വി.ഡി. സതീശന്റെ നിലപാടും കഴിവും ഉപയോഗിക്കാനുള്ള വിവേകം ഹൈകമാൻഡ് കാണിക്കണം -സാറാ ജോസഫ്

തൃശൂർ: കോൺഗ്രസിലെ മുഖ്യമ​ന്ത്രി തർക്കത്തിൽ പ്രതികരണവുമായി എഴുത്തുകാരി സാറാ ജോസഫ്. വി.ഡി. സതീശൻ എന്ന കോൺഗ്രസ് പ്രവർത്തകന്റെ നിലപാടും കഴിവും പൊളിറ്റിക്കൽ തന്ത്രങ്ങളും പരമാവധി ഉപയോഗിക്കാനുള്ള വിവേകമാണ് ഹൈകമാൻഡ് ഇപ്പോൾ കാണിക്കേണ്ടതെന്ന് അവർ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

സംഘപരിവാർ രാഷ്‌ടീയത്തെ ചെറുക്കാൻ കഴിയുന്ന വിശാലമായ ഐക്യമാണ് ഉണ്ടാവേണ്ടത്. കൃത്യമായ ജനാധിപത്യനിലപാടുള്ള കരുത്തനായൊരു ഭരണാധികാരിക്ക് മാത്രമേ അത് രൂപപ്പെടുത്താനാവൂ. അതാരായിരിക്കും എന്ന പരീക്ഷണമാണ് കേരളാ വോട്ടർമാർ നടത്തിയിട്ടുള്ളതെന്നും സാറാ ജോസഫ് അഭിപ്രായപ്പെട്ടു.

‘ഇന്ന് ഇന്ത്യൻ ദേശീയരാഷ്‌ടീയത്തിൽ കോൺഗ്രസ് പാർട്ടി ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യം കോൺഗ്രസുകാരേക്കാൾ പൊതുജനങ്ങളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഉയർന്ന രാഷ്‌ടീയവിവേകമുള്ള ജനത എന്ന നിലയിൽ കേരള വോട്ടർമാർ വൻഭൂരിപക്ഷത്തിൽ കോൺഗ്രസിനെ ജയിപ്പിച്ചത് ആ ദേശീയപ്പാർട്ടി നശിക്കാതിരിക്കാനും ഇന്ത്യാസഖ്യമെന്ന രാഷ്‌ട്രീയനീക്കത്തെ ബലപ്പെടുത്താനും വേണ്ടിയാണ്.

വി.ഡി. സതീശൻ എന്ന കോൺഗ്രസ് പ്രവർത്തകന്റെ നിലപാടും കഴിവും പൊളിറ്റിക്കൽ തന്ത്രങ്ങളും പരമാവധി ഉപയോഗിക്കാനുള്ള വിവേകമാണ് ഹൈക്കമാൻഡ് ഇപ്പോൾ കാണിക്കേണ്ടത്. ഇടതിന്റെ തോൽവി എന്നെന്നേക്കുമായിട്ടുള്ളതല്ല. അവർ ശക്തമായ ഒരു പ്രതിപക്ഷമായിരിക്കും എന്നുറപ്പാണ്. അതാണ് വേണ്ടതും.

ആരോഗ്യകരമായ മത്സരം നടക്കുമ്പോഴും സംഘപരിവാർ രാഷ്‌ടീയത്തെ ചെറുക്കാൻ കഴിയുന്ന വിശാലമായ ഐക്യമാണ് ഉണ്ടാവേണ്ടത്. കൃത്യമായ ജനാധിപത്യനിലപാടുള്ള കരുത്തനായൊരു ഭരണാധികാരിക്ക് മാത്രമേ അത് രൂപപ്പെടുത്താനാവൂ. അതാരായിരിക്കും എന്ന പരീക്ഷണമാണ് കേരളാ വോട്ടർമാർ നടത്തിയിട്ടുള്ളത്. മുഖ്യമന്ത്രി പദവിക്കുവേണ്ടിയുള്ള ലജ്ജാകരമായ ഈ വടംവലി വിജയത്തിളക്കത്തെ അനുനിമിഷം നശിപ്പിച്ചുകൊണ്ടിരിയ്ക്കയാണെന്ന് ഹൈക്കമാൻഡ് തിരിച്ചറിയണം. ജനമനസ്സറിയാനുള്ള കഴിവും വിവേകവും ദീർഘവീക്ഷണവും ഉണ്ടാവട്ടെ എന്നാശംസിയ്ക്കുന്നു’ -സാറാ ജോസഫ് പറഞ്ഞു. 

Tags:    
News Summary - Writer Sara Joseph suggests VD Satheesan should be Kerala Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.