വിവാദങ്ങളുണ്ടായാലും നാടിനാവശ്യമായ പദ്ധതി ഉപേക്ഷിക്കില്ല -മുഖ്യമന്ത്രി

കൊ​ച്ചി: ഏതെങ്കിലും തരത്തിലുള്ള വിവാദങ്ങൾ ഉയരുന്നതുകൊണ്ട് നാടിന്​ ആവശ്യമായ പദ്ധതി ഉപേക്ഷിക്കാനോ മാറ്റിവെക്കാനോ തൽക്കാലം അവിടെ ഇരിക്കട്ടെ എന്ന് വെക്കാനോ ഒന്നും സർക്കാർ തയാറാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിൻ ഇന്‍റർനാഷനൽ എയർപോർട്ട് ലിമിറ്റഡ്-സിയാൽ പയ്യന്നൂർ ഏറ്റുകുടുക്കയിലെ 35 ഏക്കറിൽ സ്ഥാപിച്ച 12 മെഗാവാട്ട് സൗരോർജ പ്ലാൻറ് നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം വികസന പദ്ധതികൾ നമുക്ക് വേണ്ടിയുള്ളതല്ല. നമ്മുടെ കുഞ്ഞുങ്ങൾക്കും ഭാവി തലമുറക്കും വേണ്ടിയുള്ളതാണ്. അവരുടെ മുന്നിൽ നമ്മൾ കുറ്റക്കാരാകാൻ പാടില്ല. നമ്മുടെ സമൂഹത്തിനും പരിസ്ഥിതിക്കും ഇണങ്ങുന്ന വികസന പ്രവർത്തനങ്ങളാണ് നാം ഏറ്റെടുക്കുന്നത്. അതിന്‍റെ ഭാഗമായി സൗരോർജ പദ്ധതിയും ചെറുകിട ജലവൈദ്യുതി പദ്ധതിയുമൊക്കെ വലിയതോതിൽ നാട്ടിൽ വരണം. സൗരോർജ പ്ലാൻറ് നമ്മുടെ നാടിന്‍റെ ഭാവിക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. സംസ്ഥാന സർക്കാറിന്‍റെ വികസന കാഴ്ചപ്പാടിന് കൂടുതൽ കരുത്തേകാനാണ് സിയാലിന്‍റെ പരിസ്ഥിതി സൗഹൃദ സംരംഭത്തിലൂടെ കഴിഞ്ഞിട്ടുള്ളത്.

വൻകിട പദ്ധതികളോടൊപ്പം പരിസ്ഥിതി സൗഹൃദ വികസന പ്രവർത്തനങ്ങളും നടപ്പാക്കിയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ചില വികസന പ്രവർത്തനങ്ങൾ നടപ്പാക്കും എന്നുപറഞ്ഞാൽ നടപ്പാക്കും എന്നുതന്നെയാണർഥം. വികസന പ്രവർത്തനം ഇപ്പോൾ നടപ്പാക്കാൻ പാടില്ലെന്ന് ചിന്തിക്കുന്ന ചിലരുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുകുടുക്ക കിണർമുക്കിലെ പ്ലാൻറ് പരിസരത്ത് നടന്ന ചടങ്ങിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രി എം.വി. ഗോവിന്ദൻ, എം.എൽ.എമാരായ ടി.ഐ. മധുസൂദനൻ, എം.രാജഗോപാലൻ എന്നിവർ വിശിഷ്ടാതിഥികളായി. സിയാൽ എം.ഡി എസ്.സുഹാസ് സ്വാഗതവും സിയാൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എക്‌സിക്യൂട്ടിവ് ഡയറക്ടർ പി. ജോസ് തോമസ് നന്ദിയും പറഞ്ഞു

Tags:    
News Summary - will not abandon any project even if there is controversy - CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.