പന്തളം: വിവാഹത്തിനിടെ വധൂവരന്മാരുടെ ബന്ധുക്കളും നാട്ടുകാരും തമ്മിൽ വാഹന പാർക്കിങ്ങിനെച്ചൊല്ലി തർക്കവും കൂട്ടയടിയും. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
പന്തളം ജങ്ഷനിൽ ശിവ രഞ്ജിനി ഓഡിറ്റോറിയത്തിൽ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കല്യാണത്തിന് പങ്കെടുക്കാനെത്തിയ പത്തനാപുരം സ്വദേശികൾ ആക്രമണം അഴിച്ചുവിടുകയായിരുന്നു. കടക്കാട് സ്വദേശിയായ യുവതിയുമായുള്ള വിവാഹത്തിന് വരൻ കൊല്ലം ഇടമൺ പറങ്കിമാംവിള സ്വദേശി അജ്മലിനൊപ്പം പത്തനാപുരത്തുനിന്നും എത്തിയ സംഘം വാഹനം പാർക്ക് ചെയ്യുന്ന വഴിയിൽ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു.
സമീപത്തെ ഷീബ ക്ലോത്ത് സെന്ററിലെ പാർക്കിങ് ഏരിയയിൽ വിവാഹത്തിനെത്തിയവരുടെ വാഹനം കടത്തി വിട്ടില്ല. തുടർന്ന് വിവാഹത്തിനെത്തിയവർ വാഹനം വഴിയിൽ ഇടുകയായിരുന്നു. പിന്നാലെ കല്യാണ ആഡിറ്റോറിയത്തിലേക്ക് എത്തിയ പന്തളം കടക്കാട് മൻസൂർ മൻസിൽ മുഹമ്മദ് മൻസൂർ (52), ഭാര്യ റംലാബീഗം എന്നിവരെ പത്തനാപുരത്തുനിന്ന് എത്തിയ ബിൻഹാൻ, നിജാസ് എന്നിവർ ചേർന്ന് മർദിച്ചു. ഇതോടെ വധുവരന്മാരുടെ നാട്ടുകാർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
തലക്ക് പരിക്കേറ്റ മുഹമ്മദ് മൻസൂറിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മൻസൂർ മുസ്‌ലിം ലീഗിന്റെ തൊഴിലാളി സംഘടനയായ എസ്.ടി.യു ജില്ല ജനറൽ സെക്രട്ടറിയാണ്. പത്തനാപുരത്തുനിന്ന് എത്തിയ സംഘം മദ്യപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. കൂട്ടയടിയിൽ സ്ത്രീകൾക്ക് ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. സംഭവമറിഞ്ഞ് വൻ പൊലീസ് സംഘം സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.