അധ്യക്ഷനാവാൻ മത്സരിക്കും; വ്യക്തമാക്കി ശശി തരൂർ, 30ന് പത്രിക നൽകും

പാലക്കാട്: കോൺഗ്രസ് ദേശീയ അധ്യക്ഷനെ തീരുമാനിക്കാനുള്ള സംഘടനാ തെരഞ്ഞെടുപ്പിൽ ശശി തരൂർ എം.പി മത്സരിക്കും. പട്ടാമ്പിയിൽ രാഹുൽ ഗാന്ധിയെ കാണാനെത്തിയ തരൂർ ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കി. 30ന് നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും തരൂർ പറഞ്ഞു. പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രിയുടെ ഓഫിസിൽ നിന്ന് തരൂരിന്‍റെ അടുത്ത സഹായി ആലിം ജാവേരി അദ്ദേഹത്തിന് വേണ്ടി നാമനിർദേശ പത്രിക കഴിഞ്ഞ ദിവസം വാങ്ങിയിരുന്നു.

സ്ഥാനാർഥി മത്സരിക്കുമ്പോൾ എതിരാളിയായി ആര് വന്നാലും ആത്മവിശ്വാസത്തോടെ മത്സരിക്കണമെന്ന് അശോക് ഗെഹ്ലോട്ടിന്‍റെ സ്ഥാനാർഥിത്വത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി തരൂർ പറഞ്ഞു. അവർ തന്നെ തീരുമാനിക്കട്ടെ ആര് മത്സരിക്കണമെന്ന്. പല സ്ഥാനാർഥികളും ഉണ്ടാവണമെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായം. മറ്റൊരു പാർട്ടിയിലും കാണാൻ സാധിക്കാത്തതാണ് കോൺഗ്രസിനകത്തെ ജനാധിപത്യം. അതിനാൽ ഈ മത്സരത്തിൽ പങ്കെടുക്കാൻ തനിക്ക് വലിയ താൽപര്യമുണ്ട്.

വരുന്ന 30ാം തിയതി നാമനിർദേശ പത്രിക സമർപ്പിക്കാമെന്നാണ് കരുതുന്നത്. മത്സരിക്കാൻ ഗാന്ധി കുടുംബത്തിലെ മൂന്ന് പേരും തനിക്ക് പിന്തുണ നൽകിയിട്ടുണ്ട്. മാധ്യമങ്ങൾ പറയുന്ന പോലെ ഔദ്യോഗിക സ്ഥാനാർഥി ഇല്ലെന്നാണ് അവർ പറഞ്ഞത്. തന്നെ ആരൊക്കെ പിന്തുണക്കുമെന്ന് 30ന് പത്രിക സമർപ്പിച്ചതിന് ശേഷം വ്യക്തമാകുമെന്നും ശശി തരൂർ പറഞ്ഞു. 

അധ്യക്ഷ തെരഞ്ഞെടുപ്പിൽ സെപ്റ്റംബർ 30 വരെയാണ് നാമനിർദേശ പത്രികകൾ നൽകാവുന്നത്. ഒക്ടോബർ 17നാണ് തെരഞ്ഞെടുപ്പ്. 19ന് പുതിയ അധ്യക്ഷനാരെന്ന പ്രഖ്യാപനം വരും. 

9000ലേറെ വരുന്ന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പി.സി.സി) പ്രതിനിധികളിൽ ആർക്കും മത്സരിക്കാവുന്ന വിധത്തിലാണ് അധ്യക്ഷ തെരഞ്ഞെടുപ്പ്. ആർക്ക് വേണമെങ്കിലും മത്സരിക്കാമെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കിയിരുന്നു. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഒക്‌ടോബർ ഒന്നിനും പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ എട്ടുമാണ്. ഒക്‌ടോബർ എട്ടിന് വൈകീട്ട് അഞ്ചിന് അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും.  

Tags:    
News Summary - will contest for the presidency Shashi Tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.