വീണ് എല്ലുപൊട്ടിയ കുട്ടിയുടെ ​കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം; ആശുപത്രിയുടെ വീഴ്ച അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി

ത​ലശേരി: ഫുട്ബാൾ കളിക്കിടെ വീണ് എല്ലുപൊട്ടിയ കുട്ടിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തിൽ ആശുപത്രിക്ക് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. വിഷയം ഗൗരവമായാണ് സർക്കാർ കാണുന്നത്. സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയോട് വിശദീകരണം തേടിയിട്ടു​ണ്ട്. ആശുപത്രി കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും. സംഭവം ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും വീണ ജോർജ് പറഞ്ഞു.

തലശേരി ചേറ്റംകുന്ന് നാസാ ക്വാർട്ടേഴ്സിൽ അബൂബക്കർ സിദ്ദീഖിന്റെ മകൻ 17കാരനായ സുൽത്താനാണ് കൈ നഷ്ടമായത്. പാലയാട് ഗവ. ഹയർസെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയായിരുന്നു.

ഒക്ടോബർ 30 ന് വൈകുന്നേരം വീടിന് അടുത്തുള്ള ഗ്രൗണ്ടിൽ ഫുട്ബോൾ കഴിക്കുന്നതിനിടെ വീണാണ് കൈയിന്റെ എല്ല് പൊട്ടിയത്. തുടർന്ന് തലശേരി ജനറൽ ആശുപത്രിയിലെത്തിച്ചു. എന്നാൽ എല്ല് പൊട്ടിയിട്ടും ഒരാഴ്ച കഴിഞ്ഞാണ് ആശുപത്രിയിൽ നിന്ന് സർജറി നടത്താൻ പോലും തയ്യാറായതെന്ന് ബന്ധുക്കൾ ആരോപിച്ചു.

അപ്പോഴേക്കും കൈയിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നു. പിന്നീട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മികച്ച ചികിത്സ കിട്ടിയില്ല.കൈ മുഴുവനായി മുറിച്ചു മാറ്റാനാണ് മെഡിക്കൽ കോജളിൽ നിന്ന് പറഞ്ഞത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് മുട്ടിനു താഴെ വെച്ച് മുറിച്ചത്. തലശേരി ആശുപത്രിയുടെ അനാസ്ഥയാണ് കൈ മുറിച്ച് മാറ്റാന്‍ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.

എന്നാൽ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് തലശ്ശേരി ജനറൽ ആശുപത്രിയുടെ വിശദീകരണം. എല്ല് പൊട്ടി മൂന്നാമത്തെ ദിവസം കുട്ടിക്ക് രക്തയോട്ടം നിലയ്ക്കുന്ന കമ്പാർട്ട്മെന്റ് സിൻഡ്രോം എന്ന അവസ്ഥ വന്നു. പിന്നീട് സർജറി ചെയ്തെങ്കിലും നീർക്കെട്ട് മാറാനുള്ളത് കൊണ്ട് കൈ തുന്നിക്കെട്ടിയിരുന്നില്ല.

അണുബാധക്ക് സാധ്യതയുണ്ടെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു. പത്താമത്തെ ദിവസമാണ് അണുബാധ ശ്രദ്ധയിൽ പെട്ടത്. ഒപ്പം ബ്ലീഡിംഗും ഉണ്ടായി. ബ്ലീഡിംഗ് ഉണ്ടായില്ലെങ്കിൽ കൈ രക്ഷിക്കാമായിരുന്നുവെന്നാണ് ആശുപത്രിയുടെ വിശദീകരണം.

Tags:    
News Summary - will investigate the failure of the hospital - health minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.