തിരുവനന്തപുരം: പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ലോക കേരളസഭയും അതോടനുബന്ധിച്ച സ്റ്റാൻഡിങ് കമ്മിറ്റികളുടെയും തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പാക്കാൻ സെക്രേട്ടറിയറ്റിന് രൂപം നൽകിയതായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു. ഏഴ് സ്റ്റിയറിങ് കമ്മിറ്റികളാണ് ഇതിലുള്ളത്. നിക്ഷേപം, മികച്ച യോഗ്യതയുള്ളവർക്ക് വിദേശത്ത് അവസരം സൃഷ്ടിക്കൽ, നോർക്കയുടെ മറ്റ് സാധ്യതകൾ, ലേബർ ക്യാമ്പുകളിലെ പ്രശ്നങ്ങൾ പരിഹരിക്കൽ, മറ്റ് സംസ്ഥാനങ്ങളിലെ മലയാളികളുടെ പ്രശ്നങ്ങൾ തുടങ്ങിയവയാണ് സ്റ്റാൻഡിങ് കമ്മിറ്റികൾ പരിശോധിക്കുകയെന്നും സ്പീക്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ചീഫ് സെക്രട്ടറി ടോം ജോസ്, നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, നിയമസഭ സെക്രട്ടറി വി.കെ. ബാബുപ്രകാശ്, നോർക്ക റൂട്ട്സ് വൈസ് ചെയർമാന്മാരായ കെ. വരദരാജൻ, എം.എ. യൂസുഫലി, സി.കെ. മേനോൻ, പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.റ്റി. കുഞ്ഞുമുഹമ്മദ്, ആസൂത്രണ ബോർഡ് അംഗം കെ.എൻ. ഹരിലാൽ, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി, പ്രവാസിക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ രാധാകൃഷ്ണൻ എം എന്നിവർ അംഗങ്ങളാണ്. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. വിവിധ പ്രദേശങ്ങളിൽ ലോക കേരളസഭയുടെ സന്ദേശ സമ്മേളനങ്ങളും സംഘടിപ്പിക്കുമെന്ന് സ്പീക്കർ പറഞ്ഞു.
പ്രവാസനിക്ഷേപം സ്വീകരിക്കുന്നതിന് മസാല ബോണ്ടുകൾ പുറത്തിറക്കും. 80000ത്തോളം പ്രവാസികൾ പ്രവാസി ചിട്ടിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമസഭയിലെ പാർലമെൻററി പഠന ഇൻസിറ്റിറ്റ്യൂട്ടിനെ സർക്കാർ ജീവനക്കാർക്കും സമാജികർക്കും പ്രയോജനപ്പെടുംവിധം സ്കൂൾ ഒാഫ് ഗവൺമെൻറ് ആക്കി മാറ്റുമെന്നും സ്പീക്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.