സാക്ഷി മൊഴിമാറ്റി; ജയസൂര്യക്കും ബാലചന്ദ്ര മേനോനുമെതിരെ തെളിവുകളില്ല,കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്

തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജയസൂര്യക്കും ബാലചന്ദ്ര മേനോനുമെതിരെയുള്ള കേസുകൾ അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്. ഇവർക്കെതിരെയുള്ള വ്യക്തമായ തെളിവുകൾ ഇല്ല, അതിനാലാണ് കേസ് അവസാനിപ്പിക്കുന്നത്. നിലവിലുള്ള പരാതിയിൽ പറഞ്ഞ കാര്യങ്ങളിൽ ചിലതിന് മാത്രമാണ് തെളിവുകൾ ഉള്ളത്.

ഹേമ കമ്മറ്റിക്ക് മുമ്പിൽ നൽകിയ മൊഴികൾ അല്ലാതെ പരാതിക്കാർ മറ്റ് മൊഴികൾ നൽകിയിട്ടില്ല. പീഡന പരാതിയുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ലഭിച്ചിട്ടില്ല. കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റപത്രം സമർപ്പിക്കണമോ എന്ന് എ.ഡി.ജി.പി തീരുമാനിക്കും.

ഇവരെ കൂടാതെ മണിയൻപിള്ള രാജു, മുകേഷ് എന്നിവർക്കെതിരെ നടി പരാതി ഉന്നയിച്ചിരുന്നു. 2008ൽ പുറത്തിറങ്ങിയ 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജയസൂര്യയിൽ നിന്നും ബാലചന്ദ്ര മേനോനിൽ നിന്നും അതിക്രമം നേരിട്ടതായാണ് യുവതി പരാതി നൽകിയത്. നടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സെക്രട്ടറിയറ്റിന്‍റെ ശൗചാലയത്തിൽ വച്ച് ജയസൂര്യ പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു നടിയുടെ പരാതി.

തുടർന്ന് നടന്ന അന്വേഷണത്തിൽ പൊലീസിന് ഇത് തെളിയിക്കാൻ സാധിച്ചിട്ടില്ല. ശൗചാലയം ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോൾ ഓഫീസ് മുറിയാണ് ഉള്ളത്. അതുകൊണ്ട് ഈ സ്ഥലം തിരിച്ചറിയാൻ പരാതിക്കാരിക്ക് സാധിച്ചിട്ടില്ല. ഇതേ സിനിമയുടെ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതിക്കാരി ബാലചന്ദ്രമേനോനെതിരെ പറഞ്ഞത്.

ഈ ഹോട്ടലിൽ ബാലചന്ദ്രമേനോൻ താമസിച്ചതിന് തെളിവുണ്ടെങ്കിലും നടി സംഭവം നടന്നെന്ന് പറയുന്ന ദിവസമോ അതിനടുത്ത ദിവസങ്ങളിലോ ഇവിടെ എത്തിയതിന് തെളിവുകളില്ല. വിഷയത്തിൽ സാക്ഷി പറയാനായി ജൂനിയർ ആർട്ടിസ്റ്റ് എത്തിയിരുന്നു. എന്നാൽ താനൊന്നും കണ്ടിട്ടില്ലെന്നാണ് അവർ മൊഴി നൽകിയത്. ഇത് കേസിന് വൻ തിരിച്ചടിയായി.

കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം ഹേമ കമ്മിറ്റി റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും അവസാനിപ്പിക്കാനൊരുങ്ങുകാണെന്ന് അറിയിച്ചു. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ 35 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 21 കേസുകൾ അവസാനിച്ച് പ്രത്യേക സംഘം റിപ്പോർട്ട് നൽകി.

ബാക്കി കേസുകള്‍ കൂടി ഈ മാസത്തിൽ തന്നെ അവസാനിപ്പിക്കാനാണ് നീക്കം. കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയിരുന്നുവെങ്കിലും ഇവർക്ക് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലാത്തത് കൊണ്ടാണ് 35 കേസുകളും പൊലീസ് അവസാനിപ്പിക്കുന്നത്.

ഏറെ നാളത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ ഭാഗങ്ങൾ പുറത്തുവന്നത്. തൊഴിലടത്തുണ്ടായ മോശം അനുഭവങ്ങളും സിനിമയിൽ അവസരം ലഭിക്കാൻ നേരിടേണ്ട വന്ന ദുരിതാനുഭവങ്ങളും വിവരിക്കുന്നതായിരുന്നു മൊഴികള്‍.

മുകേഷ്, മണിയൻപിള്ള രാജു, രഞ്ജിത്, സിദ്ധിഖ്, ജയസൂര്യ അടക്കമുള്ളവർക്കെതിായ കേസുകളിലായിരുന്നു കുറ്റപത്രം നൽകിയത്. എന്നാൽ പലരും കോടതിയിൽ മൊഴി നൽകാൻ വിമുഖത കാണിച്ചു. കമ്മിറ്റിയിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കോടതി നിർദ്ദേശപ്രകാരമാണ് 35 കേസുകള്‍ പൊലിസ് രജിസ്റ്റർ ചെയ്തത്.

Tags:    
News Summary - Witness changes statement; Police say there is no evidence against Jayasurya and Balachandra Menon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.