അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിക്കുന്നു

കലാകാരന്മാര്‍ ഭരണകൂട ഭീകരതയുടെ ഇരകളായി മാറുന്നു -മന്ത്രി കെ.രാജന്‍

തൃശൂർ: സാമ്രാജ്യത്വവും അധിനിവേശവും ലോകത്ത് കൊടികുത്തിവാഴുമ്പോള്‍ കലാകാരന്മാര്‍ ഭരണകൂട ഭീകരതയുടെ ഇരകളകളായി മാറുന്നുവെന്ന് റവന്യു മന്ത്രി കെ. രാജന്‍ പറഞ്ഞു. 16ാമത് അന്താരാഷ്ട്ര നാടകോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഘോഷങ്ങളിലും പരിപാടികളിലും ജാതിയുടെയും മതത്തിന്റെയും വര്‍ഗ്ഗത്തിന്റെയും നിറം ചേര്‍ത്ത് ഇത്തരം പരിപാടികളെയും മനുഷ്യരെയും നിശബ്ദതമാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് എവിടെയും നടക്കുന്നതെന്നും ഇതിനെതിരെ പ്രതികരിക്കുന്ന കലാകാരന്മാരെ ചാപ്പകുത്താനുള്ള സംഘടിത ശ്രമങ്ങള്‍ വളരെ പ്രകടമാണെന്നും മന്ത്രി പറഞ്ഞു.

സമാധാനപരമായ ജീവിതം,പലായനം ചെയ്യാതെ സ്വന്തം ഭൂമിയിയില്‍ തന്നെയുള്ള വാസം തുടങ്ങിയവ സ്വപ്നം മാത്രമായി മാറുന്ന ഇന്നത്തെ കാലത്ത് നിശ്ശബ്ദതമാക്കപ്പെടുന്നവരുടെ നിലവിളികളെ കലയിലൂടെ ആവിഷ്‌കരിക്കുക എന്ന മഹാത്തായ ദൗത്യമാണ് അന്താരാഷ്ട്ര നാടകോത്സവം നിര്‍വഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കേരള സംഗീത നാടക അക്കാദമി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ അക്കാദമി ചെയര്‍പേഴ്‌സണ്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി അധ്യക്ഷത വഹിച്ചു. പ്രശസ്ത ഡോക്യൂമെന്റെറി സംവിധായകന്‍ ആനന്ദ് പട്‌വര്‍ദ്ധനന്‍ മുഖ്യാതിഥിയായി. ഗുജറാത്തി നാടകകൃത്തും സിനിമാസംവിധായകനുമായ ദക്ഷിണ്‍ ഛാര വിശിഷ്ടതിഥിയായി പങ്കെടുത്തു. ഫെസ്റ്റിവല്‍ ബുക്ക്,ടീ ഷര്‍ട്ട്,ഡെയ്‌ലി ബുള്ളറ്റിന്‍ എന്നിവ പ്രകാശനം ചെയ്തു.

പി.ബാലചന്ദ്രന്‍ എം.എല്‍.എ, സബ്കലക്ടര്‍ അഖില്‍ വി. മേനോന്‍, കേരള സാഹിത്യ അക്കാദമി വൈസ്പ്രസിഡന്റ് അശോകന്‍ ചരുവില്‍,കേരള ലളിത കലാ അക്കാദമി ചെയ്ര്‍പേഴ്‌സണ്‍ മുരളി ചീരോത്ത്, ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍മാരായ റുവാന്തി ഡി ചിക്കേറ, ഡോ.ശ്രീജിത്ത് രമണന്‍,ജ്യോതിഷ് എം.ജി, അക്കാദമി നിര്‍വ്വാഹക സമിതി അംഗം ടി.ആര്‍ അജയന്‍ എന്നിവര്‍ സംസാരിച്ചു. ഫെസ്റ്റിവല്‍ പരിപ്രേക്ഷ്യം ഡോ.അഭിലാഷ് പിള്ള അവതരിപ്പിച്ചു. അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ സ്വാഗതവും അക്കാദമി നിര്‍വാഹക സമിതി അംഗം സഹീര്‍ അലി നന്ദിയും പറഞ്ഞു.

നവീകരിച്ച കെ.ടി മുഹമ്മദ് തിയേറ്റര്‍ മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്തു

തൃശൂർ: നവീകരിച്ച കെ.ടി മുഹമ്മദ് തിയേറ്ററിന്റെ ഉദ്ഘാടനം മന്ത്രി കെ.രാജന്‍ നിര്‍വഹിച്ചു. ഇറ്റ്‌ഫോക് ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ചാണ് നവീകരിച്ച കെ.ടി മുഹമ്മദ് തിയേറ്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

Tags:    
News Summary - Minister k rajan's statement's about artists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.