സുരേഷ് ഗോപിയെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാക്കുമോ? കെ. സുരേന്ദ്രന്‍റെ പ്രതികരണം

തിരുവനന്തപുരം: സുരേഷ് ഗോപിയെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാക്കാന്‍ കേന്ദ്രനേതൃത്വം നീക്കം നടത്തുന്നു എന്ന വാർത്തയോട് പ്രതികരിച്ച് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.

സുരേഷ് ഗോപി അധ്യക്ഷസ്ഥാനത്തേക്ക് വരുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി പറയാൻ താനില്ലെന്നായിരുന്നു സുരേന്ദ്രന്‍റെ ആദ്യ പ്രതികരണം. താന്‍ അധ്യക്ഷപദം ഏറ്റെടുത്തകാലം മുതല്‍ മാധ്യമങ്ങള്‍ തന്നെ മാറ്റാന്‍ തുടങ്ങിയതാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.

ടി.ജെ ജോസഫുമായി കൂടിക്കാഴ്ച നടത്താന്‍ കേന്ദ്ര നേതൃത്വം സുരേഷ് ഗോപിയെ ചുമതലപ്പെടുത്തിയതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ. സുരേന്ദ്രന്‍.

സംസ്ഥാന നേതൃത്വത്തിനെതിരെ സമീപകാലത്തുയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സുരേഷ് ഗോപി‍യെ സംസ്ഥാന അധ്യക്ഷനാക്കാൻ കേന്ദ്ര നേതൃത്വത്തിന് താൽപര്യമുണ്ടെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുയര്‍ന്ന ഫണ്ടു വിവാദവും ഗ്രൂപ് പോരുമാണ് നേതൃത്വത്തെ മാറിചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചതെന്നാണ് വാർത്ത.

എന്നാൽ താൻ സംസ്ഥാന അധ്യക്ഷനാകാനില്ലെന്ന് സുരേഷ് ഗോപി ഇതോട് പ്രതികരിച്ചിരുന്നു. സിനിമാക്കാരല്ല, രാഷ്ട്രീയക്കാരാണ് പ്രസിഡന്‍റാകേണ്ടതെന്നും മോദിയോ അമിത് ഷായോ തന്നോട് പ്രസിഡന്‍റ് പദം സ്വീകരിക്കാൻ പറയില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. 

Tags:    
News Summary - Will BJP make Suresh Gopi the state president? K. Surendran's response

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.