വന്യജീവി ആക്രമണം: മന്ത്രിമാർ ആറളം ഫാം സന്ദർശിക്കും

തിരുവനന്തപുരം: ആറളം ഫാമിലെ വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന്‍റെ ഭാഗമായി പട്ടിക വിഭാഗം, വനം വകുപ്പ് മന്ത്രിമാരായ കെ. രാധാകൃഷ്ണനും എ.കെ. ശശീന്ദ്രനും ഫെബ്രുവരി ഏഴിന് ആറളം ഫാം സന്ദർശിക്കും. രാവിലെ ആറളം ഫാമിലെത്തി വന്യജീവി ആക്രമണമുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കും. തുടർന്ന് വനം - പൊതുമരാമത്ത് - പട്ടിക വർഗ വകുപ്പിലെ ഉന്നതോദ്യോഗസ്ഥരടങ്ങിയ വിദഗ്ധ സമിതി മന്ത്രിമാരുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന് പരിഹാര നടപടികൾ തീരുമാനിക്കും.

മന്ത്രിമാരായ കെ. രാധാകൃഷ്ണനും എ.കെ. ശശീന്ദ്രനും വ്യാഴാഴ്ച വിളിച്ച യോഗത്തിലാണ് സ്ഥലം സന്ദർശിച്ച് പരിഹാരമുണ്ടാക്കാൻ തീരുമാനമായത്. മതിൽ, സൗരോർജ വേലി തുടങ്ങി വിവിധ തരത്തിൽ വന്യജീവി ആക്രമണങ്ങൾ തടയുന്ന പദ്ധതികൾ യോഗം ചർച്ച ചെയ്തു. തുടർന്നാണ് സ്ഥലം സന്ദർശിച്ച് തീരുമാനമെടുക്കാൻ ധാരണയായത്.

ദീർഘകാല ശാശ്വത പരിഹാരമാണ് ഈ വിഷയത്തിലുണ്ടാകേണ്ടതെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ വ്യക്തമാക്കി. നിരവധി മനുഷ്യ ജീവനുകൾ പൊലിഞ്ഞുകഴിഞ്ഞു. മനുഷ്യ ജീവനും കൃഷിയും സംരക്ഷിക്കണമെന്നും രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.

ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ്, പട്ടിക വിഭാഗ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, പട്ടിക വർഗ വകുപ്പ് ഡയറക്ടർ ടി.വി. അനുപമ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസവും ഫാമിൽ ഒരാൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - Wildlife attack: Ministers to visit Aralam Farm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.