മലപ്പുറം: യു.ഡി.എഫ് ഉഭയകക്ഷി ചർച്ചയിൽ സീറ്റുവെച്ചുമാറ്റത്തിന് ലീഗും കോൺഗ്രസും മുന്നോട്ടുവെച്ച നിർദേശങ്ങൾ പ്രാവർത്തികമാകാൻ നിരവധി കടമ്പകൾ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ഒന്നാംഘട്ട ചർച്ചയിൽ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിക്ക് പകരമാണ് ലീഗ് മലപ്പുറം ജില്ലയിലെ തവനൂർ ചോദിച്ചത്.
എന്നാൽ, ജില്ല വിട്ടുള്ള മണ്ഡലം വെച്ചുമാറ്റം പ്രാദേശികമായി കൂടുതൽ തർക്കങ്ങൾക്ക് വഴിവെക്കുമെന്ന വിലയിരുത്തലിൽ ഈ നിർദേശം കോൺഗ്രസ് നിരസിച്ചിരിക്കുകയാണ്. പകരം ജില്ലക്കകത്ത് വെച്ചുമാറാൻ പറ്റുന്ന മണ്ഡലങ്ങൾ ഉണ്ടെങ്കിൽ പരിഗണിക്കാമെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം.
ലീഗ് മത്സരിക്കുന്ന താനൂർ നൽകിയാൽ തവനൂർ വിട്ടുകൊടുക്കാമെന്ന നിർദേശം കോൺഗ്രസ് മുന്നോട്ടുവെച്ചെങ്കിലും പാർട്ടിക്ക് ശക്തമായ വേരുകളുള്ള താനൂർ വിട്ടുകൊടുക്കാൻ ലീഗിന് താൽപര്യമില്ല. കഴിഞ്ഞ തവണ ലീഗ് മത്സരിച്ച പാലക്കാട് ജില്ലയിലെ എസ്.സി സംവരണ മണ്ഡലമായ കോങ്ങാടിന് പകരം കോൺഗ്രസ് മത്സരിക്കുന്ന പട്ടാമ്പി നൽകണമെന്ന ആവശ്യം ലീഗ് മുന്നോട്ടുവെച്ചെങ്കിലും ജയസാധ്യതകളുള്ള പട്ടാമ്പി നൽകാൻ കോൺഗ്രസ് തയാറല്ല.
അഴീക്കോടിന് പകരം കണ്ണൂരും കളമശ്ശേരിക്കു പകരം കൊച്ചിയും പുനലൂരിന് പകരം ചടയമംഗലവും വെച്ചുമാറാമെന്ന നിർദേശം ചർച്ചയിൽ ലീഗ് മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതിൽ കളമശ്ശേരി-കൊച്ചി വെച്ചുമാറ്റം നടന്നേക്കും. ഗുരുവായൂരിന് പകരമായി തെക്കൻ കേരളത്തിൽ ജയസാധ്യതയുള്ള സീറ്റ് എന്ന ആവശ്യം ലീഗ് മുന്നോട്ടുവെച്ചിട്ടുണ്ട്. കായംകുളത്തും ഇരവിപുരത്തും ലീഗിന് കണ്ണുണ്ട്. വയനാട് ഒരു സീറ്റ് വേണമെന്നും ലീഗിന് ആഗ്രഹമുണ്ട്. ഇരു പാർട്ടികളും തമ്മിലുള്ള രണ്ടാംഘട്ട ചർച്ചയിൽ സീറ്റ് വെച്ചുമാറ്റം സംബന്ധിച്ച് അന്തിമ തീരുമാനമാവും.
കൊല്ലം: നാട്ടിൽ സമാധാനവും സാഹോദര്യവും നിലനിൽക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അതിന് വിഘാതം സൃഷ്ടിക്കുന്നവരെ ഉൾക്കൊള്ളാൻ കേരളം തയാറാവില്ലെന്നും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കൊല്ലം ലീഗ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില കേന്ദ്രങ്ങളിൽ നിന്നുള്ള വർഗീയ പരാമർശങ്ങളെ ലീഗ് ഗൗരവമായി കാണുന്നില്ല. കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾക്ക് കാര്യങ്ങൾ വ്യക്തമായി അറിയാം. എല്ലാ സംഭവവികാസങ്ങളും കൃത്യമായി വിലയിരുത്തി വോട്ട് ചെയ്യുന്നവരാണ് ഇവിടുത്തെ സമൂഹം. ലീഗിന്റെ രാഷ്ട്രീയ പാരമ്പര്യവും മതേതര നിലപാടുകളും ജനങ്ങൾക്കറിയാം, അത് ആര് ശ്രമിച്ചാലും മായ്ച്ചു കളയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തെക്കൻ കേരളത്തിൽ മുസ്‌ലിം ലീഗിലേക്കും യു.ഡി.എഫിലേക്കും കൂടുതൽ ആളുകൾ കടന്നുവരുന്നത് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന്റെ പ്രതിഫലനമാണ്. സി.പി.എം വിട്ട് മുസ്‌ലിം ലീഗിൽ ചേർന്ന സുജ ചന്ദ്രബാബുവിനെ തങ്ങൾ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.