പി.എസ്.സി ആഭ്യന്തര വിജിലൻസ് അന്വേഷണം മരവിപ്പിച്ചു; പരീക്ഷ കൺട്രോളർക്ക് ചുമതല

തിരുവനന്തപുരം: ഓൺ സ്ക്രീൻ മാർക്കിങ്ങിന് സുരക്ഷ പരിശോധനയില്ലാത്ത സോഫ്റ്റ്വെയർ ഉപയോഗിക്കുന്നതടക്കം ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നതോടെ എസ്.പിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര വിജിലൻസ് അന്വേഷണം മരവിപ്പിച്ച് പി.എസ്.സി ചെയർമാൻ. തുടരന്വേഷണം തന്‍റെ കീഴിലുള്ള പരീക്ഷ കൺട്രോളറും ഇന്‍റേണൽ വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫിസറുമായ ബിനി കെ. എബ്രഹാമിന് രേഖാമൂലം കൈമാറി. പി.എസ്.സി ബോർഡ് യോഗം ചേർന്നെടുത്ത തീരുമാനം അട്ടിമറിച്ചാണ് ചെയർമാൻ എം.ആർ. ബൈജുവിന്‍റെ ഏകപക്ഷീയ നടപടിയെന്ന് ചില കമീഷനംഗങ്ങൾ ഉൾപ്പെടെ ആരോപിക്കുന്നു. തിങ്കളാഴ്ച ചേരുന്ന കമീഷൻ യോഗത്തിനുശേഷമേ ആരാണ് അന്വേഷണം തുടരുകയെന്ന് വ്യക്തമാവൂ.

ആസൂത്രണ ബോർഡിലെ പി.എസ്.സി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണമാണ് ചെയർമാൻ അട്ടിമറിച്ചത്. ആഭ്യന്തര വിജിലൻസിന് അന്വേഷണം കൈമാറാനാണ് പി.എസ്.സി യോഗം തീരുമാനിച്ചത്. പുതുതായി ചുമതലയേറ്റ ആഭ്യന്തര വിജിലൻസ് എസ്.പി സിനി എഫ്. ഡെന്നീസ് ഇതുപ്രകാരം അന്വേഷണം തുടങ്ങുകയും ചെയ്തു. ആസൂത്രണ ബോർഡ്, കെ.എ.എസ് പരീക്ഷകളുടെ മൂല്യനിർണയത്തിന് ഉപയോഗിച്ചത് സുരക്ഷ പരിശോധന നടത്താത്ത സോഫ്റ്റ്വെയറാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഉദ്യോഗാർഥികളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപനക്കുവെച്ച വിവരവും പുറത്തുവന്നു.

നേരത്തെ ‘മാധ്യമം’ ഈ വാർത്ത റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് റിപ്പോർട്ടർക്കെതിരെ കേസെടുത്തിരുന്നു. ‘മാധ്യമം’ വാർത്ത ശരിവെക്കുന്ന കാര്യങ്ങളാണ് പുതിയ അന്വേഷണത്തിലും പുറത്തുവന്നത്. ഇതിനു പിന്നാലെ വെള്ളിയാഴ്ച രാത്രിയാണ് അന്വേഷണം നിർത്തിവെക്കാൻ ചെയർമാൻ നിർദേശം നൽകിയത്. പരീക്ഷ കൺട്രോളറോട് അന്വേഷിക്കാൻ വാക്കാൽ ആവശ്യപ്പെട്ടെങ്കിലും ഇവർ രേഖാമൂലം ഉത്തരവ് ആവശ്യപ്പെട്ടു. പി.എസ്.സി വിഷയങ്ങളിൽ സ്ഥാപനത്തിനകത്ത് അന്വേഷണം നടത്താനേ പരീക്ഷ കൺട്രോളർക്ക് അധികാരമുള്ളൂ. സാധാരണ ഗതിയിൽ ആഭ്യന്തര വിജിലൻസാണ് ഇത്തരം കേസുകൾ അന്വേഷിക്കാറുള്ളത്.

കഴിഞ്ഞദിവസം ചേർന്ന പി.എസ്.സി യോഗത്തിൽ പുറത്തുള്ള ഏജൻസിക്ക് അന്വേഷണം കൈമാറണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ പി.എസ്.സിയുടെ ആഭ്യന്തര വിജിലൻസിന് അന്വേഷണ ചുമതല നൽകാമെന്നായിരുന്നു ഒടുവിൽ ചെയർമാൻ ഉൾപ്പെടെ സമ്മതിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പി.എസ്.സി ഔദ്യോഗിക വാർത്താക്കുറിപ്പും ഇറക്കിയത്. ആ തീരുമാനമാണ് ഇപ്പോൾ അട്ടിമറിക്കപ്പെട്ടത്. വിഷയം വിവാദമായതിനെ തുടർന്ന് തിങ്കളാഴ്ചയിലെ യോഗത്തിൽ അന്വേഷണകാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പി.എസ്.സി വൃത്തങ്ങൾ പറയുന്നത്. അതിനിടെ പി.എസ്.സി നിയമനങ്ങൾ സംബന്ധിച്ച് യൂത്ത് കോൺഗ്രസ് ഉൾപ്പെടെ ഭരണപക്ഷാനുകൂല സംഘടനകൾ പരാതിയുമായി രംഗത്തെത്തിയ സാഹചര്യത്തിൽ സർക്കാർ എന്ത് തീരുമാനമെടുക്കുമെന്നതും വിഷയത്തിൽ നിർണായകമാണ്.

Tags:    
News Summary - PSC internal vigilance investigation frozen; Examination Controller takes charge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.