ചേകാടിയിലെ കൽമതിൽ
വന്യജീവി പ്രതിരോധ സംവിധാനം കാര്യക്ഷമമല്ല; നെൽകർഷകർ പ്രതിസന്ധിയിൽ
പുൽപള്ളി: പഞ്ചായത്തിലെ പാക്കം ചെറിയമലയിൽ നെൽകൃഷി സംരക്ഷിക്കാൻ കർഷകർ പാടുപെടുന്നു. കുറുവ ദ്വീപിനോട് ചേർന്നുള്ള ഈ പ്രദേശത്ത് വന്യജീവി പ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്നാണ് നാട്ടുകാർ പറയുന്നത്. പരമ്പരാഗതമായി നെൽ കൃഷി ചെയ്തുവരുന്ന കർഷകരാണ് ഇവിടെയുള്ളത്. കൃഷിയിടങ്ങൾ ആരും തരിശിടാറുമില്ല. സമീപകാലത്താണ് വന്യജീവി ശല്യം രൂക്ഷമായത്. കൃഷിയിറക്കുന്നതുമുതൽ കാവൽ കിടന്നാണ് വിളകൾ സംരക്ഷിക്കുന്നത്.
നിലവിലുള്ള ഫെൻസിങ് പലയിടത്തും തകർന്നു. വൈകീട്ടായാൽ കൃഷിയിടത്തിലേക്കിറങ്ങുന്ന ആനകൾ നേരം വെളുക്കുംവരെ ഇവിടെ തങ്ങുകയാണ്. ഫെൻസിങ്ങുകൾ നിർമിച്ച് കർഷകരെ സഹായിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഗോത്ര വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തെ അധികൃതർ അവഗണിക്കുകയാണെന്നും പരാതിയുണ്ട്.
വന്യജീവികളിൽനിന്ന് സംരക്ഷണം തീർത്ത് കൽമതിൽ
പുൽപള്ളി: സംസ്ഥാനത്ത് ആദ്യമായി വന്യജീവി ശല്യം തടയുന്നതിന് കൽമതിൽ നിർമിച്ച പ്രദേശമാണ് ചേകാടി. രണ്ടുപതിറ്റാണ്ടുമുമ്പ് നിർമിച്ച കൽമതിലുകളാണ് ഇന്നും ചേകാടിക്കാരെ ഒരുപരിധിവരെ വന്യജീവികളിൽനിന്ന് രക്ഷിക്കുന്നത്. പ്രതിരോധ സംവിധാനങ്ങൾ മറ്റു പലതും നടപ്പാക്കിയിട്ടും ഇപ്പോഴും ഒരുകോട്ടവും തട്ടാതെ നിൽക്കുകയാണ് ഇവിടുത്തെ കരിങ്കൽ ഭിത്തികൾ.
2004 ലാണ് പുൽപള്ളി പഞ്ചായത്തിലെ ചേകാടിയിൽ വന്യജീവി ശല്യം തടയാനായി കൽമതിലുകൾ നിർമിച്ചത്. വനത്താൽ ചുറ്റപ്പെട്ട പ്രദേശമാണ് ചേകാടി. ഈ കാർഷിക ഗ്രാമത്തിലേക്ക് കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയാനാണ് ഈമാർഗം ഒരുക്കിയത്. 500 മീറ്ററോളം ദൂരത്താണ് അന്ന് കൽമതിൽ നിർമിച്ചത്. വർഷങ്ങൾ പലതു കഴിഞ്ഞിട്ടും കൽമതിലിന് യാതൊരു തകരാറും സംഭവിച്ചിട്ടില്ല. ഇത്രയധികം കെട്ടുറപ്പുള്ള മറ്റൊരു പ്രതിരോധ സംവിധാനവും ഇല്ലെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.