ബസുകളിൽ മാറ്റം വരുത്തിയാൽ വർക്ക്ഷോപ്പുകാരും ഉദ്യോഗസ്ഥരും കുടുങ്ങും; പൂട്ടിടാൻ തുടങ്ങി

ടൂറിസ്റ്റ് ബസ് അപകടത്തിൽ വിദ്യാർഥികൾ അടക്കം നിരവധി ജീവനുകൾ പൊലിഞ്ഞത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. വിദ്യാലയത്തിൽനിന്നും വിനോദയാത്രക്ക് പോയ ബസാണ് അമിത വേഗത്തെ തുടർന്ന് കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ചുമറിഞ്ഞത്. ഇതോടെ സ്വകാര്യ ബസുകളിൽ പൊലീസും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റും വ്യാപക പരിശോധന നടത്തിവരികയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ആയിരക്കണക്കിന് വാഹനങ്ങൾക്കാണ് പിടിവീണത്. നിയമം കടുപ്പിക്കാനും അധികൃതർ തീരുമാനം എടുത്തിട്ടുണ്ട്. അതിനിടെ, ബസുകൾ അനധികൃതമായി രൂപമാറ്റം വരുത്തിയാൽ ഓരോ രൂപ മാറ്റത്തിനും 10,000 രൂപ പിഴ ഈടാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. രൂപമാറ്റം വരുത്തിയാൽ 5000 രൂപയാണ് കേരളത്തിൽ പിഴ ഈടാക്കുന്നത്. നിയമലംഘനത്തെ കർശനമായി നേരിടാനാണു പിഴത്തുക ഉയർത്തുന്നതെന്ന് ആന്റണി രാജു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ബസുകളുടെ വേഗം നിയന്ത്രിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളിൽ മാറ്റം വരുത്തിയാല്‍ ഉടമകളുടെ പേരിലും രൂപമാറ്റത്തിനു സഹായിക്കുന്നവരുടെ പേരിലും ക്രിമിനൽ കേസെടുക്കും. നിയമവിരുദ്ധമായ മാറ്റങ്ങൾ വരുത്തിയ വാഹനങ്ങൾ നിരത്തിലിറക്കില്ല. ബസുകൾ രൂപമാറ്റം വരുത്തുന്നുണ്ടോ എന്നു പരിശോധിക്കാൻ ത്രിതല പരിശോധനാ സംവിധാനം ഏർപ്പെടുത്തും. ആർ.ടി.ഒ ഓഫിസിന്റെ കീഴിലുള്ള ബസുകളുടെ എണ്ണമെടുത്ത് നിശ്ചിത ബസുകളുടെ ചുമതല ഉദ്യോഗസ്ഥർക്കു വീതിച്ചു നൽകും. ക്രമക്കേട് കണ്ടെത്തിയാൽ ഉദ്യോഗസ്ഥനും ഉത്തരവാദിയായിരിക്കും. ഉദ്യോഗസ്ഥന്റെ പേരിലും നിയമ നടപടി സ്വീകരിക്കും. ഉന്നത ഉദ്യോഗസ്ഥർ ആഴ്ച തോറും ബസുകൾ പരിശോധിക്കും. ഇതിനു മുകളിൽ സൂപ്പർ ചെക് സെല്ലും ഉണ്ടാകും.

നിയമലംഘനത്തിനു ലൈസൻസ് റദ്ദാക്കിയാൽ റിഫ്രഷ്മെന്റ് കോഴ്സുകളിൽ പങ്കെടുക്കണം. കോഴ്സ് പൂർത്തിയായാലേ ലൈസൻസ് പുതുക്കി നൽകൂ. ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ച് ലൈസൻസ് റദ്ദാക്കപ്പെടുന്നവരും കോഴ്സ് പൂർത്തിയാക്കണം. ജി.പി.എസ് ഘടിപ്പിക്കാത്ത വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കും. ഇതര സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ ഫ്രീ മൂവ്മെന്റ് റദ്ദാക്കി. നവംബർ ഒന്നു മുതൽ ഈ വാഹനങ്ങൾക്കു നികുതി ഈടാക്കും. വാഹനം രൂപമാറ്റം വരുത്തുന്ന വർക്‌ഷോപ്പ് ഉടമകൾക്കെതിരെ നടപടിയെടുക്കും. വിനോദസഞ്ചാരകേന്ദ്രങ്ങളിലും വാഹനങ്ങളെ പരിശോധിക്കും. യാത്രക്കാർ രൂപമാറ്റംവരുത്തിയ വാഹനങ്ങൾ ഉപയോഗിക്കരുതെന്നു മന്ത്രി അഭ്യർഥിച്ചു. എല്ലാ ആഴ്ചയിലും മന്ത്രിതലത്തിൽ യോഗം ചേർന്ന് വിലയിരുത്തലുകൾ നടത്തും.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്:

വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുവാന്‍ ഇന്ന് രാവിലെ 10.30-ന് ഉന്നത തലയോഗം ചേര്‍ന്നു. അപകട സമയത്ത് വാഹനത്തിന്റെ വേഗത നിയന്ത്രിക്കുന്ന ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റില്‍ അനധികൃതമായി മാറ്റം വരുത്തിയതായി കണ്ടെത്തി. ഇതിന് കാരണക്കാരായ വാഹന ഡീലര്‍, വര്‍ക്ക്ഷോപ്പ് എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കതിരെ നിയമ നടപടികള്‍ കൈക്കൊള്ളുന്നതിന് പോലീസില്‍‌ പരാതി നല്‍കുവാന്‍ പാലക്കാട് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ.യെ ചുമതലപ്പെടുത്തി.

നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനായി നടന്നു വരുന്ന ഓപ്പറേഷന്‍ കൂടുതല്‍ ശക്തമായി തുടരുവാന്‍ തീരുമാനിച്ചു. നിയമവിരുദ്ധമായ സംവിധാനങ്ങള്‍ ഉള്ള വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കുകയില്ല. വേഗ നിയന്ത്രണ സംവിധാനങ്ങള്‍, എക്സ്ട്രാ ഫിറ്റിംഗ്സുകള്‍, അനധികൃത രൂപമാറ്റങ്ങള്‍, ബ്രേക്ക് ലൈറ്റ്, പാര്‍ക്കിംഗ് ലൈറ്റ്, സിഗ്നല്‍ ലൈറ്റ് മുതലായവ കര്‍ശനമായി പരിശോധിക്കും.

കേരളത്തിലെ 86 ആര്‍.ടി. ഓഫീസുകളിലെ ഓരോ ഉദ്യോഗസ്ഥര്‍ക്കും പ്രസ്തുത ഓഫീസിന് കീഴിലുള്ള നിശ്ചിത എണ്ണം വാഹനങ്ങളുടെ പരിശോധനയുടെ ചുമതല നല്‍കും. പ്രസ്തുത വാഹനത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും ഉത്തരവാദിയായിരിക്കും. ഓരോ ആഴ്ചയും ഡെപ്യൂട്ടി ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ തലത്തില്‍ കുറഞ്ഞത് 15 വാഹനങ്ങള്‍ ചെക്കിംഗുകള്‍ നടത്തും. അതിനു മുകളില്‍ സംസ്ഥാന തലത്തില്‍ സൂപ്പര്‍ ചെക്കിംഗുമുണ്ടാകും. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, ജോയിന്റ് ആര്‍.ടി.ഒ. തുടങ്ങിയ എക്സിക്യുട്ടീവ് ഓഫീസർമാർ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കും.

ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുവാന്‍ സംസ്ഥാന എക്സൈസ് വകുപ്പുമായി ചേര്‍ന്ന് കര്‍ശന പരിശോധന നടത്തും. ഇത്തരക്കാരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കും. ‌ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിംഗ് ആന്റ് റിസര്‍ച്ചില്‍ (IDTR) റിഫ്രഷര്‍ ട്രെയിനിംഗിനു ശേഷം മാത്രമേ ലൈസന്‍സ് പുനസ്ഥാപിക്കുകയുള്ളൂ. .

ഏകീകൃത കളര്‍ കോഡ് സംബന്ധിച്ച് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം ഉടനടി കര്‍ശനമായി നടപ്പിലാക്കുവാന്‍ തീരുമാനിച്ചു. കളര്‍കോഡ് ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതാണ്. അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്ന വാഹനങ്ങളുടെ വിവരം ബന്ധപ്പെട്ടവരെ അറിയിക്കുവാന്‍ മൊബൈല്‍ ആപ്പ് സംവിധാനം ഒരുക്കും. പൊതുജനങ്ങള്‍ക്ക് വാട്ടസ്ആപ്പിലൂടെ ഇത്തരം വാഹനങ്ങളുടെ വീഡിയോയും അയക്കാം.

വാഹനങ്ങളില്‍ അനധികൃത രൂപമാറ്റം വരുത്തുന്നതിനുള്ള പിഴ കേന്ദ്ര നിയമത്തിലെ വ്യവസ്ഥയനുസരിച്ച് 5000 രൂപയില്‍ നിന്നും ഒരു രൂപമാറ്റത്തിന് 10,000 രൂപ വീതമായി വര്‍ദ്ധിപ്പിക്കും. ജി.പി.എസ്. ഘടിപ്പിക്കാത്ത പബ്ലിക് കാരിയേജ് വാഹനങ്ങളുടെ സി.എഫ്. കാന്‍സല്‍ ചെയ്യുന്ന നടപടികളിലേക്ക് നീങ്ങുന്നതാണ്. എ.ആര്‍.ഐ. അംഗീകാരമുള്ള നിര്‍മ്മാതാക്കളുടെ ജി.പി.എസ്. സംസ്ഥാനത്ത് ആവശ്യാനുസര​ണം ലഭ്യമാക്കുവാനുള്ള നടപടി സ്വീകരിക്കുവാന്‍ ട്രാന്‍സ്പോര്‍‌ട്ട് കമ്മീഷണറെ ചുമതലപ്പെടുത്തി.

അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ആള്‍ ഇന്ത്യ പെര്‍മിറ്റ് എടുത്ത ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് ഫ്രീ മൂവ്മെന്റ് അനുവദിച്ച ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശം റദ്ദാക്കി തമിഴ്നാട് മാതൃകയില്‍ കേരളത്തിലും വാഹനനികുതി ഈടാക്കുവാന്‍ തീരുമാനിച്ചു. അല്ലെങ്കില്‍ ഇത്തരം വാഹനങ്ങള്‍ നവംബര്‍ 1 മുതല്‍ കേരളത്തിലേക്ക് രജിസ്ട്രേഷന്‍ മാറ്റേണ്ടതാണ്.

ഡ്രൈവര്‍മാരുടെ മികവും അപകടരഹിതവുമായ ഡ്രൈവിംഗ് ചരിത്രവും പരിഗണിച്ച് വാഹന ഉടമകള്‍ക്ക് ആനുകൂല്യം നല്‍കുന്ന കാര്യം പരിശോധിക്കും. വാഹനങ്ങളില്‍ അനധികൃതമായി രൂപമാറ്റം വരുത്തുവാന്‍ സഹായിക്കുന്ന വര്‍ക്ക്ഷോപ്പുകള്‍ക്കെതിരെ നടപടി കൈക്കൊള്ളും. ഈ മാസം 15-ന് മുന്‍പ് 4 സോണിലെയും എല്ലാ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍മാരുടെയും യോഗം ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ വിളിച്ചു ചേര്‍ത്ത് നടപടികള്‍ ത്വരിതപ്പെടുത്തും.

Tags:    
News Summary - Workshops and govt. staff will be stranded if the buses are changed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT