‘ഈ വിവാഹം ആർക്കുവേണ്ടിയായിരുന്നു എന്നാണ് പുള്ളിയോട് ചോദിക്കാൻ തോന്നിയത്’; വിവാഹമോചനത്തിൽ സമൂഹം വിട്ടുവീഴ്ച ചെയ്യണമെന്ന് ഡോ. അദീല അബ്ദുല്ല

തിരുവനന്തപുരം: ചേരാത്ത ദാമ്പത്യം ഒത്തുതീർപ്പാക്കാൻ നോക്കുന്നത് ദ്രോഹമാണെന്നും അത്തരം ദമ്പതികൾക്ക് മക്കൾ ഉണ്ടെങ്കിൽ കോ-പാരന്റിങ്ങും മാന്യമായ വേർപിരിയലുമാണ് പോംവഴിയെന്നും ഡോ. അദീല അബ്ദുല്ല ഐ.എ.എസ്. തകർന്ന ദാമ്പത്യബന്ധങ്ങളിൽ കുട്ടികളുടെ സംരക്ഷണത്തിനും മാന്യമായ വേർപിരിയലിനും പ്രാധാന്യം നൽകേണ്ടതുണ്ടെന്നും അവർ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

ഭാര്യക്കെതിരെ കൗണ്ടർ കേസ് ഫയൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട് സഹായം തേടി തന്റെയടുക്കലത്തിയ ഒരു സുഹൃത്തിന്റെ അനുഭവത്തിൽ നിന്നാണ് അവർ ഈ നിരീക്ഷണം പങ്കുവെക്കുന്നത്. ഈ ദമ്പതികൾക്ക് നാലുമക്കളുണ്ട്. ഒരുമാസം പോലും സമാധാനത്തോടെ ജീവിച്ചിട്ടില്ല. കുട്ടികളുടെ മുന്നിൽ വെച്ചും അല്ലാതെയും, കതക് അടച്ചും അടയ്ക്കാതെയും നിരന്തരം വഴക്കായിരുന്നു. അദ്ദേഹവുമായി ഒരു മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിൽ, ആർക്കുവേണ്ടിയായിരുന്നു ഈ വിവാഹം എന്ന ചോദ്യമാണ് പുള്ളിയോട് ചോദിക്കാൻ തോന്നിയതെന്ന് അദീല പറഞ്ഞു.

പാചകത്തിൽ പോലും ചേരുവകൾ ചേർന്നില്ലെങ്കിൽ അത് ശരിയാകില്ലെന്നിരിക്കെ, മനുഷ്യ ജീവിതത്തിൽ ഒത്തുപോകാത്ത ദാമ്പത്യം അടിച്ചേൽപ്പിക്കുമ്പോൾ ദമ്പതികൾ പരസ്പരം ആക്രമിച്ച് വേദനിപ്പിച്ചു കൊണ്ട് മരണം വരെ മുൻപോട്ട് പോകേണ്ടി വരുന്നു. ഇത് കേസിനും വഴക്കുകൾക്കും ഇഷ്ടമില്ലാത്ത പണം കൊടുക്കൽ വാങ്ങലുകൾക്കും കാരണമാകുന്നു. ഇത്തരം നരകിക്കലിന്റെ ദുരന്തം ദീർഘനാൾ മക്കളെ പിൻതുടരുകയും കുട്ടികളുടെ മനസ്സിലെ മുറിവുകൾ വൈകി മാത്രം ഉണങ്ങുകയും ചെയ്യുന്നു. കുടുംബങ്ങളും നാട്ടുകാരും പഞ്ചായത്തും പള്ളി കമ്മിറ്റിയുമൊക്കെ തമ്മിൽ തെറ്റിയാണ് പലപ്പോഴും വിവാഹമോചനത്തിലേക്ക് കാര്യങ്ങൾ എത്താറുള്ളത്.

എന്നാൽ ചിലയിടങ്ങളിൽ വിവാഹം പോലെ തന്നെ വേർപിരിയലും ആഘോഷമായി നടത്തി, മികച്ച സുഹൃത്തുക്കളായി പിരിഞ്ഞ് ലാഘവത്തോടെ കോ-പാരന്റിംഗ് നടത്തുകയും പിന്നീട് പുനർവിവാഹം കഴിക്കുകയും ചെയ്യുന്ന രീതികളുണ്ടെന്നും അവർ ഓർമ്മിപ്പിക്കുന്നു. എല്ലാവരും വിവാഹമോചനം നേടണമെന്നല്ല ഇതിനർഥം. ദാമ്പത്യം പവിത്രമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നവർ അങ്ങനെ ചെയ്യട്ടെ. എന്നാൽ ആവശ്യമുള്ളയിടങ്ങളിൽ വിവാഹമോചനം എളുപ്പമാക്കിക്കൊടുക്കണം. കുട്ടികളെ വളർത്താനുള്ള അച്ഛന്റെയും അമ്മയുടെയും ആഗ്രഹവും ഉത്തരവാദിത്തവും ഒരുമിച്ച് നിർവ്വഹിക്കാൻ സഹായിക്കുന്ന 'കോ-പാരന്റിംഗ്' ഒരു നല്ല ബദലായി സമൂഹം വെക്കണം. മനുഷ്യരെ ഞെരുക്കിയും ടോക്സിക് ആയ അന്തരീക്ഷത്തിൽ തളച്ചിട്ടുമല്ല ജീവിക്കേണ്ടതെന്നും അദീല ഓർമിപ്പിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

വിവാഹം ആർക്കുവേണ്ടി?

ആർക്കുവേണ്ടിയാണ് വിവാഹം കഴിക്കുന്നതെന്ന് ചിലരെ കാണുമ്പോളെങ്കിലും എനിക്ക് തോന്നാറുണ്ട്. അവനവന് വേണ്ടിയോ, കുടുംബത്തിനോ മറ്റുള്ളവർക്ക് വേണ്ടിയോ?

കൂടുതൽ ഇതേപ്പറ്റി ചിന്തിച്ചത്, ഒരു സുഹൃത്ത് വിഷമം പറയാൻ വന്നപ്പോളാണ്.

ഭാര്യ തനിക്കെതിരെ കൊടുത്ത കേസാണ് കാര്യം. ഒരു മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിൽ പുള്ളിയോട് ചോദിക്കാൻ തോന്നിയത്, ആർക്കുവേണ്ടിയായിരുന്നു ഈ വിവാഹം എന്ന ചോദ്യമാണ്. സമാധാനത്തിൽ ഒരു മാസം പോലും ജീവിക്കാത്ത ആ കുടുംബനാഥന് മക്കൾ നാല് പേർ. വഴക്ക് കേരളത്തിലും സൗദി അറേബ്യയിലും വെച്ച്. കുട്ടികൾ നോക്കുമ്പോളും നോക്കാത്തപ്പോളും കതക് അടച്ചും അടക്കാതെയും, സംഭവബഹുലമായി വഴക്ക് അരങ്ങേറുന്നു. ആ വിദ്വാനാണ് പിണങ്ങിപ്പോയ ഭാര്യയേയും കുട്ടികളേയും കാണാനും സാമീപ്യത്തിനുമായി കാശ് കൊണ്ടും കേസ് കൊടുത്തും മധ്യസ്ഥം പറഞ്ഞു നോക്കിയും ഭാര്യയുമായി ചേരാൻ നോക്കുന്നത്. കേസിനു പറ്റിയ കൗണ്ടർ കേസ് എന്ത് എന്ന് നോക്കാനാണ് എന്റെ അടുക്കൽ വഴിതെറ്റി എത്തിയത്.

സ്വന്തത്തോട് ചില ചോദ്യങ്ങൾ ചോദിച്ചു ഉത്തരം മനസ്സിലാക്കാൻ പറഞ്ഞാണ് ഞാൻ മൂപ്പരെ വിട്ടത്. ആ ഭാര്യയുമായി സ്നേഹമാണോ സമാധാനമാണോ വാശിയാണോ മറ്റുള്ളവരെ കാണിക്കലാണോ വിവാഹത്തിലൂടെ വേണ്ടതെന്ന ആത്മചിന്ത നടത്തി, ഒരു തെറാപ്പി എടുത്ത് അവനവന് വേണ്ടതെന്താണെന്നു ഉറപ്പിച്ചു ഒരു സൈക്കോളജിസ്റ്റിനെ (counsellor) കാണാനും പറഞ്ഞു.

എനിക്ക് കേട്ടപ്പോൾ തോന്നിയത്, അവിടെ വേണ്ടത്, എത്രയും പെട്ടെന്ന് ഒരു ഡിവോഴ്സ് ആണ് എന്നാണ്. ഒരു ദിവസം നേരത്തെയെങ്കിൽ അത്രയും നല്ലത്. അദ്ദേഹത്തിന്റെ പ്രശ്നത്തിന്റെ പരിഹാരം co-parenting ആണ്. കുട്ടികളെ കാണണമെന്നും വളർത്തണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം. അത് ആത്മാർഥമായാണ് പുള്ളി പറയുന്നത്. കുഞ്ഞുങ്ങളെ കാണലും വളർത്തലും ഭാര്യയുമായി ചേർന്നില്ലെങ്കിലും ആവാം.

ഒരു interest ഉണ്ടെങ്കിൽ ചെയ്യാൻ എളുപ്പം കഴിയുന്ന ഒന്നാണ് കുട്ടികളെ പരിപാലിക്കുക എന്നത്. സുഹൃത്തിനതുണ്ട്. ആള് സൂപ്പർ മനുഷ്യൻ ആണ്.

ശേഷം വീണ്ടും ആവശ്യമെങ്കിൽ വിവാഹം കഴിച്ച് ജീവിക്കുക എന്നതാവും നല്ലത്.

ചെലോലത് ശരിയാവും ചെലോലത് ശരിയാവൂല എന്ന് പണ്ടാ കുട്ടി പറഞ്ഞില്ലേ... അതെന്നെ.

മാന്യമായി പിരിയുന്നതിനു പകരം, നമ്മളുടെ നാട്ടിൽ വിവാഹം ആർഭാടമായി നടത്തി എന്നത് കൊണ്ട്, ഭാര്യയുമായി ചേർന്നില്ലെങ്കിൽ പോലും നാട്ടുകാരും വീട്ടുകാരും കൂടെ പോയി ഉപദേശിച്ചു ചേർത്താൽ ചേരാത്തത് ചേർക്കാൻ നോക്കും.

പാചകത്തിൽ പോലും ചേരുവ ചേരില്ലെങ്കിൽ ചേരില്ല. പിന്നെ എന്തിന് മനുഷ്യ ജീവിതത്തിൽ ? അവസാനം രണ്ട് പേരും പരസ്പരം ആക്രമിച്ച് വേദനിപ്പിച്ചു മുന്നോട്ട് പോകും. മരണം വരെ.

കൂടെ കൊറേ കേസും കൂട്ടവും. അവസാനം ഇഷ്ടമില്ലാത്ത പൈസ കൊടുക്കലും വാങ്ങലും.

കുട്ടികൾക്കാണെങ്കിൽ ആ നോവ് വൈകി ആവും ഉണങ്ങുക. നരകിക്കലിന്റെ ആഫ്റ്റർ ഇഫക്റ്റ്.

കൊറേ നാൾ കൂടി കാണും മക്കൾക്ക് ആ വഴക്കിന്റെ ദുരന്തം.

കുടുംബം വഴി വഴക്ക്, മാതാപിതാക്കൾ വഴി, നാട്ടുകാർ വഴി, എന്തിന് പഞ്ചായത്തും പള്ളി കമ്മിറ്റിയും കരക്കാരും തമ്മിൽ തെറ്റിയാവും വിവാഹമോചനത്തിലേക്ക് എത്തുക.

ഡിവോഴ്സ് പാർട്ടി നടത്തുന്ന ആളുകളാണ് പല നാട്ടുകാരും. അവർ വിവാഹം പോലെ വേർപിരിയലും രണ്ട് വീട്ടുകാരെയും സുഹൃത്തുക്കളേയും വിളിച്ചു ആഘോഷിച്ചു നടത്തുന്നു. പിന്നീട് നല്ല സുഹൃത്തുക്കളായി പിരിയുന്നു. ഒരു പരിഭവമുമില്ലാതെ co-parenting ചെയ്യുന്നു. എത്ര ലാഘവത്തോടെ. കൂടെ പുനർവിവാഹവും കഴിക്കുന്നു.

ഇങ്ങനെ വേണം ജീവിതം. 10 മിനിറ്റ് ചായ കുടിച്ച് കണ്ട് ഇഷ്ടമായി കല്യാണം കഴിക്കുന്ന ആളുകളാണ് മിക്കവരും. ഇങ്ങനെ 10 മിനിറ്റ് ഇന്റർവ്യൂ നടത്തി എടുക്കുന്ന എംപ്ലോയീസ്നെ പറ്റില്ലെങ്കിൽ നമ്മൾ ജോലിയിൽ നിന്ന് പിരിച്ചു വിടും, പക്ഷേ ഭാര്യ ഭർത്താക്കന്മാർ. നഹീ നഹീ. സമ്മതിക്കൂല നമ്മൾ.

ഇനി എല്ലാവരും ഡിവോഴ്സ് ആവണം എന്നല്ല പറയുന്നത്, വേണ്ടിടത്ത് അത് എളുപ്പത്തിൽ ആക്കി കൊടുക്കുക ആവാം, ആക്കാം. കോപാരന്റിംഗ് ഒരു നല്ല ഓപ്ഷനായി വെക്കാം. കുട്ടികളെ വളർത്താൻ അച്ഛനും അമ്മയ്ക്കും ഉത്തരവാദിത്തം പോലെ ആഗ്രഹവും ഉണ്ടാവും. അത് ഒന്നിച്ചു നടത്താൻ സമൂഹം സഹായിക്കുക.

അല്ലാത്തവർ വിവാഹം പവിത്രമായി തന്നെ കൊണ്ട് പോകട്ടെ.

മനുഷ്യനെ ഞെരുക്കിയും, ഒതുക്കിയും അല്ല ജീവിക്കേണ്ടത്. ഭർത്താവിനും ഭാര്യയ്ക്കും ടോക്സിസിറ്റിയിൽ നിന്ന് മോചനം വേണം.

സമൂഹമാണ് വലിയ കാരണക്കാർ. അത് കൊണ്ട് ദൈവത്തോട് ഒന്ന് അഡ്ജസ്റ്റ് ചെയ്യാൻ പറയണം , ഡിവോഴ്സിന്റെ കാര്യത്തിൽ. അതാ വേണ്ടതെന്നാ ഇപ്പോ തോന്നുന്നത്. 

Tags:    
News Summary - Society should be Be more tolerant of divorce: Dr. Adeela Abdulla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.