തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പാർട്ടി അംഗത്വം നൽകി സ്വീകരിച്ച യൂത്ത് കോൺഗ്രസ് മുൻ നേതാവിനെ ഒരുവർഷം മുമ്പ് സംഘടനവിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കിയിരുന്നതായി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. ഷൈൻ ലാലാണ് കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ ചേർന്നത്. ഇയാൾ 2024 ഏപ്രിലിൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ശശി തരൂരിനെതിരെ വിമതനായി മത്സരിച്ചിരുന്നു. നോട്ടക്ക് പിന്നിലായി 1483 വോട്ടുകൾ നേടി ആറാം സ്ഥാനമാണ് അന്ന് ഷൈൻ നേടിയത്.
നരേന്ദ്ര മോദി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും വികസിത കേരളമെന്ന ലക്ഷ്യവും യുവാക്കളെ ആകർഷിക്കുന്നു എന്നതിന്റെ തെളിവാണ് കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടത്തോടെയുള്ള ബിജെപി പ്രവേശനം എന്നാണ് രാജീവ് ചന്ദ്രശേഖർ അവകാശപ്പെട്ടത്. ‘യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. ഷൈൻ ലാൽ എം.പി. അടക്കമുള്ള യുവനേതാക്കളാണ് ബിജെപി സംസ്ഥാന കാര്യാലയത്തിൽ നടന്ന ചടങ്ങിൽ വച്ച് പാർട്ടിക്കൊപ്പം ചേർന്നത്. യൂത്ത് കോൺഗ്രസ് വെങ്ങാനൂർ മണ്ഡലം പ്രസിഡൻറ് നിതിൻ എസ്.ബി., രാജാജി നഗർ മുൻ യൂണിറ്റ് പ്രസിഡൻറ് നിതിൻ എം.ആർ, തൃക്കണ്ണാപുരം വാർഡ് വൈസ് പ്രസിഡൻറ് അമൽ സുരേഷ്, അരുവിക്കര മണ്ഡലം പ്രസിഡൻറ് അഖിൽ രാജ് പി.വി., KSU യൂണിറ്റ് വൈസ് പ്രസിഡൻറ് ആൽഫ്രഡ് രാജ് എന്നിവരാണ് ബിജെപിയിൽ ചേർന്നത്. നരേന്ദ്ര മോദി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും വികസിത കേരളമെന്ന ലക്ഷ്യവും യുവാക്കളെ ആകർഷിക്കുന്നു എന്നതിന്റെ തെളിവാണ് കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടത്തോടെയുള്ള ബിജെപി പ്രവേശനം. പുതുതായി പാർട്ടിയുടെ ഭാഗമായവർക്ക് സ്വാഗതം. പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം’ -രാജീവ് ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. 🇮🇳
എന്നാൽ ഇക്കാര്യം യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രാദേശിക നേതാക്കൾ നിഷേധിച്ചു. ‘കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച കാരണത്താൽ അഡ്വ. ഷൈൻ ലാലിനെ പുറത്താക്കിയിട്ട് ഒരു വർഷത്തിന് മേലെയായി. യൂത്ത് കോൺഗ്രസിൽ നിന്നും മാറി വന്നു എന്ന് പറഞ്ഞ അഞ്ചോളം പ്രവർത്തകർ യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകർ പോലും അല്ല. കെ എസ് യുവിന്റെ വൈസ് പ്രസിഡന്റ് എന്നുപറഞ്ഞ് ബി.ജെ.പിയിൽ ചേർന്ന പാറശ്ശാല സി.എസ്.ഐ ലോ കോളജിലെ മുൻ വിദ്യാർഥി കെ.എസ്.യുവിന്റെ ഒരു ഭാരവാഹിത്വത്തിലും ഇരുന്നയാളല്ല....’ -ഇവർ വ്യക്തമാക്കി.
‘തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ നാടാർ വോട്ടുകൾ വിഭജിക്കാൻ മൂന്ന് സ്ഥാനാർഥികളെ ബി.ജെ.പി സ്പോൺസർഷിപ്പിൽ മത്സരിപ്പിച്ചിരുന്നു. അതിലൊരാളാണ് ഈ ഷൈൻ ലാൽ. അയാളെ പുറത്താക്കിയെന്നാണ് യൂത്ത് കോൺഗ്രസ് അന്നു പറഞ്ഞത്. അയാൾ അന്ന് ഉയർത്തിയ കാരണം തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ നാടാർ സ്ഥാനാർഥിയെ കോൺഗ്രസ് മത്സരിപ്പിക്കുന്നില്ല എന്നതാണ്. തിരുവനന്തപുരത്ത് 1483 വോട്ടുമാത്രം നേടി നോട്ടയുടെ ബഹുദൂരം പിന്നിലായെങ്കിലും രണ്ടായിരവും മൂവായിരവും ഒക്കെ ആളുകൾ പങ്കെടുത്ത വലിയ റോഡ് ഷോകളും റാലികളും പൊതുസമ്മേനങ്ങളും ഒക്കെ ഇയാൾ നടത്തിയിരുന്നു. അതിൽ പങ്കെടുത്തവർ ഏത് പാർട്ടിക്കാരായിരുന്നു എന്നതും 2024 ൽ തിരുവനന്തപുരത്ത് പണം വാരിയെറിഞ്ഞ് മത്സരിക്കാൻ ഇയാളുടെ സോഴ്സ് ഏതാണെന്നും നേരത്തേ തന്നെ തിരുവനന്തപുരത്തെ ജനങ്ങൾ തിരിച്ചറിഞ്ഞെങ്കിലും ഇപ്പോൾ എല്ലാവർക്കും വ്യക്തമായി കാണും’ -മറ്റൊരു കുറിപ്പിൽ പറയുന്നു.
‘ഒരു വർഷം മുന്നേ യൂത്ത് കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട് തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ മത്സരിച്ച ഷൈൻ ലാൽ എന്ന വ്യക്തി ബിജെപിക്ക് ഇപ്പോഴും യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയും, കോൺഗ്രസുമായോ യൂത്ത് കോൺഗ്രസുമായോ ഒരു നൂൽബന്ധം പോലുമില്ലാത്ത, പക്കാ ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുന്ന കുടുംബത്തിലെ നിതിൻ എന്ന ചെറുപ്പക്കാരൻ യൂത്ത് കോൺഗ്രസിന്റെ ജില്ലാ സെക്രട്ടറിയും എന്നൊക്കെയാണ് രാജീവ് ചന്ദ്ര ശേഖരൻ പ്രചരിപ്പിക്കുന്നത്.. സി.പി.എം സൈബറുകളും ബി.ജെ.പി അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖറിന്റെ പോസ്റ്റ് ഷെയർ ചെയ്യുന്ന തിരക്കിലാണ്..’ -മറ്റൊരാൾ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.