് പിടികൂടിയതിന് കൊല്ലം എക്സൈസ്​ വകുപ്പ് രജിസ്റ്റർ ചെയ്ത കേസിലും 2023ൽ തമിഴ്നാട് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആറ് കിലോ കഞ്ചാവ് പിടികൂടിയതിന് ചെന്നൈ റെയിൽവേ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും ഇയാൾ പ്രതിയാണ്. ഡാൻസാഫ് എസ്​.ഐ സായിസേനന്‍റെ നേതൃത്വത്തിലുള്ള സംഘവും കൊട്ടിയം എസ്.എച്ച്.ഒ വിഷ്ണു സജീവിന്‍റെ നേതൃത്വത്തിൽ എസ്​.ഐ മെറ്റിൽഡ, സി.പി. ഹരീഷ് എന്നിവരടങ്ങിയ സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.

Tags:    
News Summary - Youth held with MDMA hidden in underwear pocket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.