മുണ്ടക്കൈ ടൗൺഷിപ്പിന് മുന്നില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

കൽപറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി കൽപറ്റയിൽ സർക്കാർ നിർമിച്ചുനൽകുന്ന ടൗൺഷിപ്പിലെ വീടുകളിലുണ്ടായ വിള്ളലിൽ പ്രതിഷേധിച്ച് സമരവുമായി യൂത്ത് കോൺഗ്രസ്. സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷി​ന്റെ നേതൃത്വത്തിലാണ് സമരവുമായി ടൗൺഷിപ്പി​ലെത്തിയത്. പ്രതീകാത്മകമായി കുടിൽ കെട്ടി സമരം നടത്തുമെന്ന് നേരത്തെ യൂത്ത് കോൺഗ്രസ് അറിയിച്ചിരുന്നു. കോൺഗ്രസ് വീട് നിർമിക്കാത്തതുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ കോൺഗ്രസിന്റെ ഭൂമിയിൽ കുടിൽ കെട്ടി പ്രതിഷേധം നടത്തിയിരുന്നു. സമാന രീതിയിൽ മുണ്ടക്കൈ ടൗൺഷിപ്പ് ഭൂമിയിൽ കുടിൽ കെട്ടി സമരം ചെയ്യാനും യൂത്ത് കോൺഗ്രസും ഒരുങ്ങുന്നുണ്ട്. പ്രതിഷേധ സമരത്തിന്റെ തുടക്കത്തിൽ സമരക്കാരെ മുണ്ടക്കൈ ടൗൺഷിപ്പിലേക്ക് പൊലീസ് പ്രവേശിപ്പിച്ചിരുന്നില്ല. എന്നാൽ, പിന്നീട് വിള്ളലുണ്ടായ വീട്ടിൽ ജനീഷിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.

അതേസമയം, മൂന്നാമത്തെ വീട്ടിലും വീട്ടിലും വിള്ളൽ ഉള്ളതായി പരാതി ഉയർന്നിട്ടുണ്ട്. ഫേസ് ഒന്നിലെ 87ാം നമ്പർ വീട്ടിലാണ് ചേർച്ചയുള്ളതായി മൂന്നാമതായ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ, വെള്ളം ഇറങ്ങുന്നത് തടയാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഊരാളുങ്കൽ ലേബർ സൊസൈറ്റി അറിയിച്ചു. മേൽക്കൂര തുരന്ന് അപ്പോക്സി ഗ്രൗട്ട് ചെയ്തു വെള്ളം ഇറങ്ങുന്നത് തടയുമെന്നും ഊരാളുങ്കൽ ഗ്രൂപ്പ് പറഞ്ഞു. ചൂരല്‍മല സ്വദേശി നൗഫലിന്‍റെ വീട്ടിലെ മേല്‍ക്കൂരയിസാണ് വിള്ളല്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വന്നത്. പിന്നാലെ തൊട്ടടുത്തടുത്തുള്ള മറ്റൊരു വീട്ടിലും മേല്‍ക്കൂരയില്‍ വിള്ളല്‍ ഉണ്ടെന്ന വിവരം പുറത്തുവന്നു. തുടർന്ന് ഊരാളുങ്കല്‍ സി.ഒ.ഒ അരുണ്‍ ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. മാർച്ച് ഒന്നിനാണ് ടൗണ്‍ഷിപ്പിലെ 178 വീടുകള്‍ സർക്കാർ ദുരന്തബാധിതർക്ക് കൈമാറിയത്. ധൃതിയില്‍ നിർമാണം പൂര്‍ത്തികരിക്കാനുള്ള സമ്മർദ്ദം ഊരാളുങ്കലിനും വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നുവെന്നും പല പരിശോധനകളും മാറ്റി വെക്കേണ്ട സാഹചര്യം ഉണ്ടാക്കിയെന്നുമാണ് സൂചന.

അതിനിടെ, ടൗൺഷിപ്പ് വീടുകളിൽ വിള്ളൽ വീണതിൽ വിമർശനം ശക്തമാക്കുന്നതിനിടെ ടൗൺഷിപ്പിൽ മന്ത്രി രാജൻ സന്ദർശിച്ചു. വീടിന്റെ മേൽക്കൂരയിൽ സാന്റ് പേപ്പർ ഉപയോഗിച്ച് മന്ത്രി രാജൻ ഉരച്ചു. എന്നാൽ, വെള്ളം കിനിഞ്ഞ് ഇറങ്ങിയിട്ടുണ്ടെന്ന് അംഗീകരിച്ച മന്ത്രി ഉണ്ടായത് വലിയ വിള്ളൽ അല്ലെന്ന് പറഞ്ഞു. സാങ്കേതികമായി വീടുകൾ കൈമാറിയിട്ടില്ലെന്നും മന്ത്രി ന്യായീകരിച്ചു. വീടിന്റെ മേൽക്കൂരകളിലും മന്ത്രി പരിശോധിച്ചു.

Tags:    
News Summary - Youth Congress holds protest in front of Mundakai Township

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.