കോഴിക്കോട്: എൽ.ഡി.എഫ് സർക്കാർ സസ്പെൻഡ് ചെയ്തിരുന്ന ബി. അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയാക്കിയതിനെ വിമർശിച്ച് സാഹിത്യകാരനും പു.ക.സ സംസ്ഥാന വൈസ് പ്രസിഡന്റുമായ അശോകൻ ചരുവിൽ. ബി. അശോകിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയോഗിച്ചതിലൂടെ കേരളത്തിൽ നടന്ന ഭരണമാറ്റം ആർക്കുവേണ്ടിയുള്ളതാണെന്ന് വ്യക്തമായിരിക്കയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ആരുടെ താൽപ്പര്യപ്രകാരമാണ് ഈ നിയമനം എന്നത് വ്യക്തം. കേരളത്തിലെ യൂനിവേഴ്സിറ്റികളെ കാവിവൽക്കരിക്കാനുള്ള ആർ.എസ്.എസുകാരനായ ഗവർണർ/ചാൻസലരുടെ തീവ്രനീക്കങ്ങളെ ശക്തിപ്പെടുത്താൻ ബി. അശോകിനെപ്പോലെ ഒരു സഹായിയെ വേറെ കിട്ടാനുണ്ടാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അശോകിന്റെ നിയമനത്തിന് പിന്നാലെ, കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല യു.ഡി.എഫ് ആർ.എസ്.എസിന് എഴുതിക്കൊടുത്തിരിക്കുകയാണെന്ന വിമർശനവുമായി കഴിഞ്ഞ ദിവസം എസ്.എഫ്.ഐയും രംഗത്ത് വന്നിരുന്നു.
ബി. അശോകിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയോഗിച്ചതിലൂടെ കേരളത്തിൽ നടന്ന ഭരണമാറ്റം ആർക്കുവേണ്ടിയുള്ളതാണ് എന്ന് വ്യക്തമായിരിക്കുകയാണ്.
ആരുടെ താൽപ്പര്യപ്രകാരമാണ് ഈ നിയമനം എന്നത് വ്യക്തം. കേരളത്തിലെ യൂണിവേഴ്സിറ്റികളെ കാവിവൽക്കരിക്കാനുള്ള ആർ.എസ്.എസുകാരനായ ഗവർണർ/ചാൻസലരുടെ തീവ്രനീക്കങ്ങളെ ശക്തിപ്പെടുത്താൻ ബി. അശോകിനെപ്പോലെ ഒരു സഹായിയെ വേറെ കിട്ടാനുണ്ടാവില്ല.
കൃത്യമായിത്തന്നെ തൻ്റെ സംഘപരിവാർ അടിമത്വം വ്യക്തമാക്കിയിട്ടുള്ളയാളാണ് ഈ ഉദ്യോഗസ്ഥൻ. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിനോട് അദ്ദേഹത്തിനുണ്ടായിരുന്ന അതൃപ്തിക്കു കാരണം വേറൊന്നല്ല.
ശ്രീനാരായണഗുരുവിനെ ഹിന്ദുസന്യാസിയായി വ്യാഖ്യാനിക്കാൻ ഏറെ ശ്രമിച്ചിട്ടുള്ളയാളാണ് അശോക്. ബി.ജെ.പിയെ രക്ഷിക്കാൻ ബീഫ് നിരോധനത്തിന് ന്യായീകരണവുമായി അദ്ദേഹം വന്നത് ഓർക്കുന്നു.
രാഹുൽ ഗാന്ധിയെപ്പോലും പറഞ്ഞു പറ്റിച്ച് അരങ്ങേറിയ കേരളത്തിലെ യു.ഡി.എഫ്-ബി.ജെ.പി ഡീൽ പകൽപോലെ തെളിഞ്ഞു കണ്ടിട്ടും, മാറ്റത്തിനു വേണ്ടിയുള്ള ഭരണമാറ്റം എന്ന അരാഷ്ടീയം പ്രചരിപ്പിച്ച വരേണ്യ സാംസ്കാരിപ്രതിഭകൾ ഇപ്പോഴും ലജ്ജയില്ലാതെ കണ്ണടച്ച് ചെണ്ട കൊട്ടിക്കൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.