തിരുവനന്തപുരം: വർഷങ്ങളായി കാറിന്‍റെ മുൻസീറ്റ് യാത്ര സ്ഥിരമാക്കിയ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം പിൻസീറ്റിലേക്ക് മാറുമോയെന്ന് പലരും ഉറ്റുനോക്കുകയാണ്. മുൻ മുഖ്യമന്ത്രിമാരെല്ലാം കാറിന്‍റെ പിന്നിലെ ‘ക്യാപ്റ്റൻ’ സീറ്റിലായിരുന്നു യാത്ര. സുരക്ഷ കണക്കിലെടുത്ത് പൊലീസ് നിർദേശപ്രകാരമാണ് മുഖ്യമന്ത്രിമാരൊന്നും മുൻസീറ്റിൽ യാത്രചെയ്യാത്തത്. നിയുക്ത മുഖ്യമന്ത്രിയായിട്ടും ഇപ്പോഴും സതീശൻ കാറിന്‍റെ മുൻസീറ്റിലാണ് ഇരിക്കുന്നത്. സത്യപ്രതിജ്ഞക്ക് ശേഷവും മുൻസീറ്റ് യാത്ര തുടർന്നാൽ സുരക്ഷ കണക്കിലെടുത്ത് പൊലീസ് വിലക്കാൻ സാധ്യതയുള്ളതായും ചൂണ്ടിക്കാട്ടുന്നു. വി.വി.ഐ.പി വാഹനങ്ങളിൽ സാധാരണ ഗൺമാനാണ് മുൻസീറ്റിൽ ഇരിക്കാറുള്ളത്.
സതീശനൊപ്പം മിക്കപ്പോഴും കാറിൽ നേതാക്കളും അടുത്ത അനുയായികളുമുണ്ടാകാറുണ്ട്. ഇവർക്കൊപ്പം പിന്നിൽ ഇരുന്നാൽ ഞെരുങ്ങേണ്ടിവരും. കാറുപയോഗിക്കാൻ തുടങ്ങിയ കാലം മുതൽ ഇതിൽനിന്ന് ‘രക്ഷപ്പെടാൻ’ വി.ഡി. കണ്ടെത്തിയ വഴിയാണ് മുൻസീറ്റ് യാത്ര. ഇന്നോവ ക്രിസ്റ്റ കാറാകും മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി ലഭിക്കുക. ഏഴുസീറ്റുള്ള ഇന്നോവ ക്രിസ്റ്റ പോലുള്ള വാഹനങ്ങളിലെ മധ്യനിരയിൽ ഇടതുവശത്തെ ‘ക്യാപ്റ്റൻ സീറ്റാ’ണ് പൊതുവേ വി.ഐ.പികൾ തെരഞ്ഞെടുക്കാറുള്ളത്. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനും ഈ സീറ്റിലായിരുന്നു യാത്ര. അദ്ദേഹത്തിനൊപ്പം പേഴ്സനൽ അസിസ്റ്റന്‍റും ഗൺമാനും മാത്രമാണ് കാറിൽ മിക്കപ്പോഴും ഉണ്ടായിരുന്നത്. എന്നാൽ ഇതിൽനിന്നും വ്യത്യസ്തനായിരുന്നു പലപ്പോഴും ഉമ്മൻ ചാണ്ടി. അദ്ദേഹത്തെ പോലെ കൂടുതൽ പേരെ വാഹനത്തിൽ കയറ്റിയുള്ള യാത്ര സതീശനും തുടരുമോയെന്ന് കാത്തിരുന്ന് കാണണം. സുരക്ഷയുടെ പേരിൽ അതിനെയും പൊലീസ് എതിർക്കാനാണ് സാധ്യത.
തിരുവനന്തപുരം: സ്ഥാനമേൽക്കുന്ന മുഖ്യമന്ത്രിക്കും സഹമന്ത്രിമാർക്കും സഞ്ചരിക്കാൻ 25 ഇന്നോവ കാറുകളാണ് ടൂറിസംവകുപ്പ് ഒരുക്കിയത്. എന്നാൽ, ഇതെല്ലാം പഴയ വാഹനങ്ങളാണ്. മുൻമന്ത്രിമാർ ഉൾപ്പെടെ ഉപയോഗിച്ച വാഹനങ്ങൾ വേഗത്തിൽ അറ്റകുറ്റപ്പണി തീർത്ത് തയാറാക്കിയതാണ്. പൊതുഭരണവകുപ്പിന്റെ ആവശ്യപ്രകാരമാണ് ടൂറിസം വകുപ്പിന്റെ നടപടി. ഈ കാറുകളിൽ ഏറെയും അഞ്ചുവർഷം പഴക്കമുള്ളവയാണ്.
മുൻകാലങ്ങളിൽ പുതിയ സർക്കാർ അധികാരത്തിൽവരുമ്പോൾ മന്ത്രിമാർക്കായി പുതിയ വാഹനങ്ങൾ വാങ്ങാറുണ്ട്. എന്നാൽ, സാമ്പത്തിക പ്രതിസന്ധി കാരണം ഇപ്പോൾ പുതിയ വാഹനങ്ങൾ വാങ്ങുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല. ഹൈകോടതി ജഡ്ജിമാർ ഉപയോഗിച്ച 21 ഇന്നോവ ക്രിസ്റ്റകൾ സർക്കാർ അതിഥികൾക്കും മറ്റു വി.ഐ.പികൾക്കുംവേണ്ടി ടൂറിസം വകുപ്പിന് കൈമാറിയിട്ടുണ്ട്. വെള്ള നിറത്തിലുള്ള ഇന്നോവ കാറുകളാകും മന്ത്രിമാർക്ക് ലഭ്യമാക്കുക. മുൻ മുഖ്യമന്ത്രി ഉപയോഗിച്ചിരുന്ന രണ്ടു കറുത്ത ഇന്നോവ പൊലീസ് തിരികെയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.