തിരുവനന്തപുരം: ഫുട്ബാൾ ഇതിഹാസം ലയണൽ മെസി നായകനായുള്ള അർജൻറീന ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരിൽ നടത്തിയ വൻ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിക്കാൻ സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച് അന്വേഷണ സംഘത്തെ നിയമിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. മെസിയുടെയും അർജന്റീന ടീമിന്റെയും പേരിൽ നടത്തിയ തട്ടിപ്പ് സമഗ്രമായി അന്വേഷിക്കാനാണ് എസ്.ഐ.ടി ടീമിനെ രൂപീകരിക്കുന്നത്. ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശൻ കേസ് ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറി. മുതിർന്ന ഉദ്യോഗസ്ഥന്റെ ചുമതയിൽ അന്വേഷണ ആരംഭിക്കുന്ന ടീം, തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള എല്ലാ നടപടികളും പൂർണമായി അന്വേഷിക്കാനാണ് ആഭ്യന്തര വകുപ്പിന് നിർദേശം.
സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയല്ലാതെ 206 കോടി രൂപ വന്നതിൽ അന്വേഷണ സംഘം വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിൽ ഒരു സ്ഥാപനം മറുപടി നൽകി. കൂടാതെ, നികുതിയിനത്തിൽ 22.68 കോടി രൂപ അടക്കാത്തതിലും ഉദ്യോഗസ്ഥ വീഴ്ച ഉൾപ്പെടെ ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 19ന് അന്വേഷണ സംഘം റിപ്പോർട്ട് നൽകിയിരുന്നു. അതേസമയം, മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്‌ദാനം നൽകിയുള്ള തട്ടിപ്പിൽ ജി.എസ്.ടി വകുപ്പിൻറെ റിപ്പോർട്ടിൽ തുടർ നടപടിയായില്ല.
സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസെടുത്തിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളിൽ സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരെ (ആർ.ബി.സി) വിദേശനാണ്യ വിനിമയ ചട്ടലംഘനം (ഫെമ) ചുമത്തിയാണ് നടപടി. പണം കൈമാറ്റവുമായി ബന്ധപ്പെട്ട നിർണായക രേഖകളും സ്പോൺസർഷിപ്പ് കരാർ വിവരങ്ങളും ഇ.ഡി ഇതിനകം ശേഖരിച്ചിട്ടുണ്ട്. എസ്.ബി.ഐ മുഖേനയാണ് പണം വിദേശത്തേക്ക് അയച്ചതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഏകദേശം 126 കോടിയോളം രൂപ വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.