ബാലുശ്ശേരി: പിഞ്ചുമക്കളെ ചേർത്തുനിർത്തി അവർക്ക് സ്നേഹം പകരാൻ കഴിയാതെ ഒരമ്മ. ബാലുശ്ശേരി പുത്തൂർവട്ടം തേവരപ്പറമ്പിൽ സജിതക്ക് (36) തെൻറ പൊന്നുമക്കളെ മടിയിൽ കിടത്തി താലോലിക്കാനും സ്നേഹം പകരാനും ആഗ്രഹമുണ്ടെങ്കിലും ശരീരത്തിെൻറ നിയന്ത്രിക്കാൻ കഴിയാത്ത ചലനം ഒന്നിനും അനുവദിക്കുന്നില്ല. എട്ടു വർഷം മുമ്പ് തുടങ്ങിയ അപൂർവ ഞരമ്പുരോഗത്താൽ സദാസമയവും കൈകാലുകളും ശരീരവുമെല്ലാം അനിയന്ത്രിതമായി ചലിച്ചുകൊണ്ടിരിക്കുന്നതിനാൽ സജിതക്ക് പരസഹായമില്ലാതെ ഇരിക്കാൻപോലും പറ്റില്ല.
പ്രാഥമിക കൃത്യങ്ങൾക്കുപോലും പരസഹായം വേണം. അഞ്ചു വയസ്സുകാരനായ അലെൻറ പ്രസവത്തോടെയാണ് സജിതക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഓരോ വർഷം കഴിയുമ്പോഴേക്കും നിയന്ത്രിക്കാൻ കഴിയാത്ത ചലനം വർധിച്ചുവന്നു. കൈകാലുകളും തലയും ശരീരവുമെല്ലാം ഇടതടവില്ലാതെ പിടച്ചുകൊണ്ടിരിക്കുകയാണ്. ഉറക്കത്തിൽ മാത്രമാണ് ശരീരത്തിെൻറ പിടച്ചലിന് ഒരൽപമെങ്കിലും ആശ്വാസമുള്ളത്. സംസാരിക്കാൻ പറ്റാത്ത സ്ഥിതി. തലയുടെ പിടച്ചിൽ കാരണം ഭക്ഷണം കഴിക്കാൻപോലും പ്രയാസം. ഇതിനകം ഒട്ടേറെ ചികിത്സ നടത്തിയെങ്കിലും അസുഖത്തിന് ശമനമുണ്ടായില്ല.
അമ്മയുടെ സ്നേഹം എന്തെന്നറിയാതെയാണ് ഒന്നര വയസ്സുകാരി അലംകൃതയും അഞ്ചു വയസ്സുകാരൻ അലനും സജിതക്കൊപ്പം കഴിയുന്നത്. അലംകൃത മടിയിൽ കയറിയിരുന്ന് അവൾക്ക് ആവശ്യമുള്ളപ്പോൾ മുലപ്പാൽ കുടിച്ചുപോകുന്നതുപോലും സജിതക്ക് വേണ്ടത്ര ശ്രദ്ധിക്കാനാവാറില്ല. മക്കൾക്കും അമ്മക്കും എല്ലാ കാര്യങ്ങൾക്കും ആശ്രയം അച്ഛൻ പരമാനന്ദനാണ്. ഇതുമൂലം കൂലിപ്പണിക്കാരനായ പരമാനന്ദന് പലപ്പോഴും പണിക്ക് പോകാനും കഴിയാറില്ല.
സജിതയുടെ ചികിത്സക്കും കുടുംബത്തിെൻറ നിത്യവൃത്തിക്കും മിക്കപ്പോഴും പരസഹായംതന്നെയാണ് തുണ. അഞ്ചര സെൻറ് ഭൂമിയിൽ പാതിവഴിയിൽ നിർമാണം നിലച്ച വീട്ടിനുള്ളിൽ ദുരിതക്കയത്തിലാണെങ്കിലും സജിതയുടെ അസുഖം മാറാനുള്ള പ്രാർഥനയിലാണ് കുടുംബം. വിദഗ്ധ ചികിത്സ കിട്ടിയാൽ സജിതയുടെ കഷ്ടപ്പാടിന് എന്തെങ്കിലും പരിഹാരം കിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബം. നേരത്തേ തൊഴിലുറപ്പ് പ്രവൃത്തിക്കും സ്വകാര്യ ടെലിഫോൺ ബൂത്തിലും ജോലിക്ക് പോയിരുന്നു സജിത. രോഗം കലശലായതോടെയാണ് നിർത്തിയത്. ഇരുപതു വർഷം മുമ്പ് മരിച്ച സജിതയുടെ അമ്മ ദേവിക്കും ഇതേ അസുഖമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.