അസെറ്റ് അവകാശ പത്രിക സമർപ്പണം സെക്രട്ടേറിയറ്റിന് മുന്നിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: ശാസ്ത്ര സത്യങ്ങളെയും സിദ്ധാന്തങ്ങളെയും ഒഴിവാക്കി മിത്തുകളും പുരാണങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള ഗൂഢനീക്കമാണ് പി.എം ശ്രീക്ക് പിന്നിലുള്ളതെന്നും പദ്ധതിയിൽനിന്ന് യു.ഡി.എഫ് സർക്കാർ പിന്മാറണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി. ‘പുതുകേരളത്തിന് ജനപക്ഷ സിവിൽ സർവിസും പൊതു വിദ്യാഭ്യാസവും’ എന്ന മുദ്രാവാക്യമുയർത്തി അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് (അസെറ്റ്) സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച അവകാശ പത്രിക സമർപ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിവിൽ സർവിസിനെയും പൊതുവിദ്യാഭ്യാസത്തെയും ശക്തിപ്പെടുത്താനെന്ന വ്യാജേന കരാർ നിയമനങ്ങളും ദിവസ വേതന നിയമനങ്ങളും കൺസൽട്ടൻസി രാജുമാണ് കഴിഞ്ഞ ഇടതു സർക്കാർ നടപ്പാക്കിയത്. ജീവനക്കാർക്ക് അർഹതപ്പെട്ട സേവന - വേതന ആനുകൂല്യങ്ങൾ ഏകപക്ഷീയമായി നിഷേധിക്കുകയായിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ വാഗ്ദാനം ചെയ്ത ‘വിസ്മയം’ ജീവനക്കാർക്ക് ഇതുവരെ ബോധ്യമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്യത്തെപ്പോലും നിഷേധിക്കുന്ന സാഹചര്യമാണ് കേന്ദ്രസർക്കാർ സൃഷ്ടിക്കുന്നതെന്നും അതിന്റെ തുടർച്ചയാണ് പി.എം ശ്രീ പദ്ധതിയെന്നും പത്മശ്രീ ജേതാവ് ഡോ. ജി. ശങ്കർ അഭിപ്രായപ്പെട്ടു.
അസെറ്റ് തയാറാക്കിയ അവകാശ പത്രിക അധ്യക്ഷത വഹിച്ച അസെറ്റ് ചെയർമാൻ കെ. ബിലാൽ ബാബുവിന് നൽകി അദ്ദേഹം പ്രകാശനം ചെയ്തു. എൻ.പി.എസ് കേരള കലക്റ്റീവ് വൈസ് പ്രസിഡന്റ് കെ. മോഹനൻ, കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് എ.എ. കബീർ, കേരള സ്റ്റേറ്റ് എംപ്ലോയീസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.കെ. ബഷീർ, ഹയർ എജുക്കേഷൻ ടീച്ചേഴ്സ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.കെ. സതീഷ് കുമാർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി എംപ്ലോയീസ് മൂവ്മെന്റ് വൈസ് പ്രസിഡന്റ് അബ്ദുല്ല മൂഴിക്കൽ, എഫ്.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി.ജെ. ഷാനവാസ്, അസെറ്റ് സെക്രട്ടറി കെ. ഹനീഫ, വൈസ് ചെയർമാൻ വി. അനസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.