ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹക്കേസ് പിൻവലിക്കുക; വിമൻ ജസ്റ്റിസ് പ്രതിഷേധ ദിനം ശ്രദ്ധേയമായി

കോഴിക്കോട്: ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹക്കേസ് പിൻവലിക്കുക എന്നാഹ്വാനം ചെയ്ത് വിമൻ ജസ്റ്റിസ് മൂവ്മെന്‍റ് സംസ്ഥാന വ്യാപകമായി ആചരിച്ച പ്രതിഷേധ ദിനം പ്രതിഷേധ ഗാനം, പ്രതിഷേധ ചിത്ര രചന, കവിതാലാപനം തുടങ്ങിയ വ്യത്യസ്ത ആവിഷ്കാരങ്ങൾ കൊണ്ട് ശ്രദ്ധേയമായി.

കോവിഡ് പ്രോട്ടോകോളുകൾ തകിടം മറിച്ച അഡ്മിനിസ്ട്രേറ്ററുടെ നടപടി ഒരു ജൈവായുധ ആക്രമണത്തിന് സമാനമാണെന്ന് പറഞ്ഞതിന്‍റെ പേരിൽ ഐഷ സുൽത്താനയെ വേട്ടയാടാനുള്ള സംഘ്പരിവാർ ശ്രമത്തിനെതിരെ വ്യാപക പ്രതിഷേധമുയർത്തുവാൻ ആഹ്വാനം ചെയ്തും ആയിഷ സുൽത്താനക്ക് എക്യദാർഢ്യം അറിയിച്ചുകൊണ്ടുമാണ് ശനിയാഴ്ച പ്രതിഷേധ ദിനമായി ആചരിച്ചത്. സത്യം വിളിച്ചു പറയുന്നവരെ രാജ്യദ്രോഹ കേസിൽ കുടുക്കുവാനുള്ള ഗൂഢാലോചനക്കെതിരെ ജനാധിപത്യപരവും ജനകീയവുമായ പ്രക്ഷോഭങ്ങൾ ശക്തിപ്പെടണമെന്ന് പ്രതിഷേധ ദിനം ഉദ്ഘാടനം ചെയ്ത് ജബീന ഇർഷാദ് പറഞ്ഞു.

വടകര എം.എൽ.എ കെ.കെ. രമ, സോയ ജോസഫ് (മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി), മാധ്യമ പ്രവർത്തക ഷബ്ന സിയാദ്, ഫസ്ന മിയാൻ (ഫ്രട്ടേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്‍റ്), വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ഇ.സി. ആയിശ തുടങ്ങിയവർ ഐക്യദാർഢ്യമറിയിച്ചു.

വീടുകളിലും തെരുവിലും വനിതകൾ പ്ലക്കാർഡ് പിടിച്ചും മുദ്രാവാക്യം മുഴക്കിയും പ്രതിഷേധ മറിയിച്ചു. വൈസ് പ്രസിഡന്‍റ് സുബൈദ കക്കോടി, മിനി വേണുഗോപാൽ, സംസ്ഥാന സെക്രട്ടറിമാരായ മുംതസ് ബീഗം, ചന്ദ്രിക കൊയിലാണ്ടി, സുഫീറ എരമംഗലം, അസൂറ ടീച്ചർ എന്നിവർ നേതൃത്വം നൽകി. 

Tags:    
News Summary - withdraw sedition charge against ayisha sultana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.