തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ സ്ഥാനാർഥി നിർണയത്തെ തുടർന്ന് കോൺഗ്രസിലുണ്ടായ പടലപ്പിണക്കം തുടരവെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഹിസാൻ ഹുസൈൻ രാജിവച്ചു. വിഴിഞ്ഞം, ഹാർബർ, പോർട്ട് വാർഡുകളിലെ സ്ഥാനാർഥി നിർണയത്തിലെ തർക്കങ്ങളെ തുടർന്നാണ് രാജി. സംസ്ഥാന പ്രസിഡന്റിനാണ് രാജി നൽകിയത്. യൂത്ത് കോൺഗ്രസ് മുൻ സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർ കൂടിയാണ് ഹിസാൻ.
തന്റെ പെട്ടി ചുമക്കുന്ന രാഷ്ട്രീയ അടിമകളെ പാർട്ടിയുടെയും യുവജന സംഘടനകളുടെയും ഉന്നത സ്ഥാനങ്ങളിൽ തിരുകിക്കയറ്റി തിരുവനന്തപുരത്തെ ഒരേ ഒരു കോൺഗ്രസ് എം.എൽ.എ എന്ന അധികാരം ദുർവിനിയോഗിച്ച് വിൻസെന്റ് നടത്തിവരുന്ന സംഘടനയെ ദുർബലമാക്കുന്ന പ്രവർത്തനങ്ങളെ പാർട്ടി വേദികളിൽ വിമർശിക്കുന്നവരോട് വൈരാഗ്യപൂർവമായാണ് അദ്ദേഹം പ്രവർത്തിച്ചു വരുന്നത് എന്ന് രാജിക്കത്തിൽ കുറ്റപ്പെടുത്തുന്നു.
യൂത്ത് കോൺഗ്രസിന്റെ സംഘടന തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച് വിജയിച്ചവരെപോലും എം.എൽ.എയുടെ സ്വാധീനം ഉപയോഗിച്ച് പാർട്ടി പരിപാടികളിൽ ഒറ്റപ്പെടുത്തുകയും യോഗങ്ങൾ അറിയിക്കാതിരിക്കുകയും വേദികളിൽ അവഗണിക്കുകയും ചെയ്യുന്നതിനെതിരെയാണ് പ്രതിഷേധ രാജി. വിഴിഞ്ഞത്തെ കടൽ തീരത്ത് പിന്നോക്ക സമുദായത്തിൽ പിറന്ന് ആത്മാർത്ഥതയും സംഘടനാ ബോധവും യുവത്വവും കഠിനാധ്വാനം കൊണ്ട് ഞാൻ പടുത്തുയർത്തിയ എന്റെ 16 വർഷത്തെ രാഷ്ട്രീയ ഭാവിയെ നിഷ്കരുണം ചവിട്ടി തേച്ച എം.എൽ.എയോട് തോറ്റു പുറത്തായി വീട്ടിലിരിക്കുവാൻ മാത്രം ഭീരു അല്ലെന്നും ഹിസാൻ പറയുന്നു.
ഞാൻ, കഴിഞ്ഞ 16 വർഷക്കാലമായി കോൺഗ്രസിന്റെ സജീവ പ്രവർത്തകനും നിലവിൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയുമാണ്.
യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന സോഷ്യൽ മീഡിയ കോഡിനേറ്റർ, തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി,കോവളം നിയോജകമണ്ഡലം ജനറൽസെക്രട്ടറി, വിഴിഞ്ഞ മണ്ഡലം പ്രസിഡന്റ്, ടൗൺ യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് അങ്ങനെ വിവിധ നേതൃസ്ഥാനങ്ങൾ അലങ്കരിച്ചിട്ടുള്ള വ്യക്തിയാണ്. വളരെ ദുഃഖത്തോടു കൂടി ഞാൻ ഈ പ്രസ്ഥാനത്തിൽ നിന്നും പ്രാഥമിക അംഗത്വം ഉൾപ്പെടെയുള്ള എല്ലാ സ്ഥാനമാനങ്ങളിൽ നിന്നും ഈ നിമിഷം മുതൽ രാജിവെക്കുകയാണെന്ന് അറിയിക്കുവാൻ ആഗ്രഹിക്കുന്നു. എന്നോടൊപ്പം രാഷ്ട്രീയ പ്രവർത്തനത്തിനായി നാളിതുവരെ സഹകരിച്ച എല്ലാ പാർട്ടി പ്രവർത്തകർക്കും നല്ലവരായ എന്റെ നാട്ടുകാർക്കും ഈ അവസരത്തിൽ വിനീതനായി ഞാൻ നന്ദി രേഖപ്പെടുത്തുന്നു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തെ മാത്രമല്ല ഇന്ത്യൻ യൂത്ത് കോൺഗ്രസ് എന്ന യുവജന സംഘടനയെയും കോവളം മണ്ഡലത്തിൽ നശിപ്പിക്കുന്ന തരത്തിൽ അർഹതയില്ലാത്ത തന്റെ പെട്ടി ചുമക്കുന്ന രാഷ്ട്രീയ അടിമകളെ പാർട്ടിയുടെയും യുവജന സംഘടനകളുടെയും ഉന്നത സ്ഥാനങ്ങളിൽ തിരുകി കയറ്റി തിരുവനന്തപുരത്തെ ഒരേ ഒരു കോൺഗ്രസ് MLA എന്ന അധികാരം ദുർവിനിയോഗിച്ചുകൊണ്ട് വിൻസെന്റ് നടത്തിവരുന്ന സംഘടനയെ ദുർബലമാക്കുന്ന പ്രവർത്തനങ്ങളെ പാർട്ടി വേദികളിൽ വിമർശിക്കുന്നവരോട് വളരെയധികം വൈരാഗ്യപൂർവ്വമായാണ് അദ്ദേഹം പ്രവർത്തിച്ചു വരുന്നത്. യൂത്ത് കോൺഗ്രസിന്റെ സംഘടന തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് വിജയിച്ചവരെപോലും എംഎൽഎയുടെ സ്വാധീനം ഉപയോഗിച്ചുകൊണ്ട് പാർട്ടി പരിപാടികളിൽ ഒറ്റപ്പെടുത്തുകയും യോഗങ്ങൾ അറിയിക്കാതിരിക്കുകയും വേദികളിൽ അവഗണിക്കുകയും ചെയ്യുന്നതിനെതിരെയാണ് എന്റെ ഈ പ്രതിഷേധ രാജി. കഴിഞ്ഞ കാലങ്ങളിലായി മണ്ഡലത്തിലെ കല്ലിയൂർ, ഹാർബർ മേഖലകളിനിന്ന് പ്രധാനപെട്ട നേതാക്കൾ ഉൾപ്പെടെ നിരവധി കോൺഗ്രസ് പ്രവർത്തകരാണ് ഇദ്ദേഹത്തിന്റെ കപട രാഷ്ട്രീയത്തിൽ മനസ്സുമടുത്ത്, കമ്മ്യൂണിസ്റ്റ്, കേരള കോൺഗ്രസ് തുടങ്ങിയ പാർട്ടികളിലേക്ക് ചേക്കേറിയിരിക്കുന്നത്. നിരവധിയായ പാർട്ടി വേദികളിൽ ഞാൻ ഈ വിഷയം ഗൗരവപൂർവ്വം അവതരിപ്പിച്ചപ്പോൾ അതിനെ അവഗണിച്ച പാർട്ടി ഉന്നത നേതാക്കൾക്കും ഇന്ന് കോവളത്തെ പാർട്ടി എത്തി ചേർന്നിരിക്കുന്ന ഈ ദുരവസ്ഥയുടെ പങ്ക് ഞാൻ പകുത്തു നൽകുന്നു.
എന്നെ സ്നേഹിക്കുന്നവരോടായി അവസാനമായി പറഞ്ഞുകൊള്ളട്ടെ, കേരളത്തിന്റെ പുതിയ കവാടമായി മാറുന്ന വിഴിഞ്ഞത്തെ കടൽ തീരത്ത് ഒരു പിന്നോക്ക സമുദായത്തിൽ പിറന്ന് എന്റെ ആത്മാർത്ഥതയും സംഘടനാ ബോധവും യുവത്വവും കഠിനാധ്വാനം കൊണ്ട് ഞാൻ പടുത്തുയർത്തിയ എന്റെ 16 വർഷത്തെ രാഷ്ട്രീയ ഭാവിയെ നിഷ്കരുണം ചവിട്ടി തേച്ച എംഎൽഎയോട് തോറ്റു പുറത്തായി വീട്ടിലിരിക്കുവാൻ മാത്രം ഞാൻ ഭീരു ആയി തീർന്നിട്ടില്ല. ഉത്തരവാദിത്തപ്പെട്ട ഒരു പൊതുപ്രവർത്തകൻ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ നാണംകെട്ട രാഷ്ട്രീയ കളികൾ പുറത്തുകൊണ്ടുവരുവാൻ വരും ദിവസങ്ങളിൽ തെരുവുകളിലും സോഷ്യൽ മീഡിയയിലും ഒരു തീപ്പന്തമായി ഞാനും ഉണ്ടാകും.
നന്ദി
Hisan Husain
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.