മനക്കരുത്തിന്‍െറ ഡബിള്‍ ബെല്ലടിച്ച് പ്രിയ

മലപ്പുറം: വീണുപോകുമായിരുന്ന ഒരു ജീവിതം മനക്കരുത്തിനാല്‍ അതിജീവിച്ച് പുതുവഴികളിലേക്ക് ഡബിള്‍ ബെല്ലടിക്കുകയാണ് പ്രിയ ജി. വാര്യര്‍. ജീവിതത്തിന്‍െറ വസന്തകാലത്ത് നിനച്ചിരിക്കാതെയത്തെിയ വേനല്‍ ഒരിക്കല്‍ കരിച്ചുകളയാന്‍ ഒരുമ്പെട്ടതാണ് ആ സ്വപ്നങ്ങളെ. സൗഹൃദത്തിന്‍െറയും ഇഛാശക്തിയുടെയും തെളിനീരിനാല്‍ പച്ചപ്പുകളൊക്കെയും തിരിച്ചുപിടിച്ചു പ്രിയ. പാതി വഴിയില്‍ വന്നുകയറിയ അര്‍ബുദത്തെ വേരോടെ പിടിച്ചിറക്കിയാണീ യാത്ര. കെ.എസ്.ആര്‍.ടി.സിയില്‍ ജോലിക്കാരിയായ പ്രിയ മലപ്പുറത്തെ അപൂര്‍വ സ്ത്രീ കണ്ടക്ടര്‍മാരില്‍ ഒരാളാണ്. അവിടെക്കുള്ള പ്രിയയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. അധ്യാപികയില്‍ നിന്ന് ആശുപത്രിയിലേക്കും അവിടെനിന്ന് ബസ് കണ്ടക്ടറിലേക്കുമുള്ള ദൂരത്തിനിടയില്‍ ഇവര്‍ താണ്ടിയത് പരീക്ഷണങ്ങളുടെ വന്‍ മലകള്‍.

ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം കഴിഞ്ഞ് അധ്യാപനവും, പി.എസ്.സി പഠനവുമൊക്കെയായി കുറ്റിപ്പുറത്ത് ഭര്‍ത്താവ് വിനോദിനും മകന്‍ വൈഷ്ണവിനുമൊപ്പം സ്വസ്ഥജീവിതം നയിക്കുന്നതിനിടെയാണ് 15 മാസം മുമ്പ് പ്രിയയുടെ ജീവിതം അപ്രതീക്ഷിത വളവുകളിലേക്ക് തിരിഞ്ഞത്. പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് ക്ളിനിക്ക് പ്രവര്‍ത്തക കൂടിയായ പ്രിയ കൂറ്റനാട് നടത്തിയ അര്‍ബുദ നിര്‍ണയ ക്യാമ്പില്‍ വെറുതെയൊരു ടെസ്റ്റ് നടത്തി. ഫലം ഞെട്ടിക്കുന്നതായിരുന്നു -പോസിറ്റീവ്. 2015 നവംബറിലെ ആ പകല്‍ നിരാശയുടെ ആഴക്കിണറിലേക്ക് പ്രിയയെ തള്ളിയിട്ടു. ആശുപത്രികളില്‍ കറുത്തദിനങ്ങളായി പ്രിയയുടെ പകലിരവുകള്‍ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്തു.

അസുഖം തിരിച്ചറിഞ്ഞതോടെ അധ്യാപന ജോലിവിട്ട് വീട്ടില്‍ ഒതുങ്ങി. കൂട്ടുകാരും നാട്ടുകാരും വീട്ടിലത്തെി, അവര്‍കൊണ്ടുവന്ന പുസ്തകങ്ങളിലും ആശ്വാസവാക്കുകളിലും പ്രിയ ജീവിതത്തിന്‍െറ വെളിച്ചം കണ്ടു. മുന്നോട്ടുപോകണം എന്ന ചിന്ത പ്രിയയില്‍ വീണ്ടും ഉദിച്ചു. കിമോതെറാപ്പിയും ലേസര്‍ ചികിത്സയും കഴിഞ്ഞപ്പോള്‍ ആ വെളിച്ചം കൂടുതല്‍ ദീപ്തമായി.

ആറുമാസത്തെ തുടര്‍ ചികിത്സയോടെ പ്രിയ പഴയ പ്രസരിപ്പ് തിരിച്ചുപിടിച്ചു. റാങ്ക് ലിസ്റ്റിലുണ്ടായിരുന്ന പ്രിയക്ക് കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ തസ്തികയിലേക്ക് വിളി വരുന്നത് ഇതിനിടെയാണ്. 2016 ഡിസംബറില്‍ പ്രിയ സര്‍ക്കാര്‍ ജീവനക്കാരിയായി. ചികിത്സക്കിടെ മുടിപൊഴിഞ്ഞ തല ഷാള്‍കൊണ്ട് മറച്ചാണ് ആദ്യ ദിനം കെ.എസ്.ആര്‍.ടി.സി കോഴിക്കോട് ഡിപ്പോയിലത്തെിയത്. ആളുകളെ അഭിമുഖീകരിക്കാന്‍ പോലും മടിതോന്നി. ജോലിയില്‍ പ്രവേശിച്ച ശേഷം ലീവെടുക്കാമെന്നായിരുന്നു ചിന്ത. എന്നാല്‍, ആദ്യ ദിവസത്തെ യാത്ര ചിന്തകളെ ആകെമാറ്റി. തോറ്റു പിന്‍മാറുകയല്ല, ജീവിച്ച് മുന്നേറുകയെന്ന ചിന്തയെ അവര്‍ മുറകെ പിടിച്ചു.

കോഴിക്കോട്-മാനന്തവാടി റൂട്ടിലായിരുന്നു ആദ്യ ട്രിപ്പുകള്‍. പ്രിയയുടെ ഇഛാശക്തിക്ക് മുന്നില്‍ അവശതകള്‍ തലകുനിച്ചു. ഫെബ്രുവരിയില്‍ പൊന്നാനി ഡിപ്പോയിലേക്ക് മാറിയതോടെ കുറ്റിപ്പുറത്തെ വീട്ടിലത്തൊനും എളുപ്പമായി. പൊന്നാനി-ഗുരുവായൂര്‍-കോഴിക്കോട് റൂട്ടിലാണ് ഇപ്പോള്‍ സേവനം. പാലിയേറ്റിവ് പ്രവര്‍ത്തനങ്ങളിലും മറ്റ് മേഖലയിലും സജീവമാണിന്ന് ഇവര്‍. കമ്പനി കോര്‍പറേഷന്‍ ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിലുള്ള പ്രിയ ഉയര്‍ന്ന തസ്തികയിലേക്കായി പി.എസ്.സി പഠനവും തുടരുന്നു.

Tags:    
News Summary - women's day 2017 special

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.