തൃശൂർ\തിരുവനന്തപുരം: വനിതാമതിലിൽ 50 ലക്ഷത്തിലേറെപ്പേർ പങ്കെടുത്തതായി പ്രാഥമിക കണക്ക്. വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചശേഷം എണ്ണം കൃത്യമായി വിലയിരുത്താമെന്ന് യൂനിവേഴ്സൽ റെക്കോഡ്സ് ഫോറം അന്താരാഷ്ട്ര ജൂറി അംഗം സുനിൽ ജോസഫ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതിനുശേഷമാകും റെക്കോഡ് സർട്ടിഫിക്കറ്റ് കൈമാറുകയെന്നും അദ്ദേഹം പറഞ്ഞു.
620 കിലോമീറ്റർ ദൂരം വനിതകൾ മാത്രം പങ്കെടുത്തുകൊണ്ടുള്ള മതിലോ ചങ്ങലയോ മുമ്പ് ലോകത്തെവിടെയെങ്കിലും നടന്നതായി രേഖയില്ല. ഓരോ കിലോമീറ്ററിലും ഓരോ വളൻറിയർക്ക് ചുമതല നൽകി വിഡിയോ ചിത്രീകരിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ എട്ടുവരി വരെ മതിലുകൾ രൂപപ്പെട്ടതായാണ് ജില്ല കോഒാഡിനേറ്റർമാരിൽനിന്നുള്ള റിപ്പോർട്ട്. നവോത്ഥാന മൂല്യ സംരക്ഷണസമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ, ഡോ. ടി.എൻ. സീമ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.മതിൽ കടന്നുപോയ 10 ജില്ലകളിലും യൂനിവേഴ്സൽ റെക്കോഡ് ഫോറം അധികൃതർ പരിശോധന നടത്തി.
ഫോറം അന്താരാഷ്ട്ര ജൂറി ചെയർമാൻ ഡോ. ഗിന്നസ് സുനിൽ ജോസഫിെൻറ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് പരിശോധന നടത്തിയത്. ഓരോ ജില്ലയിലും ഓരോ ജൂറിയും ഇവരുടെ കീഴിൽ 50 മുതൽ 100 വരെ കോഓഡിനേറ്റർമാരെയും ഇതിനായി നിയോഗിച്ചിരുന്നു. അഞ്ച് കി.മീ നിരീക്ഷിക്കേണ്ട ചുമതല അഞ്ച് പേരടങ്ങുന്ന ടീമിനാണ്. തൃശൂരിൽ ഗിന്നസ് സത്താർ ആദൂരായിരുന്നു ജൂറി. യൂനിവേഴ്സൽ വേൾഡ് റെക്കോഡ്, അമേരിക്കൻ ബുക് ഓഫ് റെക്കോഡ്, സ്പാനിഷ് ബുക്ക് ഓഫ് റെക്കോഡ്, കാലിഫോർണിയ ഒഫീഷ്യൽ വേൾഡ് റെക്കോഡ് എന്നീ റെക്കോഡുകൾക്ക് വേണ്ടിയുള്ള നിരീക്ഷണചുമതലയും യൂനിവേഴ്സൽ റെക്കോഡ് ഫോറത്തിനാണ്. വേൾഡ് റെക്കോഡിൽ ഇടം പിടിക്കുന്ന ഗ്രൂപ് ഐറ്റങ്ങൾ പരിശോധിക്കാനായി ഗിന്നസ് അധികൃതർ തന്നെ എത്തുകയാണ് പതിവ്. എന്നാൽ റെക്കോഡിനുവേണ്ടി സംഘടിപ്പിക്കപ്പെട്ട പരിപാടി അല്ലാത്തതിനാൽ അധികൃതരെ അറിയിക്കാത്തതിനാലും ക്രിസ്മസ്-പുതുവൽസര അവധി മൂലവുമാണ് ഗിന്നസ് അധികൃതർക്ക് എത്താൻ കഴിയാതിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.