ചെങ്ങന്നൂർ: യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി. ദുബൈയിൽ നിന്നെത്തിയ കുരട്ടിക്കാട് വിസ്മയ വിലാസത്തിൽ ബിന്ദു ബിനോയിയാണ് (39) കഴിഞ്ഞ തിങ്കളാഴ്ച മാന്നാറിൽനിന്ന് തട്ടിക്കൊണ്ടുപോയത്.
പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ മാന്നാർ കുരട്ടിക്കാട് കോട്ടക്കൽ കടവ് പാലത്തിൽനിന്ന് ആറ്റിലേക്കാണ് കളഞ്ഞതെന്ന് പൊലീസിനോട് പറഞ്ഞു. തെളിവെടുപ്പിന്‍റെ ഭാഗമായി പ്രതികളെ സ്ഥലത്ത് കൊണ്ടുവന്നു.
മാന്നാർ പൊലീസ് ഇൻസ്പെക്ടർ എസ്. നുമാന്‍റെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. ആറ്റിൽ കളഞ്ഞുവെന്ന് പ്രതികൾ പറയുന്ന ആയുധങ്ങൾ കണ്ടെടുക്കാൻ പൊലീസ് ശ്രമം ആരംഭിച്ചു.
യുവതിയെ തട്ടിക്കൊണ്ടുപോകാനുള്ള പ്രാദേശിക സഹായം ചെയ്യാൻ വേണ്ട ആലോചനകൾ മുഴുവൻ നടന്നത് കുരട്ടിക്കാട് കോട്ടക്കൽ കടവ് പാലത്തിന് സമീപമാണെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൃത്യം കഴിഞ്ഞ് തിരികെ വരുന്ന വഴിയാണ് പാലത്തിൽനിന്നും വടിവാൾ, കമ്പിപ്പാര തുടങ്ങിയ ആയുധങ്ങൾ വെള്ളത്തിലേക്ക് കളഞ്ഞത്.
പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വീയപുരം പൊലീസ് സ്റ്റേഷനിൽനിന്ന് സ്പീഡ് ബോട്ട് എത്തിച്ചു. ആലപ്പുഴ ജില്ല ബോംബ് സ്‌ക്വാഡിലെ ജോഷി, വിഷ്ണു എന്നിവർ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.
മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ നുമാൻ, എസ്.ഐ രാധാകൃഷ്ണൻ, അഡീഷനൽ എസ്.ഐ മധുസുധനൻ, സിവിൽ പൊലീസ് ഓഫിസർമാരായ സിദ്ദീഖുൽ അക്ബർ, അരുൺ, വിഷ്ണു, റിയാസ് എന്നിവരുടെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നത്. വൈകീട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.