മലപ്പുറം: ദേശീയപാത 66ൽ ആറുവരിപ്പാതയുടെ നിർമാണം നടക്കുന്ന ഭാഗങ്ങൾ തകർന്ന സംഭവത്തിൽ പ്രതിഷേധം ശക്തം. നിർമാണ കമ്പനി ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷത്തിൽ കലാശിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അബിൻ വർക്കി അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
മലപ്പുറം കോഹിനൂരിലെ കെ.എൻ.ആർ.സി ഓഫിസിലേക്കാണ് പ്രതിപക്ഷ യുവജന സംഘടന മാർച്ച് നടത്തിയത്. പ്രവർത്തകരെ തടഞ്ഞതോടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ഇവരെ ബലം പ്രയോഗിച്ച് നീക്കാൻ പൊലീസ് നടത്തിയ ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത്.
നിർമാണ കമ്പനി ഓഫിസിലേക്ക് തള്ളിക്കയറിയ പ്രവർത്തകർ ഫർണീച്ചറുകൾ അടിച്ചു തകർത്തു. പ്രതിഷേധക്കാരെ പ്രതിരോധിക്കാൻ വേണ്ടത്ര പൊലീസുകാർ ഉണ്ടായിരുന്നില്ല. 13 പൊലീസുകാർ മാത്രമാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. കൂടാതെ, ബാരിക്കേഡും സ്ഥാപിച്ചിരുന്നില്ല. പ്രതിഷേധം തുടരുമെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.
തൃശ്ശൂർ ചാവക്കാടും യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. പ്രവർത്തകർ റോഡ് ഉപരോധിച്ചതോടെ ഗതാഗതം സ്തംഭിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ദേശീയപാത നിർമാണത്തിലെ അപാകത ആരോപിച്ച് കണ്ണൂർ തളിപ്പറമ്പിലും നാട്ടുകാർ പ്രതിഷേധിച്ചു. കുപ്പത്ത് നാട്ടുകാർ റോഡ് ഉപരോധിച്ചു. മഴയെ തുടർന്ന് പണി നടക്കുന്ന റോഡിൽ നിന്ന് വീടുകളിലേക്ക് ചെളിയും മണ്ണും ഒഴുകിയിരുന്നു.
ഈ വിഷയത്തിലായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പ്രതിഷേധത്തിൽ സ്ത്രീകളും പങ്കെടുത്തു. കലക്ടർ സ്ഥലത്ത് എത്താമെന്ന ഉറപ്പിൽ നാട്ടുകാർ പ്രതിഷേധം താൽകാലികമായി അവസാനിപ്പിച്ചു.
നിർമാണം പൂർത്തിയാകുന്ന കോഴിക്കോട് -തൃശൂര്‍ ദേശീയപാതയിൽ നിരവധി സ്ഥലത്താണ് വിള്ളൽ വീണത്. ചൊവ്വാഴ്ചയാണ് കൊളപ്പുറത്തിനും കൂരിയാട് പാലത്തിനുമിടയിലെ കൂരിയാട് മേഖലയിൽ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് താഴ്ന്ന് സർവിസ് റോഡിലേക്ക് വീണത്.
പാത തകർന്നതോടെ കിഴക്ക് വശത്തെ സർവിസ് റോഡും റോഡിനോട് ചേർന്ന വയലും കിലോമീറ്ററുകളോളം നീളത്തിൽ വിണ്ട് തകർന്നു. ആറ് മാസത്തോളം വെള്ളം കെട്ടിനിൽക്കുന്ന വയൽ പ്രദേശത്ത് മതിയായ അടിത്തറ കെട്ടാതെ 30 അടിയിലധികം ഉയരത്തിൽ കെട്ടിപ്പൊക്കിയ പാതയിലാണ് തകർച്ച. അപകടം നടന്ന വയലിന് ഒരു കിലോമീറ്റർ അപ്പുറത്ത് മാസങ്ങൾക്ക് മുമ്പ് പാതയുടെ വശങ്ങൾ പത്തടിയിലധികം ഉയരത്തിൽ അടർന്ന് വീണിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.