പരിമിതികള്‍ തുന്നിത്തീര്‍ത്ത് ഈ പെണ്‍കൂട്ടായ്മ

കോട്ടയം: വനിതാദിനത്തെക്കുറിച്ച് ഒരു അഭിപ്രായം പറയാന്‍പോലും ഇവര്‍ക്ക് കഴിയില്ല. അല്ളെങ്കില്‍ തന്നെ ജീവിതത്തിന്‍െറ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ നൂലിഴകള്‍ കൂട്ടിച്ചേര്‍ക്കുന്ന ഇവരെ ആഘോഷങ്ങളും പ്രത്യേകദിനങ്ങളുമൊന്നും ബാധിക്കാറേയില്ല. പരസ്പരം ഇവര്‍ സംസാരിക്കുന്നത് ആംഗ്യങ്ങളുടെ കരുത്തിലാണ്. നിശ്ശബ്ദം എന്നാണ് ഈ ഇടുങ്ങിയ മുറിയെ വലയം ചെയ്തിരിക്കുന്ന ഭാഷക്ക് പേര്. തയ്യല്‍മെഷീനുകളുടെ യാന്ത്രികതാളം മാത്രമാണ് ഇവിടുത്തെ നിശ്ശബ്ദതയെ മറികടക്കുന്നത്.

കോട്ടയം തിരുനക്കര പഴയ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിന് മുകളിലെ കുഞ്ഞുമുറിയില്‍ ജീവിതം തുന്നിച്ചേര്‍ക്കുന്ന 16 സ്ത്രീകള്‍ ജനിച്ച നാള്‍ മുതല്‍ ശബ്ദം എന്താണെന്ന് അറിയാത്തവരാണ്. തങ്ങളുടെ കൈയിലൂടെ കയറിയിറങ്ങുന്ന തുണിത്തരങ്ങളെ മനോഹര വസ്ത്രങ്ങളാക്കി മാറ്റുന്ന ഈ പെണ്‍കൂട്ടായ്മ പക്ഷേ നിറമില്ളെന്നുകരുതിയ തങ്ങളുടെ ജീവിതത്തില്‍ വര്‍ണംചാര്‍ത്തുകയാണ്. ജന്മന സംസാരിക്കാനും കേള്‍ക്കാനും ശേഷിയില്ലാത്ത ഇവര്‍ തുണിതുന്നി കിട്ടുന്ന വരുമാനത്തിലാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. സ്വന്തമെന്നുപറയാന്‍ ആരുമില്ലാത്തവര്‍ കരസ്ഥമാക്കിയ അതിജീവനത്തിന്‍െറ മഹത്തായ മാതൃകയാണ് ഇവരുടേത്.

 സര്‍ക്കാറില്‍നിന്ന് മറ്റ് സഹായങ്ങളൊന്നുമില്ലാത്ത ഇവരുടെ ഡികോസ് എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നത് ഏതുനിമിഷവും നിലംപതിക്കാവുന്ന കോട്ടയം നഗരസഭയുടെ വാടകക്കെട്ടിടത്തിലാണ്. സര്‍ക്കാറില്‍നിന്ന് ധനസഹായം ലഭ്യമായാല്‍ സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് സ്ഥാപനം മാറ്റണമെന്ന് മാത്രമാണ് ഇവരുടെ ആഗ്രഹം. ഇവരുടെ സഹായത്തിന് ഏഴുവര്‍ഷമായി കൂടെയുള്ളത് പാറമ്പുഴ സ്വദേശിനി ബിന്ദു തമ്പിയാണ്. തുണി തയ്പ്പിക്കാന്‍ എത്തുന്നവരോട് സംസാരിക്കാന്‍ ഒരു വനിത എന്ന അന്വേഷണത്തിലൊടുവിലാണ് ഇവരെ അസോ. മാനേജറായി നിയമിച്ചത്.

ആദ്യമൊക്കെ സംസാരിക്കാനറിയാതെ വലഞ്ഞെങ്കിലും ആംഗ്യഭാഷ വശമായതോടെ ബിന്ദുവും അവരിലൊരാളായി മാറി. ബിന്ദുവില്ലാത്ത സമയത്ത് വസ്ത്രവുമായി ആരെങ്കിലും വന്നാല്‍ ഫോണ്‍ നമ്പര്‍ കൂടി വാങ്ങുകയും പിന്നീട് വിളിച്ച് വിവരം തിരക്കുകയുമാണ് ഇവിടുത്തെ രീതി. 1980ല്‍ കേരള സ്റ്റേറ്റ് ഡഫ് അസോ. കോട്ടയത്ത് അവതരിപ്പിച്ച നാടകത്തില്‍നിന്ന് പണം സമാഹരിച്ചാണ് ഡികോസ് ആരംഭിച്ചത്.

പിന്നീട് എണ്ണം കൂടി, ഇപ്പോഴിത് 16 വനിതകള്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനമായി വളര്‍ന്നു. അസോ. പ്രസിഡന്‍റ് കെ.സി. ഐസക്, സെക്രട്ടറി അന്ത്രപ്പേര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് ഡികോസിന്‍െറ പ്രവര്‍ത്തനം. ശമ്പളത്തിനു പുറമേ മാസം യാത്രാബത്തയായി 300രൂപയും നല്‍കുന്നുണ്ട്. കൂടാതെ നിശ്ചിത എണ്ണം കൂടുതല്‍ തയ്ക്കുന്നവര്‍ക്ക് പ്രത്യേക തുകയും നല്‍കും. വര്‍ഷത്തില്‍ ഒരുതവണ ബോണസും വിനോദയാത്രയും ഇവര്‍ക്കുണ്ട്.

ആരംഭകാലം മുതല്‍ വസ്ത്ര കട്ടിങ്ങില്‍ തിളങ്ങിനില്‍ക്കുന്നവരാണ് അന്നമ്മ എബ്രഹാം, ലേല, അച്ചാമ്മബേബി എന്നിവര്‍. കൈത്തുന്നലില്‍ വിദഗ്ധരായ മൂന്നുപേരും ഇവിടെയുണ്ട്. സമൂഹത്തില്‍ ഒറ്റപ്പെടുന്ന ബധിര മൂക സ്ത്രീകള്‍ക്ക് വീട്ടിനകത്ത് ചടഞ്ഞുകൂടാതെ കഴിഞ്ഞുകൂടാനുള്ള ആശ്രയകേന്ദ്രമായി ഈ സ്ഥാപനം മാറി. കുമരകംകാരായ സഹോദരിമാരായ ഉഷ-ഐഷ എന്നിവര്‍ 30 വര്‍ഷമായി ഇക്കൂടെയുണ്ട്. കൊറിയര്‍ മുഖേന വരെ ഓര്‍ഡര്‍ ലഭിക്കുന്നു എന്നതുതന്നെ സ്ഥാപനത്തിന്‍െറ പെരുമക്ക് തെളിവാണ്. നിന്നുതിരിയാന്‍ ഇടമില്ലാതെ ശ്വാസംമുട്ടുന്ന കുഞ്ഞു മുറിക്കുള്ളില്‍ പുഞ്ചിരി കൈമുതലാക്കി മുന്നേറുന്ന ഇവര്‍ പകര്‍ന്നുനല്‍കുന്ന പാഠങ്ങള്‍ പ്രതിസന്ധികളില്‍ തളരുന്നവര്‍ക്ക് ഒരു പാഠപുസ്തകമാണ്.

Tags:    
News Summary - women's day 2017 special

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.