നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന ക​ട​മ​ക്കു​ടി വാ​ട്ട​ർ മെ​ട്രോ സ്‌​റ്റേ​ഷ​ൻ

കൊച്ചി വാട്ടര്‍ മെട്രോ; പുതിയ ടെര്‍മിനലുകളുടെ നിർമാണം അവസാനഘട്ടത്തില്‍

കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയിലെ പുതിയ ടെര്‍മിനലുകളുടെ നിര്‍മാണം അവസാനഘട്ടത്തിലേക്ക്. കടമക്കുടി, പാലിയംതുരുത്ത് ടെര്‍മിനലുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ഈ ടെര്‍മിനലുകളിലേക്കുള്ള അപ്രോച്ച് റോഡുകളുടെ നിര്‍മാണവും അവസാന ഘട്ടത്തിലാണ്. ഒരു മാസത്തിനകം പൂര്‍ത്തിയാക്കും. കെ.എം.ആര്‍.എല്‍ കൊച്ചി കോര്‍പറേറ്റ് ഓഫീസില്‍ മാനേജിങ് ഡയറക്ടര്‍ ജി.പ്രിയങ്കയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗം നിർമാണ പുരോഗതി വിലയിരുത്തി.

എറണാകുളം സുഭാഷ് പാര്‍ക്കിന് സമീപം നിര്‍മാണം ആരംഭിച്ച ടെര്‍മിനലിന്റെ പൈലിങ് ജോലികള്‍ പുരോഗമിക്കുകയാണ്. ഒക്‌ടോബറില്‍ 30 പൈലിങ് ജോലികളും അഞ്ചു പൈല്‍ ചിപ്പിംഗും പൂര്‍ത്തിയാക്കും. ഇടക്കൊച്ചി, വരാപ്പുഴ ടെര്‍മിനലുകള്‍, ഹൈകോടതി ടെര്‍മിനലിലെ ഒ.സി.സി, കെ.ഡബ്ല്യു.എം.എല്‍ ഓഫീസ് സൗകര്യങ്ങള്‍ എന്നിവയുടെ കരാറുകള്‍ ഉടന്‍ നല്‍കാന്‍ കഴിയും. കൂടാതെ ബോള്‍ഗാട്ടി, വൈറ്റില, സൗത്ത് ചിറ്റൂര്‍, കാക്കനാട്, കടമക്കുടി എന്നിവിടങ്ങളിലെ ബോട്ട് ചാര്‍ജര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ടെന്‍ഡറുകള്‍ പുറപ്പെടുവിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത 23 ബോട്ടുകളില്‍ 20 എണ്ണം ഇതിനകം ലഭിച്ചു. ശേഷിക്കുന്നവയില്‍ ഒരു ബോട്ട് വരുന്ന ഡിസംബറിലും ബാക്കി രണ്ടെണ്ണം 2028 ജൂണിലും ലഭിക്കും. 100 പേര്‍ക്ക് സഞ്ചാരിക്കാവുന്ന 15 ബോട്ടുകള്‍ക്കായി ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. കാസ്റ്റിംഗ് പൂര്‍ത്തിയായ 16 ഫ്‌ളോട്ടിംഗ് ജെട്ടികളില്‍ രണ്ടെണ്ണം സ്ഥാപിച്ചുകഴിഞ്ഞു. ബാക്കിയുള്ളവ ഡ്രെഡ്ജിംഗിന് ശേഷം 2026 ഡിസംബറിനകം പൂര്‍ണ്ണമായി സ്ഥാപിക്കും. കൊച്ചിയിലെ വിജയകരമായ മാതൃക പിന്തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങൾക്ക് കണ്‍സള്‍ട്ടന്‍സി സേവനം നല്‍കാന്‍ കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് കഴിയുന്നുണ്ട്. മെട്രോ റെയില്‍ രംഗത്ത് ഡല്‍ഹി മെട്രോ റെയില്‍ ലിമിറ്റഡ് ആണ് അവസാന വാക്ക് എങ്കില്‍, വാട്ടര്‍ മെട്രോയുടെ കാര്യത്തില്‍ അത് കൊച്ചി വാട്ടര്‍ മെട്രോയാണ്.

കഴിഞ്ഞ വര്‍ഷം മാത്രം വിവിധ കണ്‍സള്‍ട്ടന്‍സി ജോലി നിന്ന് 15 കോടി രൂപ വരുമാനം ലഭിച്ചു. മുംബൈ വാട്ടര്‍ മെട്രോയ്ക്കായുള്ള വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) സമര്‍പ്പിച്ചു. ഗോവ വാട്ടര്‍ മെട്രോയ്ക്കായുള്ള ഡി.പി.ആര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനു പുറമെ തുറമുഖ ജലഗതാഗത മന്ത്രാലയത്തിനു വേണ്ടി രാജ്യത്തെ 18 സ്ഥലങ്ങളില്‍ വാട്ടര്‍ മെട്രോയ്ക്കായി ഫീസിബിലിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കി. ഒഡീഷയിലെ ചിലിക്ക തടാകത്തിനും കൊളാബ് ഡാമിനും വേണ്ടി സാധ്യതാ പഠനം നടത്തിക്കഴിഞ്ഞു.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ഉത്തരാഖണ്ഡ് എന്നിവടങ്ങളില്‍ പഠനം നടത്തുവാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മലേഷ്യയിലെ പെനാങ്, വിയറ്റ്‌നാമിലെ മികോങ് റിവര്‍ എന്നിവടങ്ങളില്‍ പ്രീ ഫീസിബിലിറ്റി പഠനം നടത്തി. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുന്നതിന് അനുസരിച്ച് തുടര്‍ നടപടികള്‍ ഏറ്റെടുക്കും. കെ.എം.ആര്‍.എല്‍ കൊച്ചി കോര്‍പറേറ്റ് ഓഫീസില്‍ നടന്ന യോഗത്തില്‍ ഡയറക്ടര്‍മാരായ ഡോ.എം.പി.രാം നവാസ്(പ്രോജക്ടസ്), സഞ്ജയ് കുമാര്‍(സിസ്റ്റംസ്), രവീന്ദ്ര കുമാര്‍ പഠക്(ഫിനാന്‍സ്), ജനറല്‍ മാനേജര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

യാത്രക്കാരിലും വരുമാനത്തിലും വൻ കുതിപ്പ് 

  • മൂന്നര വര്‍ഷത്തിനിടെ 77.70 ലക്ഷം യാത്രക്കാര്‍

കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോ സേവനം പ്രയോജനപ്പെടുത്തിയ യാത്രക്കാരുടെ എണ്ണത്തിലും ഇതു വഴി ലഭിച്ച വരുമാനത്തിലും വൻ വർധന. സര്‍വീസ് ആരംഭിച്ച് 2026 ഒക്‌ടോബര്‍ രണ്ടു വരെയുള്ള മൂന്നര വര്‍ഷത്തിനിടെ 77,70,326 പേര്‍ യാത്ര ചെയ്തു. 2023 ഏപ്രില്‍ 26ന് സര്‍വീസ് ആരംഭിച്ച 2023-24 സാമ്പത്തിക വര്‍ഷം 18,44,375 പേരും 2024-25 സാമ്പത്തിക വര്‍ഷം 21,08,148 പേരും 2025-26 സാമ്പത്തിക വര്‍ഷം 24,64,559 പേരും 2026-27 ഈ സാമ്പത്തിക വര്‍ഷം ഒക്‌ടോബര്‍ 2 വരെ 13,53,244 പേരും വാട്ടര്‍ മെട്രോയുടെ അത്യാധുനിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി.

ഒക്‌ടോബര്‍ രണ്ടിന് മാത്രം 11,670 പേര്‍ യാത്ര ചെയ്തു. കഴിഞ്ഞ മാസം ന്യൂഡല്‍ഹില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കായി 19 ബ്രിക്‌സ് രാജ്യങ്ങളില്‍ നിന്ന് എത്തിയ വ്‌ളോഗര്‍മാരെ ഇന്ത്യയില്‍ ഏറെ ആകര്‍ഷിച്ചത് വാട്ടര്‍ മെട്രോ യാത്രയായിരുന്നു. കാക്കനാട് വാട്ടര്‍ മെട്രോ ടെര്‍മിനല്‍ നിന്ന് സെമി നെയിമിംഗ് പരസ്യത്തിലൂടെ വരുമാനം ലഭിച്ചു തുടങ്ങി. മറ്റ് ടെര്‍മിനലുകളില്‍ സെമി നെയിമിംഗ് പരസ്യത്തിലൂടെയും കൊമേഴ്‌സില്‍ സ്‌പെയ്‌സില്‍ നിന്നും വരുമാനം കണ്ടെത്തും. അതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. 2023-24 സാമ്പത്തിക വര്‍ഷം 4,13,20,240 രൂപയും 2024-25 സാമ്പത്തിക വര്‍ഷം 8,13,54,933 രൂപയും 2025-26 സാമ്പത്തിക വര്‍ഷം 10,89,86,929 രൂപയും ടിക്കറ്റ് വരുമാനത്തിലൂടെ ലഭിച്ചു.

Tags:    
News Summary - Kochi Water Metro Terminal Construction Nears Completion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.