പത്തനംതിട്ട: തിരുവോണദിവസം വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കോയിപ്രം സ്വദേശി ജയേഷും ഭാര്യ രശ്മിയും ചേർന്ന് അതിക്രൂരമായി മർദിച്ചതെന്ന് പരാതിക്കാരനായ റാന്നി സ്വദേശി. ഞാനും ജയേഷും ഒരുമിച്ചാണ് ജോലിചെയ്യുന്നത്. ഫോണില്‍വിളിച്ചിട്ട് അവനെ കിട്ടിയില്ലെങ്കില്‍ അവന്റെ ഭാര്യ എന്നെ വിളിക്കാറുണ്ട്. അങ്ങനെ സാധാരണ സൗഹൃദമാണുള്ളത്. ഓണത്തിന് വീട്ടില്‍ വരണമെന്ന് ജയേഷ് പറഞ്ഞു. അവിടെ കൂടിയിട്ട് തിരിച്ചുപോകാം, ഓണം അടിപൊളിയാക്കാം എന്നെല്ലാമാണ് പറഞ്ഞത്.
തിരുവോണദിവസം വൈകീട്ട് നാലുമണിയായപ്പോള്‍ ഞാൻ ജയേഷിന്റെ വീട്ടില്‍പോയി. കുടുംബം വീട്ടിലുണ്ടെന്ന് പറഞ്ഞാണ് വിളിച്ചത്. പക്ഷേ, അവിടെ ചെന്നുകയറിയപ്പോള്‍ ജയേഷും ഭാര്യയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടർന്ന് സംസാരിച്ചിരിക്കുമ്പോള്‍ പെപ്പർ സ്പ്രേയും മറ്റെന്തോ സ്പ്രേയും എന്റെ മുഖത്തടിച്ച് മർദിക്കുകയായിരുന്നു. പെട്ടെന്നായിരുന്നു മർദനം. അതിന്റെ ആഘാതത്തില്‍ ബോധം പോകുന്നതുപോലെയായി.
അതുകഴിഞ്ഞ് കൈകള്‍ കൂട്ടിക്കെട്ടി. പിന്നെ തൂക്കിനിർത്തിയിട്ട് കാലുകളും കയർ ഉപയോഗിച്ച് കൂട്ടിക്കെട്ടി. ജീവനോടെ തിരിച്ചുപോകണമെങ്കില്‍ ഞാൻ പറയുന്നപോലെ പറയണമെന്നൊക്കെയാണ് രശ്മി പറഞ്ഞത്. ഒരിക്കലും പ്രതീക്ഷിക്കാത്തരീതിയിലുള്ള കാര്യങ്ങളാണ് രശ്മി പറഞ്ഞത്. തങ്ങള്‍ തമ്മില്‍ നേരത്തേ ലൈംഗികബന്ധത്തിലേർപ്പെട്ടു എന്നെല്ലാം രശ്മി പറഞ്ഞു. പറയുന്നത് സമ്മതിച്ചില്ലെങ്കില്‍ ജീവനോടെ തിരിച്ചുപോകില്ലെന്നും അവിടെ കുഴിച്ചുമൂടുമെന്നും ഭീഷണിപ്പെടുത്തി.
അതിനുശേഷവും പീഡനം തുടർന്നു. രശ്മിയാണ് ഏറ്റവും ക്രൂരമായി മർദിച്ചത്. വീട്ടിലുണ്ടായിരുന്ന ഓരോ ആയുധങ്ങളും എടുത്തുകൊണ്ടുവന്ന് ആക്രമിച്ചു. രശ്മി ആയുധങ്ങള്‍ കൊണ്ടുവരും ജയേഷ് അതുവെച്ച് ഇടിക്കും. ഇതെല്ലാം രശ്മി വീഡിയോ റെക്കോഡ് ചെയ്യും. മർദനം എന്നുപറഞ്ഞാല്‍ ഒരു മനുഷ്യന് താങ്ങാൻ പറ്റുന്നതിലും അപ്പുറമായിരുന്നു. എന്റെ നഖം പിഴുതെടുക്കാൻ നോക്കി. നഖത്തിനിടയില്‍ മൊട്ടുസൂചി അടിച്ചുകയറ്റി. അഞ്ചുവിരലിലും മൊട്ടുസൂചി അടിച്ചുകയറ്റി. മെഡിക്കല്‍ കോളജില്‍നിന്നാണ് അതെല്ലാം നീക്കംചെയ്തത്. എന്റെ നട്ടെല്ലിന് പൊട്ടലുണ്ട്. വാരിയെല്ലിന് പൊട്ടലുണ്ട്- പരാതിക്കാരൻ പറഞ്ഞു.
അതേസമയം, ജയേഷിന്റെയും രശ്മിയുടെയും ജീവിതം അടിമുടി ദുരൂഹമാണെന്ന് നാട്ടുകാർ ആരോപിച്ചു. ഇരുവരും ആരുമായി സഹകരിക്കാറില്ലെന്നും കണ്ടാല്‍ മിണ്ടുകപോലുമില്ലെന്നും നാട്ടുകാർ പറഞ്ഞു. ദമ്പതിമാരുടെ രണ്ടുമുറികളും അടുക്കളയുമുള്ള ചെറിയവീട്ടില്‍ സി.സി ടി.വി കാമറകള്‍ സ്ഥാപിച്ചിരുന്നു. ആഭിചാരക്രിയകള്‍ സംശയിക്കുന്നതായും നാട്ടുകാർ ആരോപിച്ചു.
ജയേഷിനെ വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ
സൈക്കോ മനോനിലയിലുള്ളവരാണ് പ്രതികളെന്ന് പൊലീസ്
കോയിപ്രം ആന്താലിമണ്ണിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഹണിട്രാപ്പിൽ കുടുക്കി രണ്ട് യുവാക്കളെ ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. സംഭവത്തിൽ ജയേഷും ഭാര്യ രശ്മിയും അറസ്റ്റിലായി. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ശേഷം ഞായറാഴ്ച ഉച്ചക്ക് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സൈക്കോ മനോനിലയിലുള്ളവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.
റാന്നി സ്വദേശിയായ മുപ്പതുകാരനും, ആലപ്പുഴ കാവാലം സ്വദേശിയായ 19 കാരനുമാണ് ഇവരുടെ മർദനമുറകൾക്ക് ഇരയായത്. വായ് മൂടിക്കെട്ടിയും കെട്ടിതൂക്കിയിട്ടുമായിരുന്നു മർദനമുറകൾ. യുവാക്കളുടെ ജനനേന്ദ്രിയത്തിൽ സ്റ്റേപ്ലർ പിൻ അടിച്ചുവരെ പീഡിപ്പിച്ചു. രശ്മിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതായി യുവാക്കളെ കൊണ്ട് അഭിനയിപ്പിക്കുകയും ജയേഷ് അതിന്‍റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ജനനേന്ദ്രിയത്തിൽ സ്റ്റേപ്ലർ പിൻ അടിച്ചത് രശ്മിയാണെന്നും നഖത്തിൽ മൊട്ടുസൂചി തറച്ചും പീഡിപ്പിച്ചെന്നും റാന്നി സ്വദേശി പറഞ്ഞു.
ഇരുമ്പുകമ്പികൊണ്ട് തുടരെ ദേഹമാകെ അടിച്ചു. ഇതിനിടെ മുറിവുകളിൽ മുളക് സ്പ്രേ ചെയ്തു. ദേഹമാസകലം ഗുരുതര പരിക്കാണുള്ളത്. നട്ടെല്ലും വാരിയെല്ലുകളും പൊട്ടി. ഇപ്പോൾ ശ്വാസം വിടുന്നതിനും, ഭക്ഷണം കഴിക്കുന്നതിനുമൊക്കെ ബുദ്ധിമുട്ടുണ്ട്. മര്‍ദനത്തിൽ കാവാലം സ്വദേശിയുടെ കണ്ണിന്‍റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. നട്ടെല്ലിനും പൊട്ടലുണ്ട്. ദേഹമാകെ ബ്ലേഡ് വെച്ച് വരയുകയും ചെയ്തു.
മർദനത്തിന് ഇരയായ യുവാക്കളും ജയേഷും ഒന്നിച്ച് ബംഗളൂരുവിൽ ജോലി ചെയ്തിരുന്നവരാണ്. ഈ സമയത്ത് ഫോണിലൂടെ രശ്മിയുമായും യുവാക്കൾ സൗഹൃദത്തിലാകുകയും ഇടക്കിടെ സംസാരിക്കുകയും ചെയ്തിരുന്നു. ഇത് സെക്സ് ചാറ്റിലേക്ക് വഴിമാറിയെന്നും ഇത് മനസ്സിലാക്കിയ ജയേഷ് സ്നേഹം നടിച്ച് ഇരുവരെയും വീട്ടിൽ വിളിച്ചുവരുത്തി പക തീർക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. കാവാലം സ്വദേശിയെ സെപ്റ്റംബർ ഒന്നിനും, റാന്നി സ്വദേശിയെ സെപ്റ്റംബർ അഞ്ചിനുമാണ് വീട്ടിൽ കൂടാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ക്രൂരപീഡനത്തിന് ഇരയാക്കിയത്. റാന്നി സ്വദേശിയെ മർദിച്ച് അവശ നിലയിൽ ബൈക്കിൽകൊണ്ട് വന്ന് റോഡിൽ തള്ളുകയായിരുന്നു. ഓട്ടോ ഡ്രൈവർമാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിവരം പുറത്തുപറഞ്ഞാൽ അച്ഛനെയും അമ്മയെയും വരെ കൊല്ലുമെന്ന് ജയേഷ് ഭീഷണിപ്പെടുത്തിയതിനാൽ ആദ്യമൊന്നും യുവാക്കൾ വിവരം പുറത്തുപറയാൻ തയാറായില്ല. അന്വേഷിച്ചെത്തിയ പൊലീസിന് തെറ്റായ മൊഴി നൽകുയും ചെയ്തു. എന്നാൽ, വിശദമായ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരികയും ആറന്മുള പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ക്രൂരമർദനത്തിനു മുമ്പ് ആഭിചാരക്രിയകൾ പോലും നടത്തിയെന്നും ഇലന്തൂരിലെ നരബലി പോലെയുള്ള സാഹചര്യമായിരുന്നു അവിടെയുണ്ടായിരുന്നതെന്നും മരിച്ചുപോയ ആരൊക്കെയൊ ദേഹത്തുകയറിയപോലെ മനസ്സിലാകാത്ത മറ്റേതോ ഭാഷയിലാണ് ജയേഷും രശ്മിയും സംസാരിച്ചതെന്നും റാന്നി സ്വദേശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.