ക്വിറ്റ് ഇന്ത്യ സമരത്തിലെ അതിക്രമങ്ങളുടെ പേരിൽ ആരെങ്കിലും ബ്രിട്ടന്‍റെ പക്ഷം ചേരുമോ.?; അധിനിവേശം തിരിച്ചടികളെ അർഹിക്കുന്നുവെന്നത് ചരിത്ര നീതി -എം. സ്വരാജ്

തിരുവനന്തപുരം: ഫലസ്തീൻ ഇസ്രയേൽ സംഘർഷത്തിന്‍റെ നാൾ വഴി തുടങ്ങുന്നത് 2023 ഒക്ടോബർ ഏഴിനാണെന്ന ചിലരുടെ ധാരണ ലജ്ജാകരമാണെന്നും അധിനിവേശം തിരിച്ചടികളെ അർഹിക്കുന്നുവെന്നത് ചരിത്ര നീതിയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.-സ്വരാജ്. ഭൂമിയും വീടും സഹോദരങ്ങളും നഷ്ടപ്പെട്ടവർ തിരിച്ചടിച്ചാൽ അത് അപരാധമായി കാണുന്നത് ഘാതകരോടൊപ്പം നിൽക്കലാണ്.

ഒക്ടോബർ ഏഴിന് മുൻപും നിത്യേനയെന്നോണം കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്ന നാടാണ് ഫലസ്തീൻ. അധിനിവേശ ശക്തികളോട് സമാധാനത്തോടെയുള്ള പ്രതിഷേധം വലയൊരളവോളം അപ്രായോഗികമാണ്. ഇന്ത്യൻ ദേശീയ പ്രസ്ഥാനം ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ നടത്തിയ ചരിത്രം പരിശോധിച്ചാലും ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍റെ കലാ സാംസ്കാരിക വിഭാഗമായ ‘രചന’ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗാന്ധിജി ആഹ്വാനം ചെയ്ത ക്വിറ്റ് ഇന്ത്യ സമരം സമാധാനപരമായി തന്നെയാണ് തുടങ്ങിയത്. പക്ഷേ സമരം അവസാനിക്കുമ്പോൾ 662 ഇടങ്ങളിൽ വൻ സംഘർഷങ്ങളും സ്ഫോടാത്മക സാഹചര്യങ്ങളുമുണ്ടായി എന്നാണ് ചരിത്രം അടിവരയിടുന്നത്. 208 പൊലീസ് സ്റ്റേഷനുകളാണ് ക്വിറ്റ് ഇന്ത്യ സമരത്തിന്‍റെ ഭാഗമായി തകർക്കപ്പെട്ടത്. 352 റെയിൽവേ സ്റ്റേഷനുകൾ തകർക്കപ്പെട്ടു. 945 പോസ്റ്റ് ഓഫീസുകൾ പൂർണമായും നശിപ്പിച്ചു. ഭാഗികമായി 12000 ഓളവും. പൊലീസ് വെടിവെയ്പിൽ 760 പേർ കൊല്ലപ്പെട്ടു. പട്ടാള നടപടികളിൽ 297 പേരും.ഇതിന്‍റെയെല്ലാം പേരിൽ ബ്രിട്ടനെ ന്യായീകരിക്കാൻ ആരെങ്കിലും തയ്യാറാകുമോ. അടിച്ചമർത്തവന്‍റെ പ്രതിഷേധമായാണ് അവയെല്ലാം വിലയിരത്തുക.

ലോകത്ത് പലഭാഗങ്ങളിലും അധിനിവേശത്തിനെതിരെ സായുധമായും അക്രമാസക്തമായും സമരങ്ങൾ നടന്നിട്ടുണ്ട്. ആ ചരിത്രം ഫലസ്തീന്‍റെ ഏത് ചെറുത്തുനിൽപ്പിനെയും സാധൂകരിക്കുന്നതാണ്. സമാധാനം എന്ന വാക്കിനോടുപോലും അസഹിഷ്ണുണുതയുള്ളയുള്ളവരാണ് സയണിസ്റ്റുകൾ. മുക്കാൽ നൂറ്റാണ്ടുകാലമായി ഒരു ഭൂപ്രദേശത്തേയും ജനതയെയും ആക്രമിക്കുന്ന അന്യായമായി പിറവികൊണ്ട ലോകത്തിലെ ഭീകര രാഷ്ട്രമാണ് ഇസ്രയേൽ.

നരസിംഹ റാവു അധികാരത്തിൽ വരുന്നത് വരെ ഇസ്രയേലിൽ ഇന്ത്യക്ക് അംബാസിഡർ ഉണ്ടായിരുന്നില്ല. ഭാഗികമായി ഇസ്രയേലുമായി നയതന്ത്രബന്ധത്തിലേക്ക് കടന്നത് നരസിംഹ റാവുവിന്‍റെ കാലത്താണ്. ഇപ്പോഴാകട്ടെ ഫലസ്തീൻ വിരുദ്ധ ചേരിയിലേക്കാണ് രാജ്യം കാലുമാറിയത്. ഒരു നൻമയോടും കൂടെ നിൽക്കാൻ സംഘ്പരിവാറിന് കഴിയില്ല എന്നതാണ് തെളിയിക്കുന്നത്. തിൻമയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നവർക്ക് കൊലയാളികൾക്ക് ഒപ്പമേ നിലയുറപ്പിക്കാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Tags:    
News Summary - Will anyone side with Britain because of the atrocities in the Quit movement?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.