കേരള ഹൈകോടതി

ക്രിസ്ത്യൻ സ്ത്രീക്ക് താമസിക്കുന്ന സ്ഥലത്തെ കോടതിയിൽ വിവാഹമോചന ഹരജി നൽകാൻ വ്യവസ്ഥ ഉൾപ്പെടുത്തണം -ഹൈകോടതി

കൊച്ചി: ക്രിസ്ത്യൻ സ്ത്രീക്ക് താമസിക്കുന്ന സ്ഥലത്തെ കോടതിയിൽ വിവാഹമോചന ഹരജി ഫയൽ ചെയ്യാൻ കഴിയുന്ന വിധം 1869 ലെ ഇന്ത്യൻ വിവാഹമോചന നിയമത്തിൽ വ്യവസ്ഥ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്ന് ഹൈകോടതി. ഹിന്ദു വിവാഹ നിയമത്തിലും സ്പെഷൽ മാര്യേജ് ആക്ടിലും 2003ൽ പാർലമെന്‍റ് ഉൾപ്പെടുത്തിയ ഈ വകുപ്പ് ക്രിസ്ത്യൻ വിഭാഗത്തിന് മാത്രം ബാധകമായ ഇന്ത്യൻ വിവാഹ നിയമത്തിൽ ഉൾപ്പെടുത്താത്ത നടപടിക്ക് ന്യായീകരണമില്ലെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് കേന്ദ്ര സർക്കാറിന് നിർദേശം നൽകിയത്. ആധുനിക കാലഘട്ടം കണക്കിലെടുത്തുള്ള പ്രായോഗിക സമീപനമായിരുന്നു ഇതെന്നും സ്ത്രീകളുടെ താൽപര്യം കണക്കിലെടുത്ത് ഈ വകുപ്പ് ഉൾപ്പെടുത്തുന്നത് പരിഗണിക്കാൻ കേന്ദ്ര നിയമ മന്ത്രാലയത്തിന് ഉത്തരവ് അയച്ചുകൊടുക്കണമെന്നും കോടതി നിർദേശിച്ചു.

വയനാട് സ്വദേശിനിയായ 32 കാരി നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഇന്ത്യൻ വിവാഹ മോചന നിയമ പ്രകാരം വിവാഹം നടന്ന സ്ഥലത്തും ദമ്പതികൾ ഒരുമിച്ച് താമസിച്ച സ്ഥലത്തുമാണ് വിവാഹമോചന ഹരജി നൽകാനാവുക. ഭാര്യ താമസിക്കുന്ന സ്ഥലത്ത് ഹരജി നൽകാനാവില്ല. വിവാഹം നടന്ന കാസർകോടാണ് ഇരുവരും ഒരുമിച്ച് താമസിച്ചത്. എന്നാൽ, ഹരജിക്കാരി ഇപ്പോൾ താമസിക്കുന്ന കൽപ്പറ്റ കുടുംബ കോടതിയിൽ നൽകിയ വിവാഹ മോചന ഹരജി ഇതിന്‍റെ പേരിൽ മടക്കിയിരുന്നു. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. 

Tags:    
News Summary - High Court ordered Christian woman should be allowed to file divorce petition in the court of her residence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.