‘സ്ത്രീകളെ ശബരിമലയിലെത്തിച്ചത് പൊറോട്ടയും ബീഫും വാങ്ങിക്കൊടുത്തു തന്നെ’; പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് എൻ.കെ പ്രേമചന്ദ്രൻ

കൊല്ലം: പൊറോട്ടയും ബീഫും വാങ്ങിക്കൊടുത്താണ് ബിന്ദു അമ്മിണിയെയും കനക ദുര്‍ഗയെയും ശബരിമലയിലെത്തിച്ചതെന്ന് ആവര്‍ത്തിച്ച് എൻ.കെ പ്രേമചന്ദ്രൻ എം.പി. കോട്ടയം പൊലീസ് ക്ലബ്ബിൽ വെച്ച് ഇവർക്ക് ഇത് വാങ്ങി നൽകിയെന്ന് ആദ്യം പറഞ്ഞത് ഷിബു ബേബി ജോൺ ആണ്. ഇതേ കാര്യം പറഞ്ഞതിനുശേഷം താൻ സി.പി.എമ്മിന്‍റെ സൈബര്‍ ആക്രമണം നേരിടുകയാണെന്നും സി.പി.എമ്മിന്‍റെ നേതൃത്വത്തിലാണ് ഈ ആക്രമണമെന്നും അതൊന്നും കാര്യമാക്കുന്നില്ലെന്നും ഇപ്പോഴും ഇക്കാര്യത്തിൽ ഉറച്ചു നിൽക്കുകയാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശനവിഷയം വീണ്ടും ചർച്ചയായതിൽ സന്തോഷമുണ്ട്. ഭക്തർക്ക് ഉണ്ടായ വേദനയുടെ ഓർമപ്പെടുത്തലാണിത്. വിശ്വാസികളെ ഏറ്റവും അധികം വ്രണപ്പെടുത്തിയതാണ് സ്ത്രീ പ്രവേശനം. സ്ത്രീകളെ ശബരിമലയിൽ കയറ്റിയവരാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നത് എന്നത് വിരോധാഭാസമാണ്. സൈബർ ആക്രമണത്തെ താൻ മുഖവിലക്ക് എടുക്കുന്നില്ല. എന്തിനെയും ഏതിനെയും വർഗീയവത്കരിക്കുകയെന്നതാണ് സിപിഎം നയം.

2018ലാണ് ശബരിമല സ്ത്രീ പ്രവേശന വിധി വരുന്നത്. മുഖ്യമന്ത്രി സ്ത്രീ പ്രവേശനത്തിന് വേണ്ട ക്രമീകരണം ഒരുക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. പൊലീസ് അകമ്പടിയോടുകൂടിയാണ് രഹന ഫാത്തിമ എത്തിയത്. ബിന്ദു അമ്മിണിയും കനക ദുർഗയും പൊലീസിന്‍റെ സമ്പൂർണ സംരക്ഷണയിലാണ് എത്തിയത്. കോട്ടയത്ത് പൊലീസ് ക്ലബ്ബിൽ വെച്ച് പൊറോട്ടയും ബീഫും ഇവർക്ക് വാങ്ങി നൽകിയെന്ന് ആദ്യം പറഞ്ഞത് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ആണ്. സീനിയർ പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആണ് ഷിബു ഇക്കാര്യം പറയുന്നത്. തുടർന്ന് കോൺഗ്രസ് നേതാക്കളും ഇതേ വിഷയം ആവർത്തിച്ചു. പക്ഷേ, താൻ പറഞ്ഞപ്പോൾ മാത്രം വലിയ സൈബർ ആക്രമണം നേരിടേണ്ടിവരുന്നുവെന്നും പ്രേമചന്ദ്രൻ പറഞ്ഞു.


Tags:    
News Summary - 'Women were brought to Sabarimala by buying them parotta and beef'; N.K. Premachandran stands by his statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.