ഡോ. ഷിംന അസീസ്, ഡോ. അബ്ദുൽ ഹകീം അസ്ഹരി

'സ്ത്രീകൾക്ക് പ്രസവവേദന സഹിക്കാൻ ക്ഷമയില്ല' എന്ന് ഗർഭപാത്രം ഇല്ലാത്തവർക്ക് വായുവിൽ നിന്ന് എടുത്തുപറയാൻ വളരെയെളുപ്പമാണ്: ഡോ. ഷിംന അസീസ്

കോഴിക്കോട്: സമസ്ത എ.പി. വിഭാഗം നേതാവും എസ്.വൈ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഡോ. അബ്ദുൽ ഹകീം അസ്ഹരിയുടെ അശാസ്ത്രീയമായ ഗർഭകാല-പ്രസവ അവകാശവാദങ്ങൾക്കെതിരെ വിമർശനവുമായി ഡോ. ഷിംന അസീസ്. സമൂഹ മാധ്യമമായ ഫേസ്ബുക്കിലൂടെയാണ് അബ്ദുൽ ഹകീം അസ്ഹരിയെ വിമർശിച്ച് ഷിംന അസീസ് രംഗത്തെത്തിയത്. സാധാരണ പ്രസവത്തെയും സിസേറിയനെയും കുറിച്ച് അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ വീഡിയോക്കെതിരെ വിമർശനവുമായാണ് ഷിംന പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

'സ്ത്രീകൾക്ക് പ്രസവവേദന സഹിക്കാൻ ക്ഷമയില്ല എന്ന് ഗർഭപാത്രം ഇല്ലാത്തവർക്ക് വായുവിൽ നിന്ന് എടുത്തുപറയാൻ വളരെയെളുപ്പമാണെന്നും സുഖപ്രസവം എന്ന വാക്കിന്റെ ഉപജ്ഞാതാവ് ഏതായാലും ഒരു പെണ്ണായിരിക്കില്ല' എന്നും ഷംന പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നുണ്ട്. താനും രണ്ട് കുട്ടികളെ പ്രസവിച്ചതാണെന്നും ആദ്യത്തെ പ്രസവത്തിന് പതിനൊന്ന് മണിക്കൂർ പ്രാണൻ പിടയുന്ന പ്രസവവേദന സഹിച്ച് കഴിഞ്ഞാണ് സിസേറിയൻ വേണ്ടി വന്നതെന്നും പങ്കുവെച്ച കുറിപ്പിൽ ഷിംന വ്യക്തമാക്കുന്നുണ്ട്.

'സിസേറിയൻ ഒരു ചെറിയ കാര്യമല്ല. അതൊരു മേജർ സർജറിയാണ്. 'സുഖപ്രസവം' എന്ന വാക്കിന്റെ ഉപജ്ഞാതാവ് ഏതായാലും ഒരു പെണ്ണായിരിക്കില്ല. നേരിട്ട് കണ്ടിട്ടുള്ള ഒരു പ്രസവത്തിലും അത്ര സുഖമൊന്നും തോന്നീട്ടില്ല. ആരും ചിരിച്ചോണ്ടിരിക്കുന്നത് കണ്ടിട്ടുമില്ല. ഇപ്പോൾ എപിഡ്യുറൽ കൊടുത്ത് 'വേദന ഇല്ലാതെ' പ്രസവിക്കുന്നത് പോലും അത്ര വേദനയില്ലാത്ത പരിപാടിയല്ല. ഒരു ആശ്വാസം കിട്ടും എന്നല്ലാതെ ബാക്കിയൊക്കെ പഴയത് തന്നെ. പ്രസവശേഷവും കുറേ ദിവസം കാണും വലിച്ചിലും വേദനയും' - ഷിംന പറഞ്ഞു.

'വേദന സഹിക്കാനുള്ള ശേഷി ഓരോരുത്തർക്കും ഓരോ തരത്തിലാണ്. സ്ത്രീകൾക്ക് പ്രസവവേദന സഹിക്കാൻ ക്ഷമയില്ല എന്ന് ഗർഭപാത്രം ഇല്ലാത്തവർക്ക് വായുവിൽ നിന്ന് എടുത്തുപറയാൻ വളരെയെളുപ്പമാണ്. വേദന അനുഭവിക്കുന്നതും സഹിക്കുന്നതും ത്യാഗമായും പുണ്യപ്രവർത്തിയായും പർവ്വതീകരിക്കുന്നവരും പെണ്ണിനെ അമ്മയായും ദേവിയായും പരിത്യാഗമയിയായ അവലോസുണ്ടയായും ഒക്കെ ചിത്രീകരിച്ചു വീടിനുള്ളിൽ പൂട്ടിയിടുന്നവരും തമ്മിൽ വല്യ വ്യത്യാസമൊന്നും തത്വത്തിൽ ഇല്ലായെന്നും' ഷിംന പറയുന്നു.

'പ്രസവം ഏതാനും മണിക്കൂറുകളുടെ വേദനയല്ല, ഏകദേശം 280 ദിവസത്തെ സഹനത്തിന്റെ ഒടുക്കമാണത്. പ്രസവം കഴിഞ്ഞാലോ?... ശരീരം മുറിവുകളിൽ നിന്ന് സുഖപ്പെടാൻ തുടങ്ങുന്ന സമയത്താണ് മുലയൂട്ടലിലേക്ക് നീങ്ങുന്നത്. ഉറക്കമില്ലാത്ത രാത്രികൾ, ശരീരത്തിലെ വേദനകൾ, ഹോർമോൺ വ്യതിയാനം, പോസ്റ്റ്പാർട്ടം ഡിപ്രഷൻ ഉൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത, അരക്ഷിതാസ്ഥ, പ്രസവരക്ഷ എന്ന ശിക്ഷ. പിന്നീട്, കുഞ്ഞിന് ആഹാരവും സ്നേഹവും സമയവും വിദ്യാഭ്യാസവും നൽകണം. കുട്ടി വലുതായി കുട്ടിയുടെ ഭാഗത്ത്‌ നിന്ന് എന്തെങ്കിലും ചെറിയൊരു വീഴ്ച്ച ഉണ്ടായാൽ "ഓളെ വളർത്തുദോഷം" എന്ന ട്രോഫിയും ഉറപ്പായും വാങ്ങാം'.

'എന്തൊക്കെ ആയിട്ടെന്താ, പെണ്ണല്ലേ?' എന്ന് പുച്ഛിച്ചു ചോദിച്ചു വഷളൻ ചിരി ചിരിക്കുന്ന പിന്തിരിപ്പന്മാരെ പണ്ഡിത വേഷത്തിലും പരിഷ്കാരിവേഷത്തിലും ഒക്കെ യഥേഷ്ടം കണ്ടിട്ടുണ്ട്. പെണ്ണ് എത്ര പ്രസവിക്കണമെന്ന് അവളും പങ്കാളിയും ചേർന്ന് തീരുമാനിച്ചോളും. പ്രിന്റർ അല്ല, മജ്ജയും മാംസവും വികാരവും വേദനയും ഒക്കെയുള്ള മനുഷ്യനാണ്. പുറത്ത് എടുക്കുന്നത് പ്രിന്റൗട്ടും അല്ല, ചുരുങ്ങിയത് രണ്ടര കിലോയുള്ള ഒരു മനുഷ്യക്കുഞ്ഞിനെയാണ്. നല്ല അധ്വാനമുണ്ട്. 'ബോഡി ഓട്ടോണോമി' എന്നൊരു സാധനം ഉണ്ട്. ഒന്ന് വായിച്ച്‌ പഠിക്കുന്നത് നന്നാവും. അപ്പഴും നിങ്ങളൊന്നും നന്നാവുമെന്ന് തരിമ്പും പ്രതീക്ഷയില്ല' എന്നുപറഞ്ഞാണ്‌ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ആഘോഷങ്ങളിലും മറ്റ് പരിപാടികളിലും സ്ത്രീകളെ അന്യപുരുഷന്മാർക്കിടയിലോ സ്റ്റേജുകളിലോ പൊതുഇടങ്ങളിലോ കൊണ്ടുവരരുതെന്നും പ്രദർശിപ്പിക്കരുതെന്നും വ്യക്തമാക്കി സമസ്ത കാന്തപുരം വിഭാഗം ഒരു നിർദേശം/സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അശാസ്ത്രീയമായ ഗർഭകാല-പ്രസവ അവകാശവാദങ്ങളുമായി കാന്തപുരം എ.പി അബുബക്കർ മുസ്‌ലിയാരിന്റെ മകൻ ഡോ. അബ്ദുൽ ഹകീം അസ്ഹരി രംഗത്തെത്തിയത്. ഇതിനെതിരെ വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ-മഹിളാ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

Tags:    
News Summary - Dr Shimna Aziz criticizes Dr Abdul Hakeem Azhari's controversial remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.